follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

മോഹിനിയും ബാലചന്ദ്രനും (അഞ്ചാം ഭാഗം)

കൊട്ടാരക്കര ഷാ » Posted : 11/02/2017ഇത് ഞങ്ങളുടെ മാത്രം ലോകമാണ്.. എനിക്കും മോഹിനിക്കും മാത്രം മനസ്സിലാവുന്ന ഭാഷ...

അതിരാവിലെ തന്നെ ഉണരുന്ന ബാലചന്ദ്രന് ഇന്നൊരു വിരഹഗാനം എഴുതാനുള്ളത്.. ACV പ്രൊഡക്ഷൻസ് വിനോദിന്റെ ബ്രഹ്മാണ്ഡ പ്രണയകാവ്യം തന്നെ.. ഈണമൊന്നും തന്നിട്ടില്ല, സംവിധായകൻ വിജയ് വാസുദേവിന്റെ നിർദ്ദേശമാണ്.. വരികൾ വിരഹാർദ്രമാവണം ഈണം പിന്നീട് നൽകാമെന്ന്.

അപ്പോഴാണു ബാലചന്ദ്രനെ ഞെട്ടിച്ച സംബോധനയുമായി മോഹിനിയുടെ ആ സന്ദേശമെത്തുന്നത്‌,
അന്ന് ആയിരുന്നു ബാലചന്ദ്രൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചതും......

"എടാ.... പട്ടീ.... അവൻ വന്നു... അവൻ വന്നൂന്ന്...

എന്റെ അക്ഷര നക്ഷത്രമേ..,

ഞാൻ എന്നിൽ നിന്റെ ജീവാംശത്തിൻ തുടിപ്പറിഞ്ഞു തുടങ്ങിയിരിക്കുന്നു. എന്റെയാകാശത്തിലിപ്പോൾ വർണ്ണ മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നു. മാലാഖമാർ എന്റെ മേൽ പൂമഴ ചൊരിയുന്നു. വൃശ്ചിക മഞ്ഞ് എന്നെ കുളിരിൽ മൂടുന്നു. എന്റെ മനസ്സിൻ മായിക പ്രഭയാം നീ എന്മിഴിച്ചെരാതിൽ ഒരു ഒരു കാർത്തിക ദീപമായ് അരികെ ഉണ്ടായിരുന്നെങ്കിൽ.....

പിന്നീടെഴുതിയ വരികൾ അവന്റെ കണ്ണുകൾ നിറച്ചു...

""ഇരു മിഴികളെത്രയകലെയായാലും മനസ്സു കൊണ്ട് പരസ്പരം അരികത്തിരിക്കുന്നവരാണ് നാം. എന്റെ പതർച്ചകളും ഇടർച്ചകളും തിരിച്ചറിയാൻ നിന്നോളം കഴിവുള്ള മറ്റൊരാളെ പരിചയിച്ചിട്ടില്ല ഞാനിതുവരെ...""

മോഹിനി എന്നാണ് ഇങ്ങനെയൊക്കെ എഴുതി തുടങ്ങിയത്..!

ഒരുപാട് വൈകാരികതകൾക്കൊപ്പം സങ്കീർണ്ണതയിൽ ആയതു പോലെ.. വൈകാരികതയിൽ ഞാനും ഒട്ടും മോശമല്ലല്ലോ...

അമ്മയാവാൻ പോകുന്നു എന്ന തിരിച്ചറിവ് ചിന്തകൾക്ക് പുതിയ മാനം നൽകി തുടങ്ങിയോ..!

ഇന്നലെ ഇങ്ങനെ ആയിരുന്നില്ല എന്തായാലും... ഒരുപാട് സന്തോഷ നിർവൃതിയോടെ അവൻ കിടക്കയിലേക്ക് ചാഞ്ഞു..

മോഹിനി അതീവ സന്തോഷത്തിലാണ്, എടുത്തു വച്ച ഭക്ഷണം കഴിക്കാൻ മൂന്നു വട്ടം വിളിച്ച് അമ്മ വശം കെട്ടു.
അവളൊരു സ്വപ്ന ലോകത്തായി അല്പ നേരം....

അവൾ ഓർത്തു...

നമ്മുടെ സ്നേഹക്കൊട്ടാരത്തിന്റെ അന്തപ്പുരത്തിൽ മേഘക്കിടക്കയായ് എന്റെ ബാലുവേട്ടന്റെ മടിത്തട്ടിൽ തലചായ്ച്ച് ആ മുഖം നോക്കി കിടക്കവെ, പാടിയൊരീണങ്ങളൊക്കെയും താരാട്ടു പാട്ടായെൻ നിദ്രാ ദലങ്ങളെ പുൽകിയിരുന്നു. അഴകോലുമാ വിരൽ നെറ്റിയിൽ തഴുകുമ്പോഴൊക്കെയും എന്നിൽ ആനന്ദ നിർവൃതി വിടർന്നിരുന്നു. മനസ്സിന്റെ ആകാശച്ചെരുവിലെ മാമയിൽ പീലികളായിരം നീർത്തി ചിരിച്ചു നിന്നിരുന്നു.

കനിവോലുമീശ്വരൻ ശാന്തമാം നിലാവലക്കൈകളാൽ നിർമ്മിച്ച ചാരു ചിത്രം..! അതാണ് എന്റെ ബാലുവേട്ടൻ.

ഇവൾ എന്തൊക്കെയാണീ എഴുതിക്കൂട്ടുന്നത്‌..! പുഞ്ചിരിയോടെ ഓരോ വരികളും കാണുന്നതിലും സന്തോഷത്തിലായിരുന്നു ബാലചന്ദ്രനും....

എന്റെ പ്രാണേശ്വരനായ് നീ അരികത്തിരിക്കുമ്പോഴൊക്കെയും അറിയാതെ അതിൽ വീണലിയുന്നു ഞാൻ. എപ്പോഴും നിന്റെ മിഴികൾ തുറന്നു പിടിച്ച് നിന്റെ കൃഷ്ണമണിയിൽ ചുംബിച്ചു കൊണ്ടേയിരിക്കണമെനിക്ക്. അതിൽ നിന്റെ പുളകങ്ങളൊക്കെയും നാവിനാൽ വീണ്ടും വീണ്ടും ഒപ്പിയെടുക്കണം.

ആകാശമാണ് പ്രണയം. എന്റെ അക്ഷര നക്ഷത്രമേ.. നക്ഷത്രം തിളങ്ങുന്ന, മേഘങ്ങൾ പറന്നു നടക്കുന്ന, മാമയിൽപ്പീലി നീർത്തുന്ന സൂര്യ ചന്ദ്രന്മാരില്ലാത്ത ഉത്ക്കകളും ശനി ഗ്രഹങ്ങളും, ഒരു ദുർദേവതകളും തൊടാത്ത, എപ്പോഴും കവിതകൾ തൻ ഈണം മുഴങ്ങുന്ന, മീട്ടുന്ന തന്ത്രികളൊക്കെയും പ്രകാശം പൊഴിക്കുന്ന നമ്മുടെ വയലിൻ കൂടാരത്തിന്റെ മേൽക്കൂരയായ ആകാശമാണീ അനശ്വര പ്രണയം...

ഒടുവിൽ അൽപം വൈകിയാണെങ്കിലും നാം ആഗ്രഹിച്ചതു പോലെ അവനും വന്നു കഴിഞ്ഞു.

കോഴിക്കുഞ്ഞുങ്ങളുമായ് കലപില പറയുന്ന പ്രിയ മോളുടെ ഒച്ച മോഹിനിയെ ആ സ്വപ്നത്തിൽ നിന്നുണർത്തി.

തുറന്നിട്ട ജനാലയിലൂടെ കുറച്ച് അകലെയായ് ഒരു വീട്ടു മുറ്റത്ത് ചാമ്പയ്ക്കാ പഴുത്തു നിൽക്കുന്നത് മോഹിനി നോക്കി നിന്നു.

അല്ലാ, പകലിലും പാല പൂക്കുമോ... പാലപ്പൂക്കളുടെ സുഗന്ധം അവളെ വല്ലാതെ ഉന്മാദത്തിലേക്ക് നയിച്ചു.

വെയിൽ മണ്ണിന്റെ മാറിൽ നിന്നു വേർപെടാതെ പുണർന്നു കിടക്കുന്നു, ബാലുവേട്ടനെപ്പോലെ കൊതിയനാണെന്നു തോന്നുന്നു ഈ വെയിലും. എത്ര തള്ളി മാറ്റിയാലും അഗാധമായ് വലിച്ചടുപ്പിക്കുന്ന ആ കൈകൾ... എന്റെ മേനി വല്ലാതെ കൊതിക്കുന്നു ആ സ്പർശനങ്ങൾ, ചുണ്ടോടു ചുണ്ടു ചേർത്തുള്ള ചുംബനങ്ങൾ... ചെറുതല്ലാത്ത നൊമ്പരങ്ങൾ ഉണ്ടെങ്കിലും ഞാൻ അറിയുന്നു, എപ്പോഴും അനുഭവിക്കുന്നു. എറ്റേർണൽ ലവ്‌ ആണ് ഇന്ന് ബാലുവേട്ടന്റെ ഗന്ധമറിയിക്കുന്നതും എന്നെ ഉണർത്തുന്നതും...

അന്നു രാവു വൈകുവോളവും സ്വപ്ന സാഫല്ല്യത്തിന്റെ നിറവിലായിരുന്നു മോഹിനി, ഇടയ്ക്കെപ്പഴോ എന്തോ കഴിച്ചൂന്നു വരുത്തി സ്വപ്നലോകത്തിൽ മയങ്ങി.
മഞ്ഞാണ് പെയ്യുന്നതത്രെ, അല്ല, നറു വെണ്ണയാണ് പൊഴിയുന്നതെന്ന് ഞാനും. ആകാശമെന്തോ പിണങ്ങിപ്പിരിഞ്ഞു പോയി.

ആകാശം ഇപ്പോഴും പ്രവാസത്തിലാണ്. ഈ നീലക്കായലലകൾ പോലുമെന്നെ പാടിയോർമ്മിപ്പിക്കുന്നു, അനന്തമായൊരു പ്രണയക്കായലിൽ മുങ്ങി നിവരുകയാണ് ഞാനിപ്പോൾ ഈ കുഞ്ഞു സൂര്യനൊപ്പം, സ്വപ്നങ്ങളുടെ ചിറകേറി ഞാൻ എണ്ണിയാലൊടുങ്ങാത്ത ചുംബന നക്ഷത്രങ്ങളുമായ് നിന്നിലേക്ക് ചേരുന്നു.

(തുടരും)

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+