follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

രക്തത്തിന്റെ വില !

വിനോദ് നെല്ലയ്ക്കൽ » Posted : 15/06/2017ബഷീർ എന്നായിരുന്നു അയാളുടെ പേര്. മലബാറിന്റെ മണ്ണിൽ മുളച്ചുപൊന്തിയ ഒരു ശരാശരി മലയാളിയാണെങ്കിലും വിവരിക്കാനാണെങ്കിൽ ഒരുപാടുണ്ട്, ചുരുക്കിപ്പറയാം. ഒരു സാധാരണക്കാരനായ കോഴിക്കോടൻ ഗ്രാമീണ വ്യക്തിത്വത്തിന് സ്വാഭാവികമായും ഏറ്റെടുക്കേണ്ടി വരുന്ന എല്ലാ പ്രാരാബ്ദങ്ങളും ഘട്ടം ഘട്ടമായി സ്വന്തമാക്കിയവനായിരുന്നു ബഷീർ. മാതാപിതാക്കൾ, ഭാര്യ, തുടർന്ന് രണ്ട് മക്കൾ...

ഇത്രയൊക്കെയായപ്പോഴാണ് തന്റെ ചുമലിന്റെ ബലഹീനത അയാൾ തിരിച്ചറിഞ്ഞത്. ഒരു പലചരക്ക് കട നടത്തിവന്നിരുന്ന അയാളുടെ ഉപ്പ ആവശ്യത്തിലധികം കടം വരുത്തി വച്ചിട്ടാണ് ആ വേഷം അഴിച്ചു വച്ചത്. ഒരു മനുഷ്യനായി ജീവിക്കാൻ വേണ്ടതിനപ്പുറമുള്ള ദീനാനുകമ്പയായിരുന്നു അയാളുടെ ദൗർബ്ബല്യം.

നാട്ടിൽ നിന്നാൽ മേൽഗതിയുണ്ടാവില്ലെന്ന് തോന്നിയപ്പോഴാണ് ബഷീർ നാൽപ്പതാം വയസിൽ ഗൾഫിലേയ്ക്ക് തിരിച്ചത്.

ഒരു കമ്പനിയിൽ ഡ്രൈവറായിട്ടായിരുന്നു തുടക്കം. സത്സ്വഭാവിയും സത്ഗുണ സമ്പന്നനുമായ ബഷീർ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ചുരുങ്ങിയ നാൾക്കകം അയാൾ കമ്പനി ഉടമയായ അറബിയുടെ ഡ്രൈവറായി നിയമിതനായി. അറബിയുടെ വിശ്വസ്തനായി തീർന്നതോടെ ജീവിതം സുരക്ഷിതമായി എന്നയാൾ ധരിച്ചു. നാട്ടിലെ പ്രശ്നങ്ങളും ഏറെക്കുറെ തീർന്നു വരികയായിരുന്നു.

അങ്ങനെയിരിക്കെയാണ് അറബിയുടെ ഇളയ മകനായ പയ്യന് ഒരു ബൈക്ക് ആക്സിഡന്റ് ഉണ്ടാകുന്നത്. അൽപ്പം ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന അവന്റെ ബ്ലഡ് ഗ്രൂപ്പ് AB -ve ആയിരുന്നു, ഏറ്റവും ദുർലഭമായ ഗ്രൂപ്പ്!

എന്നാൽ അതേ ബ്ലഡ് ഗ്രൂപ്പ് കാരൻ തന്നെയായ ഒരാളെ പടച്ചോനാണ് തനിക്ക് ഡ്രൈവറായി തന്നത് എന്നാണ് അറബി ബഷീറിന്റെ മുഖത്ത് നോക്കി പറഞ്ഞത്. ബ്ലഡ് കൊടുക്കാൻ സന്തോഷത്തോടെ ഇൻജക്ഷൻ റൂമിലേയ്ക്ക് കയറിയ അയാളെ അറബി ആലിംഗനം ചെയ്താണ് പറഞ്ഞു വിട്ടത്. ആ സ്നേഹം കണ്ട് ബഷീറിന്റെ കണ്ണ് നിറഞ്ഞത് അറബി കണ്ടില്ല.

ബ്ലഡ് കൊടുക്കാൻ കയറിയ ബഷീറിന്റെ ജീവിതം അവിടെ വച്ച് മാറിമറിയുകയായിരുന്നു. രക്തം എടുത്തു കൊണ്ടിരിക്കവെ എപ്പോഴോ കാഴ്ച മറഞ്ഞ അയാൾക്ക് ചില ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചു കിട്ടിയത്. എന്താണ് സംഭവിച്ചതെന്ന് ബഷീറിന് മനസിലാക്കാനായില്ല.

എഴുന്നേറ്റിരിക്കാൻ തന്നെ കഴിയാത്ത കുറച്ച് ദിവസങ്ങൾ. നാവ് അനക്കാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചത് ആർക്കും മനസിലാക്കാൻ കഴിയാത്ത ഏതോ ഭാഷയായിരുന്നു. ചിന്തകൾ പോലും ശൂന്യമായ നാളുകൾ. പരിചയക്കാരാരുമില്ല, ആരെയും കാണാൻ അനുവദിക്കാത്തതായിരിക്കാം.

അൽപ്പം ആരോഗ്യം ലഭിച്ചപ്പോൾ അയാൾ ചുറ്റും നോക്കി. തന്നെപ്പോലെ ആരൊക്കെയോ ചുറ്റുമുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാവണം, അപ്പോൾ അയാൾക്ക് കഷ്ടിച്ച് എഴുന്നേറ്റിരിക്കാം. എങ്കിലും സംസാരവും ചിന്താശേഷിയും പഴയതുപോലെ തന്നെ.

കുറച്ച് ദിവസങ്ങൾ കൂടിക്കഴിഞ്ഞപ്പോൾ മയക്കത്തിലെന്നവണ്ണം കടന്നിരുന്ന അയാളുടെ സമീപത്ത് ഇരുന്ന് രണ്ട് നഴ്സുമാർ ചില രഹസ്യങ്ങൾ പങ്കുവച്ചത് അയാളുടെ ഹൃദയം തകർത്തു. ആവശ്യത്തിന് ഡോണേഴ്സിനെ സമയത്ത് കിട്ടാതിരുന്നതിനാൽ, തന്റെ ശരീരത്തിൽ നിന്നും അപകടകരമാം വിധം രക്തം ഊറ്റുകയായിരുന്നത്രേ!

തുടർന്ന് അവർ പറഞ്ഞ സാങ്കേതിക ഭാഷ അയാൾക്ക് മനസിലായില്ല. പക്ഷെ, ഒന്നുകൂടി മനസിലായി, അടുത്ത ഏതോ ഒരു ദിവസം തനിക്ക് നാട്ടിലേയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുന്നു. രണ്ടു കണ്ണിലും കണ്ണീർ ഉരുണ്ടുകൂടിയത് തുടയ്ക്കാൻ ബഷീറിന്റെ കൈ പൊന്തിയില്ല. നഴ്സുമാർ ആ കണ്ണീർ കണ്ടതുമില്ല.

പിന്നീടൊരിക്കലും ബഷീർ തന്നെ ജീവനായിരുന്ന അറബിയെ കണ്ടില്ല. അയാളുടെ മകൻ രക്ഷപ്പെട്ടോ എന്ന് ആരോടെങ്കിലും തിരക്കണമെന്നുണ്ടായിരുന്നെങ്കിലും അയാൾ ആരോടും ഒന്നും ഉരിയാടിയില്ല. അറബി ഏർപ്പാടാക്കിയ ഒരു ഹിന്ദിക്കാരനായ സഹായി ഹോസ്പിറ്റലിൽ വന്ന് അയാളെ കൂട്ടി കാറിലും വീൽചെയറിലുമായി എയർപോർട്ടിലേയ്ക്ക് പോകുമ്പോൾ ഇടയ്ക്ക് എവിടെയൊക്കെയോ പരിചയമുള്ള ചില മുഖങ്ങൾ തന്നെ സഹതാപത്തോടെ നോക്കുന്നത് ബഷീർ കണ്ടില്ലെന്ന് നടിച്ചു.

സുബോധമില്ലാത്തവനെപ്പോലെ കാണപ്പെട്ടിരുന്നതിനാലാവണം ആരും അയാളോട് സംസാരിക്കാൻ അടുത്ത് ചെന്നതുമില്ല.

നാട്ടിൽ തിരിച്ചെത്തിയ ബഷീറിനെ കുടുംബാംഗങ്ങൾ കണ്ണീരോടെ സ്വീകരിച്ചു. ചികിൽസയുടെ നാളുകൾ... ഒരു ചെറിയ കൂര കെട്ടിപ്പൊക്കുന്നതിനായി ഭാര്യയോടു മാത്രം പറഞ്ഞ് അയാൾ സ്വരുക്കൂട്ടിയ സമ്പാദ്യത്തിൽ നിന്ന് തുടങ്ങി, ആകെയുണ്ടായിരുന്ന പത്ത് സെന്റ് പണയപ്പെടുത്തുവോളം വരെ ചികിൽസ തുടർന്നു. കഷ്ടിച്ച് നടക്കാനും സംസാരിക്കാനും മാത്രം കഴിവ് തിരിച്ചു കിട്ടിയ ബഷീറിന് ആരോഗ്യമുള്ളവരെപ്പോലെ ജീവിക്കാൻ കഴിയണമെങ്കിൽ അത്ഭുതം സംഭവിക്കണമെന്ന് ചികിൽസകർ പറയുന്നു.

ഇന്നയാൾ, വീടിന്റെ ഒരു മൂലയിൽ നിശബ്ദനായി ഒതുങ്ങിക്കൂടിയിരിക്കുന്നു. വൃദ്ധരായ മാതാപിതാക്കൾ, പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ, രോഗിയായ ഭർത്താവ്... ആ ഭാര്യയും നിസഹായയാണ്. കനിവുള്ള ചിലരുടെ സഹായത്താൽ ആ കുടുംബത്തിന്റെ അത്യാവശ്യങ്ങളും ചികിൽസയും നടന്നു പോകുന്നു....
-----------------------------------------
കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു ബസ് സ്റ്റോപ്പിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയതാണ് ബഷീറിനെ. ആ ജീവിതവും, അയാൾ അഭിമുഖീകരിച്ച തിക്താനുഭവങ്ങളും ഒരിക്കലും മനസിൽ നിന്ന് മായുന്നതായിരുന്നില്ല. ബസ് വന്നപ്പോൾ ഒരു വാക്ക് ഉരിയാടുക പോലും ചെയ്യാതെ അയാൾക്ക് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് യാത്ര പറയുമ്പോൾ എന്റെ ശരീരത്തിലെയും രക്തം വാർന്നു പോയതായി അനുഭവപ്പെട്ടു!

പാവപ്പെട്ടവന്റെ ജീവനും അവന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിനും കുറച്ച് രക്തത്തിന്റെ അഥവാ, ചിലർക്ക് താൽക്കാലികമായി ആവശ്യമുണ്ടെന്ന് കാണുന്ന ചിലതിന്റെ വില മാത്രം?

"ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാചഞ്ചലം
വേഗേനെ നഷ്ടമാം ആയുസുമോര്‍ക്ക നീ
വഹ്നി സന്തപ്ത ലോഹസ്താംബു ബിന്ദുനാം
സന്നിഭം മര്‍ത്യ ജന്മം ക്ഷണ ഭംഗുരം
ചക്ഷു ശ്രവണ ഗളസ്തമാം ദർദ്ധുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നത്‌ പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോല ചേതസ്സാ ഭോഗങ്ങള്‍ തേടുന്നു
താന്തര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരുംപോലെ... "

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+