Advertisment

തോമസുമാരും ചാക്കോമാരും അറിയണം; ഒരുപാട് മഹേഷുമാരുടെ കഥ ! അധികാരമില്ലാതെ വരുമ്പോള്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിമുഴക്കുന്ന നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വന്തം സീറ്റ് ലക്ഷ്യമിടുന്ന അധികാരകൊതിയന്‍മാരെന്ന് മുതര്‍ന്ന നേതാക്കളെ യുവാക്കള്‍ വിശേഷിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ അവസ്ഥ കണ്ടിട്ട് തന്നെ ! പാര്‍ട്ടിവിടുമെന്ന് ഭീഷണിപ്പെടുത്തിയ നേതാക്കള്‍ക്ക് പദവികള്‍ താലത്തില്‍ കൊണ്ടുക്കൊടുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം...

New Update

publive-image

Advertisment

കൊച്ചി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അസ്വസ്ഥരാകുന്ന പല കോണ്‍ഗ്രസ് നേതാക്കളെയും കാണാം. ഇവരില്‍ പലരും പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പേരില്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ഇടം പിടിച്ചവരോ, കറങ്ങി നടന്നവരോ ആണ്.

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും തങ്ങള്‍ക്ക് സീറ്റ് കിട്ടണം. കിട്ടുന്ന സീറ്റ് തന്നെ പാര്‍ട്ടിക്ക് ഏറ്റവും എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്നതാകണം എന്നൊക്കെയുള്ള ഡിമാന്‍ഡ് വയ്ക്കുന്നവരാണ്. ഇവരൊക്കെ കണ്ടുപഠിക്കേണ്ടതാണ് ഇപ്പോഴത്തെ യുവനേതാക്കളെ.

കഴിഞ്ഞ തവണ കരുനാഗപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് ചെറിയ വോട്ടിന് തോറ്റുപോയ സിആര്‍ മഹേഷാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സിആര്‍ മഹേഷിന്റെ കുടുംബ വീട് ജപ്തിഭീഷണിയിലാണ് എന്നു കേള്‍ക്കുമ്പോഴാണ് അധികാരത്തിന്റെ അപ്പക്കക്ഷണങ്ങളില്‍ കടിച്ചു തൂങ്ങാന്‍ ഈ വാര്‍ധക്യത്തിലും ശ്രമിക്കുന്ന നേതാക്കളോട് ആര്‍ക്കും വിരോധം തോന്നിപ്പോകുന്നത്.

സിആര്‍ മഹേഷ് ഒരു പൊതുപ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ യൂത്ത്‌കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് പദവിയിലിരുന്ന ആള്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ അദ്ദേഹത്തിന് പാര്‍ട്ടി പ്രാധാന്യം കൊടുത്തോ എന്നതും സംശയമാണ്.

യുവജനക്ഷേമ ബോര്‍ഡും യുവജന കമ്മീഷനുമൊക്കെ ഗ്രൂപ്പിന്റെ പേരില്‍ വീതം വച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ അതിനര്‍ഹരായ നേതാക്കളെ പാര്‍ട്ടി മറന്നു. ഫലമോ, പല അനര്‍ഹരും അവിടെ ഇരുന്നു. എന്നാല്‍ ഇതിനൊന്നും ഒരു പരാതി പറയാതെ ഒരുപാടു മഹേഷുമാര്‍ ഈ പാര്‍ട്ടിയില്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം ഈ നേതാക്കള്‍ മറക്കരുത്.

തനിക്ക് സീറ്റോ, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് പദവിയോ തന്നില്ലെങ്കില്‍ അടുത്ത പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണിപ്പെടുത്തുന്ന നേതാവ്, തനിക്കല്ലെങ്കില്‍ തന്റെ മകള്‍ക്ക്, അതുമല്ലെങ്കില്‍ തന്റെ വാല്യക്കാരന്… കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ഈ ഭാവം മാറിയില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് അപകടത്തിലാകും.

ന്യായ് പദ്ധതിയെപ്പറ്റി പറയുന്നവര്‍ മഹേഷിനെപോലുള്ളവരുടെ കാര്യത്തില്‍ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞു കണ്ടില്ല. സത്യസന്ധരായ യുവാക്കളായ നേതാക്കളാണ് ഇന്ന് ആവശ്യം. പാര്‍ട്ടി തന്നെ മുന്‍കൈയ്യെടുത്ത് മഹേഷിന്റെ ഈ പ്രശ്‌നം പരിഹരിക്കണം.

ഇന്നും പഞ്ചായത്ത് അംഗം പോലുമാകാത്ത ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്. അവരെ കാണാതെ തോമസുമാരുടെയും ചാക്കോമാരുടെയും മാത്രം പ്രശ്‌നം പരിഹരിച്ചാല്‍ പാര്‍ട്ടിയുണ്ടാവില്ല. അധികാരമില്ലാതെ വരുന്നതോടെ ഈ നേതാക്കള്‍ അടുത്ത പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് ഇനി ഉറപ്പുണ്ടോ ?

 

 

kochi news cr mahesh
Advertisment