Advertisment

ലിംഗനീതിയില്‍ ഇന്ത്യക്കാര്‍ മണ്ണിരകളേക്കാള്‍ മോശമെന്ന് കല്‍ക്കി സുബ്രഹ്മണ്യം

author-image
admin
New Update

കൊച്ചി:  സ്ത്രീപുരുഷ സമത്വമല്ല സര്‍വലിംഗ സമത്വമാണ് വേണ്ടെതെന്ന് ആഞ്ഞടിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രശസ്ത ഭിന്നലിംഗ എഴുത്താള്‍ കല്‍ക്കി സുബ്രഹ്മണ്യം കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ പ്രബുദ്ധ മലയാളിയെ ഞെട്ടിച്ചു. ഭിന്നലിംഗക്കാരോടുള്ള നീതിയില്‍ കേരളം തമിഴ്‌നാടിന്റെ ബഹുദൂരം പിന്നിലാണെന്നും കല്‍ക്കി പറഞ്ഞു. പെരിയാര്‍ ഇ. വി രാമസ്വാമി നായ്ക്കരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിശ്രമങ്ങളാണ് തമിഴ്‌നാടിനെ ഇക്കാര്യത്തില്‍ തുണച്ചത്.

Advertisment

2008-ല്‍ ആദ്യമായി കേരളത്തില്‍ വരുമ്പോള്‍ ദയനീയമായിരുന്നു ഇവിടുത്തെ സ്ഥിതി. ശീതള്‍ ശ്യാമിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളാല്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പോലീസിന്റെ വരെ അക്രമണം നേരിടുന്ന വിധം ഇവിടുത്തെ അവസ്ഥ മോശമാണ്.

publive-image

ഭിന്നലിംഗക്കാരില്‍ പാട്ടു പാടാനും കവിത എഴുതാനും എന്തുതരം ഉയര്‍ന്ന ജോലികളെടുക്കാനുമൊക്കെ കഴിവുള്ളവരുണ്ട്. പക്ഷേ ആര്‍ക്കും ഉയര്‍ന്നു വരാനാവുന്നില്ല. അവരെ സ്‌കൂളുകളിലും കോളേജുകളിലും പോലും പ്രവേശിപ്പിക്കാത്ത അവസ്ഥയുണ്ട്. അവരും പ്രകൃതിയുടെ സന്തതികളാണ്. പ്രകൃതി എല്ലാവരേയും തുല്യമായി കാണുന്നു. എന്നിട്ടും എന്താണ് ഭിന്നലിംഗക്കാരായ എന്‍ജിനീയര്‍മാരേയും ഡോക്ടര്‍മാരേയും രാഷ്ട്രീയക്കാരെയുമൊന്നും കാണാത്തത്/

നമ്മുടെ പുരാണങ്ങൡലും പൗരാണിക വാസ്തുശില്‍പ്പങ്ങളിലുമെല്ലാം ഭിന്നലിംഗക്കാര്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. ജന്തുലോകത്തിലുമുണ്ട് ദ്വിലിംഗ ജീവികള്‍. ചില മണ്ണിരകള്‍ ദ്വിലിംഗ ജീവികളാണ്. അവര്‍ക്കുള്ള പോലും നീതിബോധം ഇല്ലാത്തവരാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍.

മിമിക്രിയിലും സിനിമയിലുമെല്ലാം ഭിന്നലിംഗക്കാരെ പരിഹസിക്കാന്‍ ഇപ്പോഴും മലയാളികള്‍ മിടുക്കു കാട്ടുന്നു. ഇതാണ് പൊതുജീവിതത്തിലും പ്രതിഫലിക്കുന്നത്. സ്‌ത്രൈണതയുള്ള എത്ര ആണ്‍കുട്ടികള്‍ ജനിക്കുന്നു? ഇത്തരക്കാരെയെല്ലാം ചെറുപ്പം മുതലേ മോശമായി പരിഗണിക്കുന്നു. സ്‌കുളുകളില്‍ ഇവര്‍ പരിഹാസപാത്രമാകുന്നു.

അച്ഛനമ്മമാരാല്‍പ്പോലും തിരസ്‌ക്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാര്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും ജോലി ചെയ്യാനും എങ്ങനെ സാധിക്കും? നിലനില്‍ക്കാന്‍ വേണ്ടിയായിപ്പോകുന്നു അവരുടെ പരിശ്രമങ്ങളെല്ലാം. അങ്ങനെയാണ് അവര്‍ രാജ്യമെമ്പാടും ഭിക്ഷാടനത്തിലേയ്ക്കും ലൈംഗികതൊഴിലിലേയ്ക്കും തിരിയേണ്ടി വരുന്നതെന്നും കല്‍ക്കി ചൂണ്ടിക്കാണിച്ചു.

Advertisment