Advertisment

മാണിയ്ക്ക് റെഡ് സല്യൂട്ട് : മുന്നണി വിപുലീകരണം അനിവാര്യമെന്ന് വ്യക്തമാക്കി സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ വഷളാക്കുന്നു

New Update

publive-image

Advertisment

തൃശൂര്‍: മുന്നണി വിപുലീകരണം അനിവാര്യമാണെന്ന വസ്തുത അക്കമിട്ട് നിരത്തി തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐയുടെ എതിര്‍പ്പ് പരിഗണിക്കാതെ കെ.എം മാണിയെ മുന്നണിയില്‍ എടുത്തേക്കുമെന്ന സൂചന നല്‍കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചതായാണ് സൂചന .

അതേസമയം മുന്നണി വിപുലീകരണം സംബന്ധിച്ച് ഇടതുമുന്നണിയിലെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്നും സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.എം മാണി ഇടതു പാളയത്തിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് മുന്നണി വിപുലീകരണം സംബന്ധിച്ച് സി.പി.എം ഔദ്യോഗിക നിലപാട് പുറത്തുവരുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുന്നണി വിപുലീകരണം ഉള്‍പ്പെട്ടതോടെ മാണിയുടെ കാര്യത്തിലെ സിപിഎം നിലപാട് പുറത്തുവന്നിരിക്കുകയാണ്.

അതേസമയം റിപ്പോര്‍ട്ടില്‍ സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സിപിഐയുടെ നിലപാടുകള്‍ സര്‍ക്കാരിലും മുന്നണിയിലും ഭിന്നത ഉണ്ടെന്ന തോന്നല്‍ ഉളവാക്കുന്നുവെന്നാണു വിമർശനം. കാനം രാജേന്ദ്രന്‍ സിപിഐ നേതൃത്വത്തിലേക്കു വന്ന ശേഷമാണു സ്ഥിതി വഷളായതെന്ന പരോക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

publive-image

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നിലപാട് കാര്യങ്ങള്‍ വഷളാക്കി. മുന്നണിക്ക് അകത്തുനിന്നു ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണു സിപിഐയുടെ ഭാഗത്തുനിന്നുണ്ടായത്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൊലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പൊലീസിൽ വിവിധ രാഷ്ട്രീയമുള്ളവരുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കണമെന്നും വിമർശനമുണ്ട്.

സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം അവലോകനം ചെയ്യുന്ന റിപ്പോർട്ട് പാര്‍ട്ടി അധികാര കേന്ദ്രമാകരുതെന്നും ഓർമ്മിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രി വരെയുള്ളവർ പാർട്ടിയുടെ ഭാഗമായതിനാൽ പലവിധത്തിലുമുള്ള ആവശ്യങ്ങളുയരും.

അഴിമതി അടക്കമുള്ള കാര്യങ്ങളിൽ പാർട്ടി ജാഗരൂകമാകണമെന്നും നിർദ്ദേശമുണ്ട്. ഇടതു സർക്കാരിന്റെ പൊലീസിൽ അവിശ്വാസം പ്രകടിപ്പിക്കുന്നതും പ്രവർത്തകർക്ക് പരാതിയുണ്ടെന്നും വ്യക്തമാക്കുന്നതാണ് സമ്മേളന റിപ്പോർട്ട്.

പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടു. ഭരണം മാറിയതുകൊണ്ട് ഭരണകൂടം മാറുന്നില്ല. പ്രാദേശികമായ പല പ്രശ്നങ്ങളിലും നോട്ടക്കുറവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു

km mani kmmani cpi -cpm
Advertisment