follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

ഭാഗ്യം വിൽക്കുന്ന നിർഭാഗ്യജൻമം ...

വിനോദ് നെല്ലയ്ക്കൽ » Posted : 12/06/2017

കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ടൗണിൽ നിന്ന് വളരെ യാദൃശ്ചികമായാണ് അയാളെ കണ്ടുമുട്ടിയത്. ഇരുനിറത്തിൽ മെലിഞ്ഞ് ഉയരമുള്ള 50-52 വയസ് പ്രായം വരുന്ന ഒരു ലോട്ടറി കച്ചവടക്കാരൻ.പിറ്റേ ദിവസം നറുക്കെടുക്കുന്ന ഏതോ ഒരു ലോട്ടറിയുമായി അയാൾ എന്റെയടുത്തും എത്തി. ലോട്ടറിയെടുക്കുന്ന ശീലമില്ലാതിരുന്നതിനാൽ അയാളെ നിരാശനാക്കേണ്ടി വന്നു. എന്നാൽ, ഏതാനും മിനുട്ടുകൾക്കുള്ളിൽ അയാൾ ചുറ്റിത്തിരിഞ്ഞ് വീണ്ടും എന്റെയടുത്ത് തന്നെ വന്ന് നിന്നപ്പോൾ ലോട്ടറി കച്ചവടം സംബന്ധിച്ച ചില സംശയങ്ങൾ തീർക്കാമെന്നു കരുതി.

"അടിക്കുന്ന ലോട്ടറികൾക്ക് എത്ര ശതമാനം കമ്മീഷൻ നിങ്ങൾക്ക് കിട്ടും? ഞാൻ തിരക്കി.
"11 ശതമാനം. 10000 രൂപ അടിച്ചാൽ 1100 രൂപ കിട്ടും."
"കൂടുതൽ അടിച്ചാലും ഇതേ ശതമാനം തന്നെ?"
അതെയെന്ന അർത്ഥത്തിൽ അയാൾ തല കുലുക്കി.

"യഥാർത്ഥത്തിൽ, ലോട്ടറി വിറ്റ് കിട്ടുന്ന കമ്മീഷനാണോ, പ്രൈസിന്റെ കമ്മീഷനാണോ ആകെ കണക്കു കൂട്ടിയാൽ കൂടുതൽ കിട്ടാറുള്ളത്?" എന്റെ സംശയങ്ങൾ തുടർന്നു.

" അങ്ങനെ പറയാൻ പറ്റില്ല, പക്ഷെ ഇടയ്ക്ക് പ്രൈസിന്റെ കമ്മീഷൻ കിട്ടിയില്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. കഴിഞ്ഞയാഴ്ച എനിക്കൊരു പതിനായിരത്തിന്റെ കമ്മീഷൻ കിട്ടിയിരുന്നു." അയാൾ പറഞ്ഞു.
"ബാക്കി വരുന്ന ടിക്കറ്റുകൾ തിരിച്ച് കൊടുക്കാമല്ലോ അല്ലേ?"

"അത് പറ്റില്ല. ടിക്കറ്റ് നമ്മൾ കാശ് കൊടുത്ത് വാങ്ങുന്നതാണ്, തിരിച്ചെടുക്കില്ല. മുഴുവൻ വിറ്റ് തീർത്തു കൊള്ളണം. അത്ര തന്നെ"

"ഓഹോ!" ഞാൻ
"ഇന്നലെ എണ്ണൂറ് രൂപയുടെ ടിക്കറ്റ് ബാക്കി വന്നിരുന്നു. ചില ദിവസം തികയില്ല, ചിലപ്പോൾ അതുപോലെ ബാക്കി വരും."_ അയാളുടെ മുഖത്ത് നിർവികാരതയായിരുന്നു.
"എത്ര കാലമായി ഈ പരിപാടി തുടങ്ങിയിട്ട്?"_ ഏതാനും നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ ചോദിച്ചു.
"രണ്ടു മാസം."_

"അതിന് മുമ്പ്?"_
"പാചകമായിരുന്നു ഹോട്ടലിൽ... പതിനാലാം വയസിൽ രണ്ടു രൂപ ദിവസക്കൂലിക്ക് തുടങ്ങിയതാണ് ഹോട്ടൽ പണി. ഇപ്പോൾ തീയ്ക്കടുത്ത് നിൽക്കാൻ വയ്യാണ്ടായപ്പോൾ നിർത്തി."_

ഞാൻ നിശബ്ദനായി നിന്നപ്പോൾ അയാൾ കഥ തുടർന്നു.
"പഠിക്കാൻ മോശമില്ലായിരുന്നു. ഒമ്പതാം ക്ലാസ് വരെ ഒരു ക്ലാസിലും തോൽക്കാതെ പഠിച്ചു. പത്താം ക്ലാസിൽ കയറിയപ്പോൾ പുസ്തകം വാങ്ങാൻ പൈസയുണ്ടായില്ല. അച്ഛൻ ചെറുപ്പത്തിലേ മരിച്ചായിരുന്നു.

ഒന്നുരണ്ടാഴ്ച പഴയ പുസ്തകവുമൊക്കെയായി കൂട്ടുകാരുടെ കൂടെ ക്ലാസിൽ പോയിരുന്നു. ഒരു ദിവസം ക്ലാസ് ടീച്ചർ കട്ടായം പറഞ്ഞു, പുസ്തകമില്ലാത്തവർ നാളെ മുതൽ ക്ലാസിൽ വരേണ്ടെന്ന്. ഞാൻ പിറ്റേ ദിവസം മുതൽ ഞാൻ സ്കൂളിൽ പോയില്ല. ഹോട്ടലിൽ പണിക്ക് കയറി.

കുറച്ചു ദിവസം കഴിഞ്ഞപ്പോ, ക്ലാസ് ടീച്ചറ് വീട്ടിൽ വന്നു. അവരുടെ ശമ്പളത്തിൽ നിന്ന് പുസ്തകത്തിനുള്ള പണം കൊടുക്കാം, നീ ക്ലാസിൽ വരണം എന്നൊക്കെ പറഞ്ഞു. അവർക്കെന്നെ വലിയ കാര്യമായിരുന്നു, അത്യാവശ്യം നന്നായി പഠിക്കുമായിരുന്നതുകൊണ്ട്. പക്ഷെ, ഞാൻ പോയില്ല.... പത്താം ക്ലാസ് വരെയൊക്കെയെങ്കിലും പഠിച്ചിരുന്നെങ്കിൽ... ഇങ്ങനെ...."_ ഞാൻ കാണാത്ത രീതിയിൽ അയാൾ കണ്ണിന്റെ കോണുകൾ ഇടയ്ക്ക് തുടയ്ക്കുന്നുണ്ടായിരുന്നു.

"മലയാളമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം... ഉള്ളൂരിന്റെ കവിതകൾ മുഴുവൻ ഞാൻ മന:പ്പാഠമാക്കിയിരുന്നു. അതൊക്കെയും ഇപ്പോഴും ഓർമ്മയുണ്ട്."_ എന്തോ ഓർത്തിട്ടെന്നവണ്ണം പെട്ടെന്നയാൾ മുന്നോട്ട് നടന്നു.

അതിനിടെ ചില വരികൾ കേൾക്കാമായിരുന്നു:
"പോരുമീഞെളിച്ചിലെൻ
പൊന്നുടപ്പിറപ്പേ! നീ-
യാരു, ഞാനാരെന്നൊന്നു
ശാന്തമായ്ച്ചിന്തിക്കുമോ?
സങ്കടം പരർക്കാർക്കു
മേകാതെ നീണാൾ നമ്മൾ
തങ്കമേ! പുലർന്നീലേ
പാരിതിൽപ്പണ്ടേക്കാലം?
നമ്മളന്നദൃശ്യരാ-
യേവർക്കും, വിശാലമാ-
മമ്മതൻ മടിത്തട്ടി-
ലാനന്ദിച്ചുറങ്ങീലേ?..."

ഒരു മിനിട്ട് ഞാൻ സ്തബ്ദനായി നിന്ന സമയത്തിനുള്ളിൽ ഒരു മൂളിപ്പാട്ടുമായി അയാൾ തിരികെയെത്തി.
"മക്കൾ?"_ ഞാൻ ചോദിച്ചു.
"രണ്ടു പേർ. ഒരു മോനും മോളും. മോൾ മിടുക്കിയായിരുന്നു, ഡിഗ്രിയൊക്കെ കഴിഞ്ഞ് കല്യാണവും പെട്ടെന്ന് കഴിഞ്ഞു. മോൻ പത്താം ക്ലാസ് വരെ പഠിച്ചു... പിന്നെ അങ്ങനെ പോണു."_
"....."

"മ്മടെ കാലത്ത് കഞ്ഞി തിളപ്പിച്ച് പാത്രത്തിലൊഴിച്ച് കിട്ടിക്കഴിഞ്ഞാൽ കഞ്ഞിവെള്ളത്തിനടിയാൽ വറ്റ് വല്ലതുമുണ്ടോ എന്ന് ആദ്യം തന്നെ പരതി നോക്കും. വല്ലതും കിട്ടിയാൽ ഭാഗ്യം... ഇപ്പോൾ വീട്ടിൽ മൂന്നു തരം അരിയുണ്ടാവും. പച്ചരി, പൊന്നി, കുറുവ... ന്നാലും മക്കൾക്ക് വേണ്ട..."_ അയാളുടെ ശബ്ദത്തിന് ഭാവമാറ്റമുണ്ടായിരുന്നു.

മക്കളെക്കുറിച്ചോർത്തുള്ള വേദനയുടെ ആഴം അവിടെ വ്യക്തമായിരുന്നു.
"ഞാൻ ഹോട്ടലിൽ പണിക്ക് കയറുമ്പോൾ, പാതിരാത്രിയോടെ ഹോട്ടൽ അടച്ച് പാത്രങ്ങളെല്ലാം കഴുകി എല്ലാം വൃത്തിയാക്കി കിടന്നുറങ്ങുമ്പോൾ ഒരു മണി കഴിയും. ന്നാലും നാലരയ്ക്ക് എഴുന്നേൽക്കണം.

അന്ന് മാവരയ്ക്കാൻ മിഷീനൊന്നുമില്ല. വലിയ ഉരലിൽ അരിയിട്ട് വേണം അരയ്ക്കാൻ... എല്ലാത്തിനും കൂടി കിട്ടുന്ന കൂലിയാണ് രണ്ട് രൂപ..."_ അക്കാലത്തെ ഓർമ്മകൾ അയവിറക്കുമ്പോഴും അകമ്പടി സേവിച്ചിരുന്ന നൊമ്പരം ആ അദ്ധ്വാനത്തെക്കുറിച്ചായിരുന്നില്ല എന്ന് വ്യക്തം...

വീട്ടിലേയ്ക്ക് തിരിച്ചു പോകുമ്പോൾ ആ മുഖം മനസിൽ തെളിഞ്ഞു നിന്നു. മാതാപിതാക്കളുടെ ജീവിത പരാജയം അവർ മറക്കുന്നതും, ആശ്വസിക്കുന്നതും മക്കളുടെ വിജയങ്ങൾ കണ്ടിട്ടാണ്. തങ്ങളുടെ ജൻമം സഫലമായി എന്ന് അവർ വിലയിരുത്തുന്നത് അവരുടെ ജീവിത നേട്ടങ്ങളും സന്തോഷവും കാണുമ്പോഴാണ്. എന്തൊക്കെയോ വേണ്ടെന്ന് വച്ച് ജീവിതത്തിന്റെ നീർച്ചുഴിയിലേയ്ക്ക് എടുത്തു ചാടുമ്പോൾ അവർ സ്വപ്നം കണ്ടിരുന്നത് മറ്റെന്തൊക്കെയോ ആയിരുന്നിരിക്കണം.

ആ ലോട്ടറി കച്ചവടക്കാരൻ ഒരു മറുകരയെത്തുന്നതിനായി നീന്തിയ നാളുകളിൽ പലതും ഒഴുക്കിൽ പെട്ട് അപ്രത്യക്ഷമായെങ്കിലും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന അനേകം വരികളോട് എനിക്കും മുമ്പ് തോന്നിയിട്ടില്ലാത്തൊരിഷ്ടം തോന്നിത്തുടങ്ങി. ഉള്ളൂരിന്റെ ഒരിക്കലും ശോഭ കെടാത്ത കനൽ വരികൾക്ക് എത്രയർത്ഥങ്ങൾ?

"ജീവിതം സ്വല്പമെന്നോർക്കെ--പ്പക്ഷേ
നീ വിലപിക്കുവതാമോ?
ആവില്ല; നീയറിവീലേ--നിന്റെ
ജീവിതപാരമ്യസാരം?
മർത്ത്യനു വായ്പതെക്കാൾ നിൻ--ജന്മ-
മെത്രയോ മേൽത്തരമല്ലീ?
പട്ടിണികൊണ്ടു പൊരിഞ്ഞും--രണ്ടു
തുട്ടിനു പൗരുഷം വിറ്റും,
പാരാണ്ടുകൊൾവാൻ കൊതിച്ചും,--വെറും
നൈരാശ്യം മാത്രം ലഭിച്ചും,
നിത്യവും പാപത്തെ നേടാൻ--സ്വന്തം
ബുദ്ധിയെക്കൈകാര്യം ചെയ്തും,
ദീനംപിടിച്ചു വലഞ്ഞും,--നെഞ്ചിൽ
പ്രാണൻ കിടന്നു പിടഞ്ഞും,
കഷ്ടത നീങ്ങാനൊടുക്കം--പാഞ്ഞു
പട്ടടത്തീയിൽപ്പതിച്ചും;
ഇങ്ങനെ ജീവിതം പോക്കും--നര-
നെങ്ങൊരു കാൽക്ഷണം സൗഖ്യം?...."

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+