ജയരാജന്‍ ഇനി മൂന്നാമന്‍ : സിപിഎമ്മില്‍ ഇ പി ഇനി പുതിയ അധികാരകേന്ദ്രമാകും !

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, September 2, 2018

കണ്ണൂര്‍ : പാര്‍ട്ടിയില്‍ മൂന്നാമാനാര് എന്ന തര്‍ക്കമായിരുന്നു സിപിഎമ്മിനെ കുറേക്കാലമായി വേട്ടയാടിയിരുന്നത്. ഒരിടവേളയില്‍ മന്ത്രി ഇ പി ജയരാജന് രാജിവച്ചു മാറി നില്‍ക്കേണ്ടിവന്നതിനു പിന്നിലും ഈ തര്‍ക്കത്തിന്‍റെ പിന്നാമ്പുറങ്ങള്‍ ഉണ്ടായിരുന്നു. രാജിയ്ക്ക് ശേഷം ഇപിയുടെ മടങ്ങിവരവ് ഉണ്ടാകില്ലെന്ന് വിധിയെഴുതയവര്‍ ഏറെയായിരുന്നു. അതാഗ്രഹിച്ചവര്‍ പാര്‍ട്ടിയില്‍ തന്നെയും ഉണ്ടായിരുന്നു.

അവര്‍ക്കൊക്കെയുള്ള മറുപടിയാണ് നിലവില്‍ മുഖ്യമന്ത്രിയുടെ ഭാഗിക ചുമതലക്കാരനായി മന്ത്രി ഇ പി ജയരാജന്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. ഒപ്പം സിപിഎമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ മൂന്നാമത്തെ ആള്‍ എന്ന സ്ഥാനവും ജയരാജന്‍ സ്വന്തമാക്കി . എം എ ബേബിയും തോമസ്‌ ഐസക്കും പോലുള്ളവര്‍ പാര്‍ട്ടിയില്‍ വേറെ ഉണ്ടെങ്കിലും അവരെ കടത്തിവെട്ടിയാണ് പകരക്കാരന്റെ റോളിലേയ്ക്ക് ഇപ്പോള്‍ ഇപി എത്തിയിരിക്കുന്നത് .

മുന്‍പ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആ റോള്‍ കോടിയേരിക്കായിരുന്നു, മൂന്നാമനും പകരക്കാരനും. ഇപ്പോള്‍ അത് ഇപ്പോള്‍ ഇപി ജയരാജനിലേയ്ക്ക് എത്തിയിരിക്കുകയാണ്. അതിനിടയില്‍ തടസമായി ഉണ്ടായിരുന്ന ആള്‍ എം എ ബേബിയായിരുന്നു. പക്ഷേ മലബാര്‍ ലോബിയെ കടത്തിവെട്ടി പിടിച്ചു നില്‍ക്കാനുള്ള കെല്പ് കേരളത്തിലെ പാര്‍ട്ടിയില്‍ ബേബിയ്ക്കില്ല .

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്ഥിരീകരിച്ചു കഴിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയും കോടിയേരിയും ആദ്യം തീരുമാനിച്ചത് ജയരാജനെ തിരികെ കൊണ്ടുവരാനായിരുന്നു . അതിനു കോടിയേരിയുടെ സമ്മതം നേടാനും പിണറായിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല . കോടിയേരിയും ജയരാജനും തമ്മില്‍ ഇടയ്ക്ക് അത്ര സൗഹൃദം അല്ലായിരുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിണറായിയുടെ നിലപാടിന് മുന്‍പില്‍ കോടിയേരിക്ക് മറിച്ചൊരു അഭിപ്രായം ഉണ്ടാകുന്നത് പതിവില്ല.

അതിനാല്‍ പാര്‍ട്ടിയുടെ പൂര്‍ണ തൃപ്തിയോടെ തന്നെയാണ് ജയരാജന്‍റെ പുതിയ സ്ഥാനക്കയറ്റം. സര്‍ക്കാര്‍ കാര്യങ്ങള്‍ തന്ത്രപരമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ജയരാജനുള്ള മിടുക്ക് പിണറായിക്കും കൊടിയേരിക്കും അറിയാം . ജയരാജന്‍ മാറി നിന്ന കാലയളവില്‍ ആ കുറവ് ഏറ്റവും അനുഭവിച്ചതും പിണറായിയാണ്. അതിനാലാണ് ജയരാജനെ മടക്കി വിളിച്ചുകൊണ്ടുവന്ന്‍ ചുമതലയേല്‍പ്പിച്ചു പിണറായി വിദേശത്തേയ്ക്ക് പോയത്. ജയരാജന്‍റെ പ്രസക്തിയാണ് ഇത് വ്യക്തമാക്കുന്നത്. ഇതോടെ ഇ പി ജയരാജനും സിപിഎമ്മില്‍ പുതിയ അധികാരകേന്ദ്രമായി മാറുകയാണ്.

മന്ത്രിയായി വീണ്ടും ചുമതലയേറ്റ ശേഷവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എല്ലാ സുപ്രധാന നടപടികള്‍ക്കും ജയരാജന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്ക് കൈമാറാന്‍ പ്രമുഖര്‍ എത്തുമ്പോള്‍ പോലും ജയരാജനെ മുഖ്യമന്ത്രി ഒപ്പം കൂട്ടിയിരുന്നു. അതേസമയം മലബാര്‍ ലോബിയെ ഒന്നാകെ കൂടെ നിര്‍ത്താന്‍ ഇനി ഇപി ജയരാജന് ശ്രമിക്കേണ്ടിവരും. മലബാര്‍ ലോബിയിലെ ഗ്രൂപ്പിസത്തില്‍ നിന്നും ജയരാജന്‍ വിട്ടു നില്‍ക്കാനാണ് സാധ്യത.

×