Advertisment

താരപ്രചാരകരില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരില്ല - അതിന് കാരണങ്ങള്‍ പലത് ? തെരഞ്ഞെടുപ്പ് പോരിനിടെ സിപിഎം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി ! 

New Update

publive-image

Advertisment

തിരുവനന്തപുരം: പടനിയിക്കുന്നത് പിണറായിതന്നെ എന്നു പറയുമ്പോഴും ഇടതുപക്ഷ ജനാധിപത്യമുന്നണി നായകരില്ലാതെ പടയെ നേരിടുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നു.

അനാരോഗ്യം മൂലം വിഎസ് അച്യുതാനന്ദനും രാഷ്ട്രീയത്തിലെ അനാരോഗ്യ കാരണങ്ങളാലാകാം മുഖ്യമന്ത്രി പിണറായി വിജയനും ഇത്തവണ പ്രചരണം നയിക്കാനില്ല.

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത കൊടിയേരി ബാലകൃഷ്ണന്‍ ഏറെ കാലങ്ങള്‍ക്കുശേഷം ആദ്യമായി ഇത്തവണ പ്രചരണ രംഗത്ത് സജീവമല്ല.

ഇതോടെ സിപിഎമ്മിലെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ള താരപ്രചാരകര്‍ സിപിഎമ്മിന്‍റെ കേരളത്തിലെ ചരിത്രത്തിലാദ്യമായി പ്രചരണ രംഗത്തില്ലാത്ത സാഹചര്യത്തിനാണ് ഇടതുമുന്നണി സാക്ഷ്യംവഹിക്കുന്നത്.

രണ്ടാം നിരയിലെ പ്രമുഖരില്‍ ചിലരും ആരോപണ വിധേയരാണ്. ഇതോടെ സിപിഎമ്മിന്‍റെ താരപ്രചാരകരുടെ എണ്ണം സെക്രട്ടറി എ വിജയരാഘവന്‍, ടി ഗോവിന്ദന്‍, പിബി അംഗം എംഎ ബേബി എന്നിവരിലേയ്ക്ക് ഒതുക്കുകയാണ്.

പിണറായി വിജയന്‍ പ്രചരണ രംഗത്തുനിന്നു മാറി നില്‍ക്കുന്നത് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്.

എന്നാല്‍ ആരോഗ്യകാരണങ്ങളാലാണ് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പിണറായി പൊതുവേദികളില്‍നിന്ന് മാറിനില്‍ക്കുന്നതെന്ന് സിപിഎം വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ ചില വസ്തുതകളുണ്ടെന്നും സത്യമാണ്.

ആരോഗ്യ പ്രശ്നങ്ങള്‍ക്ക് യുഎസില്‍ വിദഗ്ദ്ധ ചികിത്സ നടത്തി മടങ്ങിവന്നശേഷം മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്നുതന്നെയാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പക്ഷേ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആ വിശദീകരണങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിയുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎന്‍ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. സ്വപ്ന കൂടുതല്‍ ഗുരുതരമായ ചില വെളിപ്പെടുത്തലുകള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് സൂചന.

ഇഡിയുടെയും കസ്റ്റംസിന്‍റെയും കുരുക്ക് ഏത് സമയത്തും വെള്ളിടിപോലെ ഉന്നതരുടെ തലയ്ക്കുമീതെ പതിക്കുമെന്ന സാഹചര്യവുമുണ്ട്. അതിനെയൊക്കെ അതിജീവിക്കുക പ്രയാസകരം തന്നെ.

അതിനിടയിലാണ് തെരഞ്ഞെടുപ്പ് പോരിനെ നയിക്കാന്‍ പടനായകരില്ലാതെ സിപിഎം പ്രതിസന്ധിയിലാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പൊതു പരിപാടികളില്‍ സജീവമാകാനിടയില്ല.

 

 

trivandrum news
Advertisment