follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

ആശാനും കരുണയും

കൊട്ടാരക്കര ഷാ » Posted : 19/06/2017ഒരിക്കൽ ഒരു സുഹൃത്ത് തന്റെ മുഖപുസ്തക ഭിത്തിയിലിങ്ങനെ കുറിച്ചിട്ടു.

പ്രണയ ദിനമൊക്കെ അടുത്തു.
ആശാന്റെ ഈ വരികൾ കേട്ടെങ്കിലും എല്ലാവരും പ്രവർത്തനസജ്ജരാവുക....

" കമനീയകായകാന്തി കലരും ജനമിങ്ങനെ
കമനീവിമുഖമായാല്‍ കഠിനമല്ലേ ? "

കുമാരനാശാന്റെ കരുണയിലെ വരികളായിരുന്നു അത്. അന്നു മുതലാണ് ആശാൻ കവിതകൾ തേടിയുളള എന്റെ പ്രയാണം തുടങ്ങുന്നത്. ഒരു അവദൂതനെ പോലെ കാലഘട്ടം കടന്നു ഇന്നും പ്രസക്തമായ ചിന്താധാരകളുടെ മഹാ സമാഹാരങ്ങളാണ് കുമാരനാശാന്റെ ഓരോ കവിതകളും...

"കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം! - "
ഇത് വീണപൂവിലെ വരികളാണിത്..

"കത്തുന്നൊരാതപജ്വാലയാലർക്കനെ സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചൂ ഭൂമി" - എന്നു ചണ്ഡാലഭിക്ഷുകിയെ പറഞ്ഞു വച്ച കവി..!

"വാസവദത്തയുടെ ആ വർണ്ണന...
കുമാരനാശാൻ അതിഭീകരൻ..." എന്നാണ് സഹൃദയനായ ഒരു കൂട്ടുകാരൻ ഒരിക്കൽ പറഞ്ഞത്...!!

പലരും ചിന്തിക്കുണ്ടാവും കരുണയെ കുറിച്ചു പറയേണ്ടിടത്ത് എന്തിനാണ് മറ്റു കവിതകളും പരാമർശിക്കുന്നത് എന്ന്..!?

തീർച്ചയായും കരുണ എന്ന കവിതയെ കുറിച്ചുള്ള ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കും മുൻപ് ആശാൻ കവിതകളെ കുറിച്ച് ചിലത് വർണിച്ചു പറയാതിരിയ്ക്കാനാവില്ല. ഇങ്ങനെ പറയാൻ മറ്റൊരു അനുയോജ്യമായ വേദി ഉടൻ ലഭ്യമാകണമെന്നും ഇല്ല, മാത്രമല്ല... ഇത് തനിച്ചു പറഞ്ഞാൽ എത്ര പേർ ശ്രദ്ധിക്കുമെന്നും ഉറപ്പില്ല.

"ചോരനപഹരിക്കാത്ത ശാശ്വതശാന്തിധനവും
മാരനെയ്താല്‍ മുറിയാത്ത മനശ്ശോഭയും.
കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി
വരും, നിന്റെ വാര്‍നെറുക ഞാന്‍ തലോടുവന്‍.
ചിരകാലമഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധപാദപത്മം തുടച്ച കൈയാല്‍.”
എന്നലിഞ്ഞവന്‍ കരതാരവള്‍തന്‍ പൂവല്‍നെറ്റിമേ-
ലൊന്നുചേര്‍ക്കുന്നങ്ങവള്‍ക്കു ചീര്‍ക്കുന്നു രോമം,
ഖിന്നമുഖിയാമവള്‍തന്‍ കെടുന്ന സംജ്ഞ വിരലാ-
ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു....."

കരുണയിൽ നിന്ന്...

"മട്ടൊഴുകും വാണിയവൾ ചൊല്ലിനാൾ മനമുഴറി-
യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും:

"സമയമായില്ല" പോലും "സമയമായില്ല" പോലും,
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി"

ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.
വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്.

"അനുപമകൃപാനിധി,യഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,

ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,

കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ,

വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ,

ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ"

പ്രസിദ്ധമായ വഞ്ചിപ്പാട്ടിൻറെ ഈണത്തിൽ ഇതൊന്നും വായിച്ചു നോക്കൂ....

ഒരു വീട്ടിലേയ്ക്കുള്ള വഴിയൊക്കെ ഇത്രയും മനോഹരമായി അവതരിപ്പിക്കാനാവുമോ...

അത്ഭുതം തോന്നുന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാൻ...
ഖണ്ഡകാവ്യത്തിൻറെ ആരംഭമാണിത്.

"സാരമില്ലെടോ, നിന്‍ നഷ്ടം സഹജേ നൊടിയില്‍ ഗുരു-
കാരുണിയാല്‍ നിനക്കിന്നു കൈക്കലാമല്ലോ.

ചോരനപഹരിക്കാത്ത ശാശ്വതശാന്തിധനവും
മാരനെയ്താല്‍ മുറിയാത്ത മനശ്ശോഭയും.

കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി
വരും, നിന്റെ വാര്‍നെറുക ഞാന്‍ തലോടുവന്‍.

ചിരകാലമഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധപാദപത്മം തുടച്ച കൈയാല്‍.”

എന്നലിഞ്ഞവന്‍ കരതാരവള്‍തന്‍ പൂവല്‍നെറ്റിമേ-
ലൊന്നുചേര്‍ക്കുന്നങ്ങവള്‍ക്കു ചീര്‍ക്കുന്നു രോമം,

ഖിന്നമുഖിയാമവള്‍തന്‍ കെടുന്ന സംജ്ഞ വിരലാ-
ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു.

തുടരുന്നൂ മൊഴിയവന്‍, “ശരി, സോദരി, ഞാന്‍ സ്വയം
മടിച്ചുതാന്‍ മുമ്പു വന്നു നിന്നെ മീളുവാന്‍;

കുശലമാര്‍ഗ്ഗങ്ങളന്നു കേള്‍ക്കുമായിരുന്നില്ല നീ,
വിശസനം സുഖികളെ വിജ്ഞരാക്കുന്നു.

അഖിലജന്തുദു:ഖവുമപാകരിക്കുന്ന ബോധം
വികിരണം ചെയ്തിടുന്ന വിശ്വവന്ദ്യന്റെ

വാസപവിത്രങ്ങളാണീ വാസരങ്ങള്‍ ഭൂവില്‍, നമ്മള്‍
വാസവദത്തേ, കരഞ്ഞാല്‍ വെടിപ്പല്ലെടോ.

മംഗലേതരകര്‍മ്മത്തഅല്‍ മലിന നീശുഭം, നമ്മള്‍
സംഗതിയില്ലെന്നെന്‍ സഖി, സംശയിക്കല്ലേ.

അംഗുലീമലനുപോലുമാര്‍ഹതപദമേകിയ
തുഗമാം കരുണയെ നീ വിശ്വസിച്ചാലും.

സത്യമോര്‍ക്കുകില്‍ സംസാരയാത്രയില്‍ പാപത്തിന്‍ കഴല്‍
കുത്തിടാതെ കടന്നവര്‍ കാണുകില്ലെടോ.

ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലര്‍ന്നൊരു കാലം ശോഭതേടുന്നു.

കലമില്ല നിനക്കെന്നും കരള്‍ കാഞ്ഞു വൃഥാ മതി-
ശാലിനി, മാഴ്കൊല്ല, ചിരഞ്ജീവികള്‍ക്കുമേ,

ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളില്‍ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും...."

വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ എന്ന വഞ്ചിപ്പാട്ട് നതോന്നത എന്ന വൃത്തത്തിലാണ് എഴുതപ്പെട്ടത്..

ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലെന്നും തങ്ങി നിൽക്കും.

കൈകാലുകൾ ഛേദിയ്ക്കപ്പെട്ട്, കഴുകനാൽ കൊത്തിവലിയ്ക്കപ്പെട്ട്, ശ്മശാനത്തിൽ വെറുമൊരു മാംസപിണ്ഡമായി വാസവദത്ത കിടക്കുന്ന രംഗം ഒരിക്കലും നമ്മുടെ മനസ്സിൽ മാറാതെ കിടക്കും.

നൂറു നൂറു ഇന്നും സാധ്യതകളുളള ചിന്തകളുടെ കല്പനാവൈഭവമായി കുമാരനാശാനും കരുണയും നമ്മളിലേയ്ക്കു നിറയുന്നു.

"ഹാ! സുഖങ്ങൾ വെറും ജാലം, ആരറിവൂ നിയതിതൻ ത്രാസു പൊങ്ങുന്നതും താനേ താണു പോവതും." - കരുണ, കുമാരനാശാൻ.

“ശോഭനകാലങ്ങളിൽ നീ ഗമ്യയയായില്ലെനിക്കു, നിൻ
സൌഭഗത്തിൻ മോഹമാർന്ന സുഹൃത്തല്ല ഞാൻ “

എന്റെ പരിമിതമായ മലയാള ഭാഷയെ കുറിച്ചുള്ള അറിവ് വച്ച് ഇത്രയുമേ നിങ്ങൾക്ക് നൽകാനാവുന്നുളളൂ..കുറവുകൾ സദയം ക്ഷമിക്കുക.

ആശാൻ കവിതകളെ കുറിച്ചുളള സമഗ്രമായ അറിവിന് ഈ ലിങ്ക് നിങ്ങൾക്ക് ഉപകാരപ്രദമായാൽ ഞാൻ ഒരു പാട് സന്തോഷിക്കും.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+