Advertisment

മുകേഷിനെ വിളിച്ച പത്താംക്ലാസുകാരനെ സമ്മര്‍ദ്ദത്തിലാക്കി സിപിഎം പ്രാദേശിക നേതൃത്വം ! കുട്ടിയെ രാവിലെ സിപിഎം ഓഫീസിലെത്തിച്ച് വിശദീകരണം ചോദിച്ച് നേതാക്കള്‍. കുട്ടിയെ വിളിപ്പിച്ചത് മുന്‍ എംഎല്‍എയായ പാര്‍ട്ടി നേതാവ് ! നേതാക്കള്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരെ കണ്ട കുട്ടി പറഞ്ഞത് ആറു തവണ എംഎല്‍എയെ വിളിച്ചത് തന്റെ തെറ്റെന്ന് ! എംഎല്‍എയോട് വിരോധമില്ലെന്നും വിദ്യാര്‍ത്ഥി. വിളിച്ചത് സുഹൃത്തിന് ഓണ്‍ലൈന്‍ ക്ലാസിനുവേണ്ടി ഫോണിനായി. വീട്ടുകാരുടെ വിശദീകരണം കുട്ടിപറഞ്ഞതിന് വിപരീതം. എംഎല്‍എയെ ഫോണില്‍ വിളിച്ച കുട്ടിയുടെ കാര്യത്തിലെ സിപിഎം നേതാക്കളുടെ അമിതാവേശം പുതിയ തലവേദനയാകുമോ ?

New Update

publive-image

Advertisment

പാലക്കാട്: കൊല്ലം എംഎല്‍എയും സിനിമാ നടനുമായ മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ത്ഥിയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി സിപിഎം പ്രാദേശിക നേതൃത്വം. കുട്ടിയെ ഇന്നു രാവിലെ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞതോടെ കുട്ടിയേയും പിതാവിനെയും പാറപ്പുറത്തെ സിഐടിയുവിന്റെ ഓഫീസേക്ക് വിളിച്ചു വരുത്തി.

തുടര്‍ന്ന് മുന്‍ എംഎല്‍എയും ഏരിയാ സെക്രട്ടറിയുമായിരുന്ന എം ഹംസയടക്കമുള്ളവരുമായി സംസാരിച്ച ശേഷമാണ് കുട്ടിയും പിതാവും മാധ്യമങ്ങളെ കണ്ടത്.

ഇന്നലെയാണ് കൊല്ലം എംഎല്‍എ എം മുകേഷിനെ ഫോണില്‍ വിളിച്ച കുട്ടിയെ എം എല്‍ എ ശകാരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നത്. താന്‍ യോഗത്തിലായിരിക്കെ ആറു തവണ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് നമ്പര്‍ നല്‍കിയ സുഹൃത്തിന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമെന്നും മുകേഷ് പറഞ്ഞിരുന്നു.

തുടര്‍ന്ന് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥിയെ പറ്റി മാധ്യമങ്ങള്‍ അന്വേഷിച്ചത്. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ സിപിഎം അനുഭാവിയുടെ മകനാണ് എംഎല്‍എയെ വിളിച്ച പത്താംക്ലാസുകാരനെന്ന് വിവരം പുറത്തുവന്നതോടെയാണ് പാര്‍ട്ടി അടിയന്തരമായി ഇടപെട്ടത്.

കുട്ടി ബാലസംഘം നേതാവാണെന്നും പിതാവ് സിഐടിയു നേതാവാണെന്നും പറഞ്ഞായിരുന്നു പാര്‍ട്ടി ഇടപെടല്‍. തുടര്‍ന്ന് മണിക്കൂറുകളോളം കുട്ടിയുമായി സിപിഎം നേതാക്കള്‍ സംസാരിച്ചു. കുട്ടിയെ ആദ്യം സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ വീട്ടിലും പിന്നീട് പാറപ്പുറം ലോക്കല്‍കമ്മറ്റി ഓഫീസിലും തുടര്‍ന്ന് സിഐടിയു പ്രാദേശിക ഓഫീസിലും എത്തിച്ചു.

അഭിഭാഷകരുമായും പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് സിപിഎം നേതാക്കള്‍ക്കൊപ്പം കുട്ടി മാധ്യമങ്ങളെ കണ്ടത്. തന്റെ സുഹൃത്തിന് ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഫോണ്‍ ലഭിക്കാനാണ് മുകേഷിനെ വിളിച്ചതെന്നാണ് കുട്ടി പറയുന്നത്. ഫോണ്‍ റെക്കോര്‍ഡ് ചെയ്തത് താന്‍ തന്നെ ആണെന്നും വിദ്യാര്‍ത്ഥി വിശദീകരിച്ചു.

എംഎല്‍എയെ ആറു തവണ താന്‍ വിളിച്ചെന്നും പിന്നീട് അദ്ദേഹം തിരിച്ചു വിളിക്കുകയായിരുന്നുവെന്നും കുട്ടി പറയുന്നു . താന്‍ ആറു തവണ വിളിച്ചത് തെറ്റായിപ്പോയി എന്നും ഈ പത്താംക്ലാസുകാരന്‍ പറയുന്നു. എംഎല്‍എയ്ക്ക് എതിരെ തനിക്ക് പരാതിയില്ലെന്നും കുട്ടി പറയുന്നു. എംഎല്‍എയുടെ ഗൂഢാലോചന സിപിഎം പ്രാദേശിക നേതൃത്വം തള്ളിക്കളയുന്നുണ്ട്.

എന്തായാലും വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ സിപിഎം നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ വലിയ വിവാദത്തിലായിട്ടുണ്ട്. ഇന്നലെ വരെ സാമൂഹ്യമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നായിരുന്നു സിപിഎം വാദം. മുകേഷും ഇതുതന്നെയാണ് പറഞ്ഞിരുന്നത്.

കുട്ടിയുടെ വിശദീകരണത്തോടെ ഗൂഢാലോചന സിദ്ധാന്തം പൂര്‍ണമായും പൊളിയുകയാണ്. അതേസമയംതന്നെ ഒരു സാമൂഹിക ഇടപെടല്‍ നടത്താന്‍ ശ്രമിച്ച ഒരു പത്താംക്ലാസുകാരനെ നിരുത്സാഹപ്പെടുത്തി എന്ന പഴി എംഎല്‍എ കേള്‍ക്കേണ്ടി വരും. കാര്യമെന്തെന്ന് പോലും അന്വേഷിക്കാതെ എംഎല്‍എ കുട്ടിയെ ശകാരിച്ചതില്‍ ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം തുടരുന്നുണ്ട്.

actor mukesh
Advertisment