follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

മണലാരണ്യനഗരത്തിലെ ഒരു ലോകപുസ്‌തക മാമാങ്കം;
ലോകഭാഷകളിലെ നിധികുംഭങ്ങളുടെ ഒരു പ്രദര്‍ശനശാല

എസ്‌.പി. നമ്പൂതിരി. » Posted : 05/10/2017

"പുസ്‌തകങ്ങള്‍ കീശയിലിട്ട പൂന്തോട്ടങ്ങളാണ്‌"
അറബി പഴമൊഴി.

ഈ പഴമൊഴിയെ പുതുമൊഴിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്‌തകോത്സവമാണ്‌ ഷാര്‍ജാ ഇന്റര്‍നാഷണല്‍ ബുക്‌ ഫെയര്‍. ലോകപുസ്‌തകോത്സവങ്ങളില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഫ്രാങ്ക്‌ഫര്‍ട്ട്‌ ബുക്‌ഫെയറിനോട്‌ തോളൊത്തുനില്‍ക്കുന്ന ഒരു പുസ്‌തക മാമാങ്കം ആണിത്‌-ലോകനിലവാരം വച്ചുനോക്കിയാല്‍ ഈ ഷാര്‍ജാ പുസ്‌തകമേള മൂന്നാംസ്ഥാനത്താവുമെന്നുമാത്രം.

ഹൃദയസാന്ത്വനമെന്ന എന്റെ കൃതി ഈ പുസ്‌തകമേളയില്‍ വച്ച്‌ പ്രകാശനം ചെയ്യുവാന്‍ പ്രസാധകര്‍ തീരുമാനിക്കുന്നു. എല്ലാവര്‍ഷവും നവംബര്‍ ആദ്യബുധനാഴ്‌ച ഈ പുസ്‌തകോത്സവത്തിന്‌ തുടക്കം കുറിക്കും-രണ്ടാം ശനിയാഴ്‌ച പ്രദര്‍ശനം സമാപിക്കും. എല്ലാവര്‍ഷവും ഒരു മാറ്റവുമില്ലാതെ ഈ നവംബര്‍ ദിവസങ്ങളില്‍ ഈ പുസ്‌തകമേള നടന്നുവരുന്നു. ഈ വര്‍ഷം നവംബര്‍ നാലുമുതല്‍ പതിനാലുവരെയാണ്‌ ഈ പുസ്‌തകപ്രദര്‍ശനം നടക്കുന്നത്‌.

പ്രസാധകര്‍ ഗ്രന്ഥകാരനെന്ന നിലയില്‍ എന്റെയും അപേക്ഷ വിസയായി സമര്‍പ്പിച്ചു. പ്രസാധകര്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും വിസ ലഭിച്ചു. എനിക്ക്‌ വിസ അനുവദിച്ചു കിട്ടിയില്ല. പ്രസാധകാരായ ഗ്രീന്‍ബുക്‌സിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ കൃഷ്‌ണദാസും സഹപ്രവര്‍ത്തകരും ഒക്‌ടോബര്‍ അവസാനംതന്നെ ഷാര്‍ജക്കു പോവുകയും ചെയ്‌തു.

വിസ നിഷേധിക്കാനിടയായ സാഹചര്യമെന്തെന്ന്‌ അവിടെ അന്വേഷിക്കാമെന്നു പറഞ്ഞിട്ടാണവര്‍ പോയത്‌. ഈ ബുക്‌ ഫെയര്‍ നടത്തുന്നത്‌ ഷാര്‍ജാ ബുക്‌ഫെയര്‍ അതോറിറ്റിയാണ്‌. ഷാര്‍ജാ ഭരണാധികാരിയായ ഡോ. ഷേക്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയാണ്‌ ഈ അതോറിറ്റിയുടെ രക്ഷാധികാരി. ഇവിടെ വച്ച്‌ പ്രകാശനം നടത്തേണ്ട ഒരു പുസ്‌തകത്തിന്റെ ഗ്രന്ഥകാരന്‌ വിസ ലഭിച്ചില്ലെന്ന വിവരം കൃഷ്‌ണദാസ്‌ ബുക്‌ഫെയര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തി.

അപ്പോള്‍ വീണ്ടും അതേ അപേക്ഷതന്നെ സമര്‍പ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. നിരസിച്ച അപേക്ഷതന്നെയാണ്‌ വീണ്ടും സമര്‍പ്പിച്ചത്‌. ബുക്‌ഫെയര്‍ അതോറിറ്റി മുഖാന്തിരം അപേക്ഷ അയച്ചപ്പോള്‍ ഉടന്‍തന്നെ വിസ ലഭിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കൃഷ്‌ണദാസിന്റെ ഫോണ്‍സന്ദേശം:
"വിസ ശരിയായിട്ടുണ്ട്‌. തൃശ്ശൂരെത്തി വിസയും ടിക്കറ്റും ഓഫീസില്‍ നിന്നു വാങ്ങുക. നാളെരാവിലെ തന്നെ പുറപ്പെടണം. "

പറഞ്ഞതുപോലെയെല്ലാം ചെയ്‌തു. ആലോചിക്കാന്‍ സമയമില്ല. ടിക്കറ്റും വിസയും കൈമാറുമ്പോള്‍ ഗ്രീന്‍ബുക്‌സിലെ സ്വപ്‌ന പറഞ്ഞു:
"അക്കോമെഡേഷന്‍ ശരിയായിട്ടില്ല. ഷാര്‍ജയില്‍ അവര്‍താമസിക്കുന്ന ഹോട്ടലില്‍ മുറിയില്ല. ദുബായില്‍ താമസിക്കേണ്ടിവരും."

ദുബായില്‍ ഒരു ഹോട്ടലില്‍ താമസിക്കുക-അവിടെ നിന്നു ദിവസവും കാറില്‍ ഷാര്‍ജയ്ക്ക് പോവുകയും മടങ്ങുകയും ചെയ്യുക-ഇതൊന്നും എന്റെ മണിപേഴ്‌സിനു താങ്ങാന്‍ കഴിയുന്ന കാര്യമല്ല. ഏതായാലും ഒരാഴ്‌ചക്കാലം എവിടെ തങ്ങുമെന്ന കാര്യത്തില്‍ ഒരു നിശ്‌ചയവുമില്ലാതെ ദുബായിക്കു വിമാനം കയറി.

ഷാര്‍ജയില്‍ പി.എം. സെബാസ്റ്റ്യനെന്നൊരു വ്യവസായപ്രമുഖനുണ്ട്‌-ഒരു പഴയ സുഹൃത്താണ്‌. അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു. നിര്‍ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹം ഷാര്‍ജയിലില്ല. ഞാന്‍ ഷാര്‍ജയില്‍ നിന്നു മടങ്ങിയതിനുശേഷമേ അദ്ദേഹം ഷാര്‍ജയിലെത്തുകയുള്ളു. ഇപ്പോള്‍ ലണ്ടനിലാണ്‌. ഷാര്‍ജയിലുണ്ടെങ്കില്‍ പുസ്‌തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങേണ്ടയാളാണ്‌.

വിസയുടെ കാര്യത്തിലെന്നപോലെ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി നേരിടേണ്ടിവന്നിരിക്കുന്നു. ഇനി ദുബായില്‍ത്തന്നെ ഒരു താമസസൗകര്യം തപ്പിനോക്കുകയേ നിര്‍വ്വാഹമുള്ളു. അപ്പോഴാണ്‌ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ഒരു പൗത്രന്‍ ദുബായിലുണ്ടെന്ന വിവരം ഓര്‍മ്മവന്നത്‌. അന്തര്‍ജ്ജനത്തിന്റെ ഇളയമകന്‍ രാജന്റെ മകനാണയാള്‍. രാജന്‍ എനിക്കയാളുടെ ഫോണ്‍നമ്പര്‍ തന്നിരുന്നു.

വിദേശനഗരങ്ങളില്‍ ജോലിചെയ്‌തു ജീവിക്കുന്ന ദമ്പതികളെ-രണ്ടുപേരും ഉദ്യോഗസ്ഥരാവുമ്പോള്‍- ബുദ്ധിമുട്ടിക്കുന്നത്‌ ശരിയല്ലെന്ന്‌ ഞാന്‍ ചിന്തിച്ചിരുന്നു. എപ്പോഴെങ്കിലുമൊന്നു ബന്ധപ്പെടാമെന്നു വിചാരിച്ചാണ്‌ ഫോണ്‍നമ്പര്‍ വാങ്ങിയത്‌. ഈ ചിന്തകളൊക്കെ മനസ്സില്‍ കലഹിച്ചുനില്‍ക്കുമ്പോള്‍ വിമാനം ദുബായിയെ ലക്ഷ്യം വച്ച്‌ അതിവേഗമെങ്കിലും അക്ഷോഭ്യമായി അനന്തവിഹായസ്സിലൂടെ പറന്നുകൊണ്ടിരിക്കുകയാണ്‌.

രാജന്റെ മകന്റെ പേര്‍ ഡൊണാള്‍ഡ്‌ നമ്പൂതിരിയെന്നാണ്‌-ഒരപൂര്‍വ്വനാമം. ഇത്തരം പേരുള്ള ഒരു നമ്പൂതിരി ഈ ഭൂമുഖത്ത്‌ വേറെയുണ്ടാവുമെന്ന്‌ തോന്നുന്നില്ല. ജാതിമതാതീതമായ, ഭൂഖണ്ഡാന്തരമാനങ്ങളുള്ള ഒരു പേര്‍ മകനു നല്‍കിയ രാജന്റെ ഭാവന പ്രശംസനീയം തന്നെ.

ഡൊണാള്‍ഡിനെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്റെ ആഗമനോദ്ദേശം അറിയിച്ചു. വീണ്ടുമിതാ ഒരു ഭാഗ്യദോഷം. അയാളിപ്പോള്‍ മസ്‌കറ്റിലാണ്‌-ഔദ്യോഗികകര്‍ത്തവ്യങ്ങളുടെ ഭാഗമായുള്ള ഒരു യാത്ര. മറ്റന്നാള്‍ മാത്രമേ അയാള്‍ തിരിച്ചെത്തുകയുള്ളു. പക്ഷെ അയാള്‍ക്ക്‌ സംശയമേതുമില്ല.

ഡൊണാള്‍ഡ്‌:
"എസ്‌പിയേട്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഒരു ടാക്‌സി വിളിച്ച്‌ ലുലു ഗാര്‍ഡന്‍സിലേക്ക്‌ പോയാല്‍ മതി. പ്രിയക്ക്‌ എയര്‍പോര്‍ട്ടില്‍ വരാന്‍ കഴിയില്ല-ബെഡ്‌ റെസ്റ്റാണ്‌. ഞാനിപ്പോള്‍ത്തന്നെ പ്രിയയെ വിളിച്ചുപറയാം. നമുക്ക്‌ മറ്റന്നാള്‍ നേരില്‍ക്കാണാം."
ഫോണ്‍സംഭാഷണം അവസാനിച്ചു. അല്‌പസമയത്തിനുള്ളില്‍ ഫോണ്‍ വീണ്ടും കിണുങ്ങുന്നു. ഫോണിന്റെ അങ്ങേത്തലക്കല്‍ പ്രിയയാണ്‌.

പ്രിയ: "ഒന്നും സംശയിക്കേണ്ട. ടാക്‌സി വിളിച്ച്‌ ഇങ്ങോട്ടു പോരൂ. കാറില്‍ കയറിയതിനുശേഷം ഫോണ്‍ ഡ്രൈവര്‍ക്കുകൊടുക്കുക. ഞാന്‍ റൂട്ട്‌ പറഞ്ഞുകൊടുക്കാം. കാറിവിടെ എത്തുമ്പോള്‍ ഞാന്‍ താഴെ റോഡ്‌സൈഡില്‍ ഫുട്ട്‌പാത്തിലുണ്ടാവും."

കാത്തുനില്‍ക്കുന്ന പ്രിയയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. പ്രിയയോടൊപ്പം ലിഫ്‌റ്റില്‍ ആകാശസഞ്ചാരം നടത്തി ഡൊണാള്‍ഡിന്റെ ഫ്‌ളാറ്റിലെത്തി. അനിശ്‌ചിതാവസ്ഥ അവസാനിച്ചിരിക്കുന്നു. ആകെ ഒരു സമാധാനം. ഭ്രമണപഥത്തില്‍ നിന്ന്‌ ലക്ഷ്യസ്ഥാനത്തെത്തിയതുപോലുള്ള ഒരാശ്വാസം-സ്വന്തം കുടുംബത്തിലോ ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ അമനകരത്തറവാട്ടിലോ എത്തിച്ചേര്‍ന്നതുപോലെ, ഒരു സുരക്ഷിതത്വം.

പ്രിയയുടെ പൂര്‍ണ്ണനാമധേയം ശ്രീപ്രിയ എന്നാണ്‌. കൈരളി ചാനലില്‍ വാര്‍ത്താവിഭാഗത്തിലാണ്‌ ജോലി. ഇപ്പോളവധിയിലാണ്‌. ആദിശങ്കരന്റെ ജന്മഗേഹവും വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹവുമായ കൈപ്പള്ളി കുടുംബാംഗമാണ്‌ ശ്രീപ്രിയ.

വി.ടിയില്‍നിന്ന്‌ വിപ്‌ളവാവേശമുള്‍ക്കൊണ്ട്‌ പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ അസ്‌മാദൃശന്മാര്‍ക്ക്‌ വി.ടിയുടെ അമ്മാത്തെ ഒരാളുടെ അതിഥിയായെന്നറിയുമ്പോള്‍ അജ്‌ഞേയമായ ഒരു സന്തോഷാദരം ആ മഹതിയോടു തോന്നുക സ്വാഭാവികം. ഞാനിങ്ങനെ അതു പ്രകടിപ്പിക്കുകയുംചെയ്‌തു:

"ഞാന്‍ വി.ടി.യെ നേരില്‍ കണ്ടിട്ടുണ്ട്‌. വി.ടി.യുമായി സംസാരിച്ചിട്ടുമുണ്ട്‌. ഞാന്‍ വി.ടി.യുടെ ഒരാരാധകനാണ്‌.അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെപോയ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവാണ്‌ വി.ടി."

പ്രിയ:
"അതിനു രണ്ടു കാരണങ്ങളുണ്ട്‌. ഒന്ന്‌: നമ്പൂതിരിസമുദായമെന്ന ചെറിയവൃത്തത്തിലായിപ്പോയി വി.ടിയുടെ പ്രവര്‍ത്തനമണ്ഡലം. രണ്ട്‌: അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞതുകൊണ്ട്‌ പലരും ശത്രുക്കളായി. എനിക്കു വി.ടിയെ കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ നാട്ടില്‍ വി.ടി.യുടെ അനുസ്‌മരണസമ്മേളനവും അവാര്‍ഡുദാനവുമൊക്കെ എല്ലാവര്‍ഷവും നടക്കാറുണ്ട്‌. അതില്‍ ഞങ്ങളൊക്കെ സജീവമാണ്‌. അതുപോട്ടെ, എപ്പോഴാണ്‌ ഷാര്‍ജയിലേക്കു പോവേണ്ടത്‌? ടാക്‌സിയേര്‍പ്പാടുചെയ്യാം. ഊണുകഴിഞ്ഞ്‌ അല്‌പം വിശ്രമിച്ചിട്ടുപോവാം."

പുസ്‌തകങ്ങള്‍-കാലസാഗരത്തിലെ ദീപസ്‌തംഭങ്ങള്‍.
പറഞ്ഞതുപോലെ പ്രിയ ഏര്‍പ്പാടാക്കിത്തന്ന ടാക്‌സിയില്‍ ഷാര്‍ജയിലേക്കു പുറപ്പെട്ടു. മറ്റൊരു സംസ്ഥാനത്തേക്ക്‌ (എമിറേറ്റ്‌സ്‌) ആണു പോകുന്നതെങ്കിലും അധികം ദൂരമില്ല. അവിടെ എത്തുവാന്‍ അരമണിക്കൂര്‍പോലും വേണ്ടിവന്നില്ല. പുസ്‌തകപ്രദര്‍ശനം നടക്കുന്ന ഷാര്‍ജാ എക്‌സ്‌പോ സെന്ററിന്റെ പ്രവേശനകവാടത്തില്‍ എന്നെ ഇറക്കിവിട്ട്‌ കാര്‍ മടങ്ങിപ്പോയി.

ഈ പ്രദര്‍ശനശാല ഒരു സ്ഥിരം സംവിധാനമാണ്‌. പുസ്‌തകോത്സവം കഴിഞ്ഞാല്‍ ചിലപ്പോള്‍ കരകൗശലമേളയോ അല്ലെങ്കില്‍ ചിത്രപ്രദര്‍ശനമോ, ആഭരണമഹോത്സവമോ ആയിരിക്കും ഇവിടെ നടക്കുക. ഗ്രീന്‍ബുക്‌സിന്റെ സ്റ്റോള്‍ കണ്ടുപിടിച്ചു. തൃശ്ശൂരില്‍നിന്നുള്ള രണ്ടുപേര്‍ അവിടെയുണ്ട്‌. കൃഷ്‌ണദാസും സുഭാഷും എത്തിയിട്ടില്ല. പ്രദര്‍ശനം ഒന്നു ചുറ്റിനടന്നുകണ്ടു.

ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍പ്പോയി ബുക്‌ഫെയര്‍ അതോറിറ്റിയുടെ ചുമതലക്കാരനെ കണ്ടുസംസാരിച്ചു. വിസ തരപ്പെടുത്തിത്തന്നതിനു നന്ദി അറിയിച്ചു. ഷാര്‍ജാ ബുക്‌ഫെയര്‍ അതോറിറ്റിയുടെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ്‌ എക്‌സിക്യൂട്ടീവ്‌ പയ്യന്നൂര്‍ സ്വദേശി മോഹന്‍കുമാറിനെ നേരില്‍ കണ്ടു. അദ്ദേഹത്തിന്റെ ഇടപെടലാണ്‌ എനിക്ക്‌ വിസ ലഭിക്കാന്‍ കാരണമായത്‌.

നൂറ്റിമുപ്പത്തിയാറ്‌ പ്രസാധകരാണ്‌ അവിടെ വില്‌പനശാലകള്‍ ഒരുക്കിയിരിക്കുന്നത്‌. അതില്‍ ഇരുപത്തിയാറ്‌ മലയാളം പ്രസാധകരുണ്ട്‌. ഇംഗ്‌ളീഷ്‌ പുസ്‌തകശാലകളാണ്‌ ഒന്നാംസ്ഥാനത്ത്‌ നില്‍ക്കുന്നത്‌. രണ്ടാംസ്ഥാനം മലയാളത്തിനാണ്‌-അറബിയോ ഹിന്ദിയോ ഉറുദുവോ ഒന്നുമല്ല.

മലയാളത്തിന്‌ അഭിമാനിക്കാം. അതോടൊപ്പം അത്ര അഭിമാനകരമല്ലാത്ത ഒരു കാര്യവും ഓര്‍മ്മിക്കാനിടയായി. കേരളത്തിലെ സാക്ഷരതയെക്കുറിച്ചും ഗ്രന്ഥശാലാപ്രസ്ഥാനത്തെക്കുറിച്ചും നാം മേനി നടിക്കാറുണ്ട്‌. ഇക്കാര്യത്തില്‍ കേരളം ലോകനിലവാരത്തിലെത്തിയെന്നതും ശരി. എന്നാലെന്തുകൊണ്ട്‌ ഇതുപോലൊരു പുസ്‌തകോത്സവം കേരളത്തില്‍ നമുക്ക്‌ സംഘടിപ്പിക്കാന്‍ കഴിയുന്നില്ല? ഷാര്‍ജാ ബുക്‌ഫെയര്‍ അതോറിറ്റി പോലൊരു സ്ഥിരം സംവിധാനം നമുക്കെന്തുകൊണ്ട്‌ ഉണ്ടായില്ല?

ജ്‌ഞാനോപാസകനായ മാതൃകാഭരണാധികാരി.

ഈ ബുക്‌ഫെയര്‍ അതോറിറ്റിയുടെ രക്ഷാധികാരി ഡോ. ഷൈഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയാണ്‌. പിന്തുടര്‍ച്ചാവകാശത്തിന്റെ ബലത്തില്‍ മാത്രം സുല്‍ത്താനായ ഒരു ഭരണാധികാരിയല്ല ഈ ഷൈഖ്‌. അക്ഷരവിദ്യയുടെ ഒരു ആരാധകനാണ്‌- വിജ്‌ഞാനോപാസകനാണ്‌- ചരിത്രകാരനാണ്‌- പണ്ഡിതനാണ്‌- ഗ്രന്ഥകാരനാണ്‌. അദ്ദേഹത്തിന്റെ ഭാവനാവിലാസമാണ്‌ ഈ പ്രദര്‍ശനനഗരിയില്‍ തെളിഞ്ഞുകണ്ടത്‌.

ഈ പ്രദര്‍ശനകാലത്ത്‌ ഇവിടെനിന്ന്‌ പുസ്‌തകം വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ബില്‍ത്തുക മുഴുവന്‍ അവര്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ മുഖാന്തിരം സര്‍ക്കാരില്‍ നിന്ന്‌ കൊടുക്കും. ഏതു സ്റ്റോളില്‍ നിന്നും നിശ്‌ചിതതുകയ്ക്ക് ഇഷ്ടമുള്ള പുസ്‌തകങ്ങള്‍ വാങ്ങാം. അതുകൊണ്ട്‌ സ്റ്റോളില്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും തിരക്കുണ്ട്‌.

വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ കയറ്റിയ ഉന്തുവണ്ടികള്‍ തള്ളിക്കൊണ്ടുപോകുന്നതുപോലെ പുസ്‌തകട്രോളികളുമായി നീങ്ങുന്ന വിദ്യാര്‍ത്ഥികളളേയും രക്ഷിതാക്കളേയും കണ്ടു. നാട്ടിലെ ഒരു ബുക്ക്‌ ഫെയറിലും കാണാന്‍ കഴിയാത്ത ഒരു കാഴ്‌ചയാണിത്‌.

ഓരോ വീട്ടിലും ഒരു ഗ്രന്ഥശാലയുണ്ടാവണമെന്ന്‌ ഈ അക്ഷരസ്‌നേഹിയായ സുല്‍ത്താന്‍ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിവരുന്നു. ഒരു കുടുംബത്തിന്‌ അയ്യായിരം ദിര്‍ഹം വീതമാണനുവദിക്കുന്നത്‌.

കലാപകലുഷിതമായ സിറിയയില്‍നിന്ന്‌ ഒരുതവണ അമ്പത്തിയെട്ട്‌ പ്രസാധകര്‍ക്ക്‌ ഈ ബുക്ക്‌ഫെയറില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഈ ബുക്ക്‌ഫെയറിന്‌ അവരടേക്കണ്ട മുഴുവന്‍ തുകയും റദ്ദുചെയ്‌ത്‌ അവരെ ഈ പുസ്‌തകോത്സവത്തില്‍ പങ്കെടുപ്പിച്ചു.

തദ്ദേശീയരേക്കാള്‍ വിദേശികളുള്ള ഒരു രാജ്യമാണ്‌ യു.എ.ഇ.-അതില്‍ത്തന്നെ നല്ലൊരുവിഭാഗം മലയാളികളാണ്‌. മധ്യപൂര്‍വ്വദേശത്ത്‌ സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും അധികം ഇന്ത്യക്കാരുള്ളത്‌ യു.എ.ഇ.യിലാണ്‌. അടുത്തകാലത്ത്‌ കേരളം സന്ദര്‍ശിച്ച സുല്‍ത്താന്‍ കേരളാമുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ കുറേ തടവുകാര്‍ക്ക്‌ പൊതുമാപ്പ്‌ കൊടുക്കുകയുണ്ടായല്ലോ, പോരാ, ഈ തടവുകാര്‍ക്ക്‌ ഇവിടെത്തന്നെ ജോലിസൗകര്യവും ജീവിതസാഹചര്യങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.

അതേസമയം ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായ അമേരിക്ക പല രാജ്യങ്ങളുടേയും മുമ്പില്‍ വാതില്‍ കൊട്ടിയടച്ചുകൊണ്ടിരിക്കുകയാണ്‌. കോട്ടമതില്‍ കെട്ടി ഭൂമിയേയും ജനങ്ങളേയും ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്നു. കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്കയാണിത്‌ ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്‌.

അതേ സാമ്രാജ്യത്വപാത പിന്തുടര്‍ന്ന്‌ ഇന്ത്യയും മ്യാന്‍മര്‍ അഭയാര്‍ത്ഥികളോട്‌ മനുഷ്യത്വരഹിതമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. പാകിസ്ഥാനില്‍നിന്നും ടിബറ്റില്‍നിന്നും ശ്രീലങ്കയില്‍നിന്നും ബംഗ്‌ളാദേശില്‍നിന്നുമുള്ള അഭയാര്‍ത്ഥികളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച ഇന്ത്യയുടെ വിശാലഹൃദയത്വം ഇന്നെവിടെപ്പോയി? "വസുധൈവകുടുംബകം" (ലോകമേ തറവാട്‌) എന്ന ഉപനിഷദ്‌സൂക്തം ഉദ്‌ഘോഷിക്കുന്നവരാണ്‌ ഇപ്പോള്‍ സങ്കുചിത ദേശീയവാദമുയര്‍ത്തുന്നത്‌.

ഇവിടെയാണ്‌ ഈ ചെറിയരാജ്യത്തിന്റെയും രാജ്യാധികാരിയുടേയും മനസ്സിന്റെ മഹത്വവും മനോഹാരിതയും ശ്രദ്ധേയമായിത്തീരുന്നത്‌. എന്താവാം ഇതിനുകാരണം? മനുഷ്യപക്ഷത്തു നിലയുറപ്പിച്ചിട്ടുള്ള ഒരു മഹാപണ്ഡിതനും ഗ്രന്ഥകാരനുമാണ്‌ ഈ സുല്‍ത്താനെന്നതുതന്നെ. നാല്‌പതില്‍ പരം ഗ്രന്ഥങ്ങളുടെ രചയിതാവായ ഇദ്ദേഹത്തിന്റെ കൃതികള്‍ മലയാളമുള്‍പ്പെടെ വിവിധഭാഷകളിലേക്ക്‌ വിവര്‍ത്തനംചെയ്യപ്പെട്ടിട്ടുണ്ട്‌.

ഒ.വി. ഉഷ പരിഭാഷപ്പെടുത്തിയ വെള്ളക്കാരന്‍ ഷെയ്‌ഖ്‌ അദ്ദേഹമെഴുതിയ ഒരു നോവലാണ്‌. ഏതാനും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. വലിയൊരു ചരിത്രകാരന്‍കൂടിയാണ്‌ ഈ ഭരണാധികാരി. ചരിത്രം സൃഷ്ടിക്കേണ്ടവരാണ്‌ ഭരണാധികാരികളെന്ന സന്ദേശമാണ്‌ ഈ ഷെയ്‌ഖിന്റെ ജീവിതം നല്‍കുന്നത്‌. ഷാര്‍ജാ പുസ്‌തകോത്സവത്തിന്റെ മുദ്രാവാക്യം അല്ലെങ്കില്‍ ശീര്‍ഷകം "അതിരുകളില്ലാത്ത അറിവ്‌" എന്നാണ്‌.

പത്തു വര്‍ഷം മുമ്പാണീ തലവാചകം സ്വീകരിച്ചത്‌. അതിലും ഈ സുല്‍ത്താന്റെ വിരലടയാളം കാണാം. ഈ ഷൈഖിന്റെ കേരളസന്ദര്‍ശനവും തുടര്‍ന്ന്‌ കേരളസര്‍ക്കാരുമായി സഹകരിച്ചുകൊണ്ട്‌ നടപ്പാക്കുന്ന വിവിധ പദ്ധതികളും ഇന്ന്‌ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണല്ലോ.

വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യസംരക്ഷണം മുതലായ മേഖലകളില്‍ നിരവധി പദ്ധതികളില്‍ യു.എ.ഇ. സഹകരിക്കുന്നു; പങ്കളിയാവുന്നു-അകലെക്കാഴ്‌ചയുള്ള ഭാവനാപൂര്‍ണ്ണമായ വികസനയജ്‌ഞങ്ങള്‍. യു.എ.ഇ.യുടെ നയതന്ത്രകാര്യാലയത്തിന്‌ തിരുവനന്തപുരത്ത്‌ കേരളാഗവര്‍മെണ്ട്‌ സ്ഥലം നല്‍കുന്നു. ഇവിടെ ഷാര്‍ജാസുല്‍ത്താനും കേരളാമുഖ്യമന്ത്രിയും ഒരുപോലെ പ്രശംസിക്കപ്പെടുകയാണ്‌.

ഷാര്‍ജാഭരണാധികാരിക്ക്‌ ഇന്ത്യയിലെ ഒരു സംസ്ഥാനമുഖ്യമന്ത്രിയുമായി ചേര്‍ന്ന്‌ ഇത്തരം സഹായസഹകരണപദ്ധതികള്‍ ആവശ്യമില്ല. അതേപോലെ ഒരു സംസ്ഥാനമുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമേഖലക്കപ്പുറമാണ്‌ ഇത്തരം രാജ്യാന്തരപങ്കാളിത്തങ്ങള്‍. ഇത്‌ രണ്ടുപേരുടേയും രാജ്യതന്ത്രജ്‌ഞതയുടേയും മാനവികതയുടേയും വിജയപതാകകളായിത്തീര്‍ന്നു.

മധ്യപൂര്‍വ്വദേശത്തെ സാമ്രാജ്യത്വാഭിനിവേശങ്ങളെക്കുറിച്ച്‌-നാവികപടയോട്ടങ്ങളേക്കുറിച്ച്‌- അവ�െതിരെ ഇവിടെ ഉയര്‍ന്നുവന്ന പ്രതിരോധങ്ങളെക്കുറിച്ച്‌-പഠനഗവേഷണങ്ങള്‍ നടത്തി നിരവധി ചരിത്രഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇത്തരമറിവുകള്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വ്വകലാശാലയുമായി പങ്കുവ�ാനും അദ്ദേഹം ഒരുങ്ങുകയാണ്‌.

അതിരുകളില്ലാത്ത അറിവ്‌ എന്നത്‌ അദ്ദേഹത്തിനു മേനി നടി�ാനുള്ള ഒരു മുദ്രാവാക്യമല്ല. ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ചരിത്രകാരനും ഗ്രന്ഥകാരനുമെന്ന നിലയില്‍ പണ്ഡിറ്റ്‌ നെഹ്രു വേറിട്ടുയര്‍ന്നു നില്‍ക്കുന്നു. അതിന്റെ കാരണം ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമെന്ന നിലയിലുള്ള നെഹ്രുവിന്റെ വ്യക്തിത്വശോഭയാണെന്ന്‌ കണ്ടെത്താന്‍ കഴിയും. മ

ഹാലക്ഷ്‌മിയും സരസ്വതിയും ഒരുപോലെ അനുഗ്രഹിച്ച ഒരു ഭരണാധികാരിയുടെ സാന്നിദ്ധ്യം നമുക്കിവിടെ അനുഭവിക്കാന്‍ കഴിയും. മറ്റൊരു രീതിയില്‍ അറിവിന്റെ സുല്‍ത്താന്‍ എന്നു പറയാമെന്നര്‍ത്ഥം. എല്ലാവര്‍ഷവും ഈ മേള ഉത്‌ഘാടനം ചെയ്യുന്നത്‌ ഈ പണ്ഡിതരാജനാണ്‌. തലേന്നുതന്നെ വന്ന്‌ അദ്ദേഹം ഒരുക്കങ്ങളെല്ലാം വിലയിരുത്തും. ഉത്‌ഘാടനം കഴിഞ്ഞാലും കഴിയുന്നത്ര സ്റ്റോളുകള്‍ സന്ദര്‍ശിക്കും. സമ്മേളനങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കാന്‍ ശ്രമിക്കും.

ഈ രാജ്യത്തിന്റെയെന്നപോലെ ഈ സാര്‍വ്വദേശീയസാംസ്‌കാരിക സംരംഭത്തിന്റെയും ഒരു കാരണവരാണ്‌ അദ്ദേഹം. യു.എ.ഇ.യുടെ സംസ്‌കാരികതലസ്ഥാനമാണ്‌ ഷാര്‍ജ. ഇത്‌ മറ്റു എമിറേറ്റ്‌സും അംഗീകരിച്ചിട്ടുണ്ട്‌. ഈ പുസ്‌തകോത്സവത്തിന്‌ അവരുടെയെല്ലാം പിന്തുണയുണ്ട്‌. അവരാരും ബുക്‌ ഫെയര്‍ നടത്തുന്നില്ല.

പേര്‍ഷ്യന്‍ ഉള്‍ക്കടല്‍തീരത്ത്‌ പതിനാറുകിലോമീറ്റര്‍ നീളത്തിലും എണ്‍പതു കിലോമീറ്റര്‍ കരഭാഗത്തേക്കു കയറിയും കിടക്കുന്ന ഷാര്‍ജ എമിറേറ്റിന്റെ വലുപ്പം രണ്ടായിരത്തി അറുനൂറു ചതുരശ്രകിലോമീറ്ററാണ്‌. ജനസംഖ്യ പതിനാലു ലക്ഷം(2015). പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെയും ഒമാന്‍ ഉള്‍ക്കടലിന്റെയും തീരത്ത്‌ ഭൂമിയുള്ള എക എമിറേറ്റ്‌.

ഈ പ്രദര്‍ശനശാലയില്‍ രണ്ട്‌ ഓഡിറ്റോറിയങ്ങളുണ്ട്‌. രണ്ടിലും വൈകുന്നേരം സാഹിത്യസമ്മേളനങ്ങളും കലാപരിപാടികളുമുണ്ടാവും. അത്തരമൊരു സമ്മേളനത്തിലാണ്‌ എന്റെ പുസ്‌തകം പ്രകാശനം ചെയ്യപ്പെടേണ്ടത്‌. ആ സമ്മേളനത്തിന്റെ വിവരങ്ങള്‍ ഉച്ചഭാഷിണിയിലൂടെ അവിടെ വിളംബരം ചെയ്യപ്പെടുന്നതും കേള്‍ക്കാനിടയായി.

അതോടൊപ്പം ഗ്രന്ഥകാരനിവിടെ എത്തിയിട്ടുണ്ടെന്നും ഗ്രീന്‍ ബുക്‌സില്‍ അദ്ദേഹത്തിന്റെ പുസ്‌തകം ലഭിക്കുമെന്നും വൈകുന്നേരം അഞ്ചുമണിക്കുശേഷം ഇവിടെ നിന്നും പുസ്‌തകങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ ഗ്രന്ഥകാരന്‍ പുസ്‌തകം ഓട്ടോഗ്രാഫ്‌ ചെയ്‌തുകൊടുക്കുമെന്നും അറിയിപ്പുകള്‍ വരുന്നു. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി. വൈകുന്നേരം ആരും പുസ്‌തകം വാങ്ങിയില്ലെങ്കിലും ശരി ഞാനീ പ്രദര്‍ശനനഗരിയിലുണ്ടാവണം.

ഏഷ്യാനെറ്റ്‌ ന്യൂസിന്റെ പ്രതിനിധികള്‍ എന്നെ അന്വേഷിച്ച്‌ ഗ്രീന്‍ബുക്‌സില്‍ വന്നു. അവര്‍ക്കിവിടെ പ്രദര്‍ശനനഗരിയില്‍ ഒരു ഓഫീസുണ്ട്‌. അവരെന്നെ അവിടേക്കു ക്ഷണിക്കുകയും എന്റെ ഒരഭിമുഖം ഷൂട്ടുചെയ്‌ത്‌ അവരുടെ ഗള്‍ഫ്‌ ന്യൂസില്‍ ഒന്നിലധികം തവണ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി.

ഏഷ്യാനെറ്റിന്‌ ഇവിടെ ഒരു എഫ്‌.എം. റേഡിയോ സ്റ്റേഷനുണ്ട്‌. അവരുടെ പ്രതിനിധി എന്റെ ഒരു ഇന്റര്‍വ്യൂ എടുത്ത്‌ റേഡിയോ വഴി പ്രക്ഷേപണം ചെയ്‌തു. പുസ്‌തകപ്രകാശനച്ചടങ്ങുകള്‍ സമുചിതമായ പ്രാധാന്യത്തോടെ തത്സമയം റിപ്പോര്‍ട്ടു ചെയ്യാമെന്ന്‌ അവര്‍ വാക്കുതന്നു. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ വാണിജ്യവിഭാഗം മേധാവി ഫ്രാങ്ക്‌.പി. തോമ്മസ്സിന്റെ പ്രത്യേകതാല്‌പര്യമാണ്‌ എനിക്കു ലഭിച്ച ഈ പരിഗണനയെന്ന്‌ വ്യക്തമായിരുന്നു.

ഗ്രീന്‍ബുക്‌സിന്റെ ഡയറക്ടര്‍മാരിലൊരാളായ അയ്യപ്പനെ അവിടെ വച്ച്‌ പരിചയപ്പെട്ടു. ഗ്രീന്‍ബുക്‌സില്‍ വച്ച്‌ കൃഷ്‌ണദാസാണ്‌ അയ്യപ്പനെ എന്റെ മുന്നില്‍ അവതരിപ്പിച്ചത്‌. അദ്ദേഹം താമസിക്കുന്നത്‌ ദുബായില്‍ ഡൊണാള്‍ഡും ശ്രീപ്രിയയും താമസിക്കുന്ന മേഖലക്കു സമീപമാണ്‌.

അപ്പോഴിനി ടാക്‌സിയെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും രാത്രി അദ്ദേഹത്തിന്റെ കാറില്‍ പോകാമെന്നും പറഞ്ഞു. തന്നെയല്ല നാളെമുതല്‍ എന്നും അദ്ദേഹത്തോടൊപ്പം യാത്രചെയ്യാമെന്നും പറഞ്ഞത്‌ എനിക്ക്‌ വലിയ ആശ്വാസമായി.

ഒരുകാര്യം വ്യക്തമായി. അയ്യപ്പനേപ്പോലുള്ള വിദേശമലയാളികളാണ്‌ ഗ്രീന്‍ബുക്‌സിന്റെ ഹരിതശോഭക്ക്‌ കാരണക്കാരും കാവല്‍നില്‍ക്കുന്നവരും. ഓഹരിക്കമ്പോളത്തിലെ ലാഭസാധ്യത വിലയിരുത്തി പണം മുടക്കിയവരല്ല അവരൊക്കെയും.

മലയാളത്തില്‍ നല്ല നിലവാരം പുലര്‍ത്തുന്ന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു സ്ഥാപനമുണ്ടാവണം-മംഗളോദയവും മറ്റും പോലെ. നാടും വീടുമുപേക്ഷിച്ച്‌ ഈ മണലാരണ്യത്തിന്റെ ദത്തുപുത്രന്മാരായി ജീവിക്കുന്ന അയ്യപ്പനേപ്പോലുള്ളവരുടെ സാംസ്‌കാരികാഭിനിവേശം മലയാളി മറക്കാന്‍ പാടില്ല.

ഈ പുസ്‌തകനഗരിയിലെ മലയാളിസാന്നിദ്ധ്യം കാണുന്നവര്‍ക്കൊക്കെ ഇതു ബോധ്യമാവും. ഇതുപോലൊരു മലയാളപുസ്‌തകമാമാങ്കം വേറെ എവിടെയെങ്കിലും നടന്നുവരുന്നതായും അറിവില്ല. മലയാളത്തിലെ പ്രമുഖപ്രസാധനസ്ഥാപനങ്ങളെല്ലാം ഇവിടെ എത്തിയിട്ടുണ്ട്‌. ഒ

രു വിദേശനഗരത്തില്‍ നടക്കുന്ന സാര്‍വ്വദേശീയപുസ്‌തകോത്സവത്തില്‍ വച്ച്‌ കാണുമ്പോള്‍ നമുക്കവരോട്‌ അജ്‌ഞേയമായ ഒരടുപ്പം തോന്നിപ്പോവും. ശ്രീ. അയ്യപ്പന്‍ എന്നോടൊപ്പം വരികയും എന്നെ അവര്‍ക്കെല്ലാം പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു. ആദ്യം കയറിയത്‌ ഡി.സി. ബുക്‌സിലാണ്‌. അവിടെ എന്നെ പരിചയപ്പെടുത്തേണ്ടിവന്നില്ല. സാക്ഷാല്‍ രവി.ഡി.സി. പ്രവേശനകവാടത്തില്‍ തന്നെ നില്‍ക്കുന്നു. ഇവിടെ വച്ചുകാണാനിടയായതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്‌ രവി ഞങ്ങളെ സ്വീകരിച്ചു.

ഡി.സി.യുടെ സ്റ്റോള്‍ വലുപ്പമേറിയതാണ്‌. കൈരളി- കറന്റ്‌-ഡി.സി .ബുക്‌സ്‌ എന്നിങ്ങനെ മൂന്നു സ്റ്റോളുകള്‍ ചേര്‍ന്ന ഒരു പവലിയന്‍. സ്ഥാപകനായ ഡി.സി. കിഴക്കേമുറിയുടെ ആത്മാവിന്‌ കുളിര്‍കോരുന്ന തരത്തിലാണ്‌ മകന്‍ രവി.ഡി.സി. പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ചുകൊണ്ടിരിക്കുന്നത്‌. ഷാര്‍ജാ ബുക്‌ഫെയര്‍ അതോറിറ്റിയില്‍ ഇന്ത്യന്‍ പ്രസാധകരുടെ പ്രതിനിധികളിലൊരാളായി രവിയുണ്ട്‌. ഈ ബുക്ക്‌ഫെയറില്‍ ആദ്യമായി പങ്കെടുക്കുന്ന മലയാളിപ്രസാധകനും രവി.ഡി.സി. തന്നെ. ശ്രീ. അയ്യപ്പനെ ഞാന്‍ രവിക്കു പരിചയപ്പെടുത്തി.

ദേശാഭിമാനിയുടെ സ്റ്റാളില്‍ വച്ച്‌ ശ്രീ. കൊച്ചുകൃഷ്‌ണനെ കണ്ടു. സ. പിണറായി വിജയനാണ്‌ എന്നെ കൊച്ചുകൃഷ്‌ണന്‌ പരിചയപ്പെടുത്തുന്നത്‌. പിണറായി വിളിച്ചുപറഞ്ഞിരുന്നുവെന്നും പുസ്‌തകപ്രകാശനവിഷയം നമ്മുടെ ആളുകളെയെല്ലാം അറിയിക്കാമെന്നും കൊച്ചുകൃഷ്‌ണന്‍ പറഞ്ഞത്‌ ഞങ്ങള്‍ക്ക്‌ ഒരു പ്രോത്സാഹനമായി.

പൂര്‍ണ്ണയില്‍ വച്ച്‌ എന്‍.ഇ. മനോഹറിനെ കണ്ടു. പുസ്‌തകപ്രകാശനത്തിനു ക്ഷണിച്ചു. പങ്കെടുക്കാമെന്ന്‌ സന്തോഷപൂര്‍വ്വം സമ്മതിച്ചു. എന്‍.ഇ. ബാലകൃഷ്‌ണമാരാരും എന്‍.ഇ. ബലറാമുമായും ഉള്ള എന്റെ ബന്ധം അനുസ്‌മരിച്ചപ്പോള്‍ അതൊക്കെ അറിയാമെന്ന്‌ മനോഹര്‍ പറഞ്ഞു. അവിടെനിന്നിറങ്ങിയപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു:

"നാട്ടിലാണെങ്കില്‍ ഒരു പ്രസാധകന്റെ പുസ്‌തകപ്രകാശനച്ചടങ്ങില്‍ മറ്റൊരു പ്രസാധകന്‍ പങ്കെടുക്കാറില്ല. ഇവിടെ അങ്ങിനെയല്ല. പരസ്‌പരം സഹകരിക്കും. ഇവിടെ മലയാളം പ്രസാധകര്‍ക്ക്‌ ഒരുമിച്ചു നേരിടേണ്ട പ്രശ്‌നങ്ങളുണ്ട്‌. അതുകൊണ്ട്‌ ഒരുമിച്ച്‌ നില്‍ക്കും."

മാതൃഭൂമി, മലയാളമനോരമ, മാദ്ധ്യമം എന്നീ ദിനപ്പത്രങ്ങളുടെ സ്റ്റാളുകളിലും ഞങ്ങള്‍ കയറിയിറങ്ങി. മാദ്ധ്യമത്തില്‍ ചെന്നപ്പോള്‍ തൃശ്ശൂരില്‍നിന്നും ശ്രീ. എന്‍. പത്‌മനാഭന്‍ ഞാന്‍ വരുന്ന വിവരം അവരെ അറിയിച്ചിരുന്നെന്ന്‌ പറഞ്ഞു. മാദ്ധ്യമം പ്രസിദ്ധീകരണങ്ങളുടെ ഒരു സെറ്റ്‌ അവര്‍ ഞങ്ങള്‍ക്കു തന്നു. അവര്‍ നമ്മുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തതുപോലെയാണ്‌ സംസാരിച്ചത്‌.

അയ്യപ്പന്‍: "ബാക്കി സ്റ്റോളുകള്‍ നാളെയാവാം. അല്‌പസമയം സമ്മേളനഹാളില്‍ ചിലവഴിക്കാം. അവസാനം നമ്മുടെ സ്റ്റോളിലുമൊന്നു കയറി നമുക്കു മടങ്ങാം."

അറിവില്ലായ്‌മയേക്കുറിച്ചുള്ള അറിവ്‌.

മനുഷ്യന്‍ ഒരു ഇരുകാലിമൃഗമായി ഈ ഭൂമുഖത്തു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഭാഷയുടെ പൂര്‍വ്വരൂപമായ ആംഗ്യഭാഷയോ ശബ്‌ദവിശേഷങ്ങളോ ആശയവിനിമയോപാധിയായിട്ടുണ്ടാവണം. ഭാഷക്ക്‌ ഒരു ലിഖിതരൂപവും മുദ്രണസംവിധാനവുമുണ്ടാവുന്നത്‌ എത്രയോ തലമുറകള്‍ നീണ്ട പരിവര്‍ത്തനങ്ങളുടെ ഫലമായിട്ടായിരിക്കും.

വാമൊഴിയില്‍നിന്നും വരമൊഴിയിലേക്കുള്ള ഈ ഐതിഹാസികവികാസത്തില്‍ മനുഷ്യന്‍ നേരിട്ട സാഹസികപരീക്ഷണങ്ങളും കഠിനപരീക്ഷകളും ഓര്‍ത്തെടുക്കുന്നതുതന്നെ ശ്രമകരമായ ഒരഭ്യാസമാണ്‌. ഇന്നിതാ വിജ്‌ഞാനനിധികുംഭങ്ങളായ പുസ്‌തകങ്ങള്‍-മനുഷ്യരാശിയുടെ വികാസപരിണാമങ്ങള്‍ക്കെല്ലാം വഴികാട്ടിയാവുന്ന ഗ്രന്ഥവൈവെിദ്ധ്യങ്ങള്‍-ഒരു പ്രദര്‍ശനമത്സരത്തിലേര്‍പ്പെട്ടിരിക്കുന്നു.

ഈ ഗ്രന്ഥശേഖരങ്ങളുടെ മുന്നിലൂടെ നടക്കുമ്പോള്‍-വിഷയവൈപുല്യം കൊണ്ടും വീക്ഷണവൈവിദ്ധ്യംകൊണ്ടും വിശിഷ്ടതേജസ്സാര്‍ജ്ജിച്ച വിജ്‌ഞാനരത്‌നങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍-ഞാനോര്‍ത്തുപോയി: ഈ പുസ്‌തകമാമാങ്കത്തില്‍ വച്ച്‌ എന്റെ ഒരു പുസ്‌തകം പ്രസിദ്ധീകരിക്കപ്പെടുന്നു. എന്റെ പുസ്‌തകങ്ങളിവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. വിറ്റഴിയുന്നു. പുസ്‌തകങ്ങള്‍ വാങ്ങുന്നവര്‍ എന്റെ ഒരോട്ടോഗ്രാഫിനുവേണ്ടി മുന്നില്‍ വന്നുനില്‍ക്കുന്നു. മറ്റുചില പുസ്‌തകപ്രകാശനച്ചടങ്ങുകളില്‍ ഞാന്‍ അതിഥിയാവുന്നു.

സ്വാഗതമാശംസിക്കുന്നവര്‍ എന്നെ പ്രശംസിക്കുന്നു. ഇതിലൊക്കെ അഭിമാനിക്കാന്‍ വകയില്ലേ? പക്ഷെ ഈ പുസ്‌തകസഞ്ചയങ്ങള്‍ക്കുമുന്നിലൂടെ ഒരു തീര്‍ത്ഥാടകനേപ്പോലെ നടന്നു നീങ്ങുമ്പോള്‍ മറ്റൊരു ചിന്തയും മനസ്സിലേക്കു കയറിവരുന്നു. ഈ വിജ്‌ഞാനസാഗരത്തിന്റെ തീരത്തുനിന്ന്‌ ചിപ്പിയും പവിഴപ്പുറ്റും ശേഖരിക്കുന്ന, പേടിച്ച്‌ പേടിച്ച്‌ വെള്ളത്തിലിറങ്ങി നീന്താന്‍ ശ്രമിക്കുന്ന ഒരു കുട്ടിയല്ലേ ഞാന്‍?

നമ്മുടെ അറിവില്ലായ്‌മയേക്കുറിച്ചുള്ള അറിവാണ്‌ നമ്മുടെ വിജ്‌ഞാനാര്‍ജ്ജനപരിപാടിയിലെ ആദ്യത്തെ ചുവടുവയ്‌പ്പെന്ന്‌ സോക്രട്ടീസ്‌ പറഞ്ഞത്‌ ഈ പുസ്‌തകപ്രപഞ്ചം നമ്മെ ഓര്‍മ്മിപ്പിക്കും.
രാത്രി പതിനൊന്നു മണിക്കാണ്‌ ശ്രീ അയ്യപ്പന്‍ എന്നെ ശ്രീപ്രിയയുടെ അടുത്തെത്തിക്കുന്നത്‌.

ശ്രീപ്രിയ ഉറങ്ങിയിട്ടില്ല. ഏതോ പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്നു. എനിക്ക്‌ ചെറിയൊരു കുറ്റബോധമനുഭവപ്പെട്ടു. പ്രതീക്ഷിച്ചതിലും അല്‌പംവൈകിപ്പോയെന്നു പറഞ്ഞപ്പോള്‍ തന്നെ പ്രിയ തിരുത്തി:
" ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ സാധാരണ പന്ത്രണ്ടുമണിക്കാണ്‌ കിടക്കുന്നത്‌."

ഹൃദ്യമായ ലളിതഭക്ഷണം, നാട്ടില്‍നിന്നും നാട്ടിലേക്കുമുള്ള ചില ടെലിഫോണ്‍ സംഭാഷണങ്ങള്‍, ദിനാന്തഡയറിക്കുറിപ്പുകള്‍-അങ്ങിനെ അന്നത്തെ പരിപാടികളവസാനിപ്പിച്ച്‌ എല്ലാം മറന്നുള്ള ഉറക്കത്തിലേക്ക്‌.

വായന ജീവിതത്തിനുവേണ്ടിയാണ്‌-ജീവിതം വായനക്കുവേണ്ടിയല്ല

അടുത്തദിവസം നമ്മുടെ പ്രഭാത്‌ ബുക്ക്‌ഹൗസുള്‍പ്പെടെയുള്ള കൂടുതല്‍ സ്റ്റോളുകളില്‍ കയറിയിറങ്ങിനടന്നു. ദുബായില്‍നിന്നും ഷാര്‍ജയിലേക്കും തിരിച്ചുമുള്ള യാത്രാഭാരം അയ്യപ്പനേറ്റെടുത്തതോടെ വല്ലാത്തൊരു ലാഘവം അനുഭവപ്പെട്ടു.

പ്രഭാതില്‍ ഏറെനേരമിരുന്ന്‌ അവരുമായി ആശയവിനിമയം നടത്തി. കേരളത്തില്‍ നിന്നും പ്രഭാതിന്റെ പ്രതിനിധികളാരും വന്നിട്ടില്ല. ഇവിടെ യുവസാഹിതി എന്നൊരു മലയാളിസാംസ്‌കാരികസംഘടനയാണ്‌ ബുക്ക്‌സ്റ്റോള്‍ നടത്തുന്നത്‌.

ഇതിന്റെ പ്രവര്‍ത്തകരെല്ലാം ഷാര്‍ജാമലയാളികളാണ്‌. ആശയപ്രചരണമെന്ന സാംസ്‌കാരികദൗത്യമാണ്‌ അവര്‍ നിര്‍വ്വഹിക്കുന്നത്‌. പ്രവര്‍ത്തകര്‍ മാറിമാറി സേവനമായി ഇവിടെ ജോലി ചെയ്യുന്നു. പ്രഭാത്‌ ബുക്ക്‌ഹൗസ്‌ പുസ്‌തകമയച്ചുകൊടുക്കുന്നു. ഇതില്‍നിന്നു ലഭിക്കുന്ന കമ്മീഷന്‍കൊണ്ടുമാത്രം ഇവിടുത്തെ വാടകയുള്‍പ്പെടെ മുഴുവന്‍ ചിലവുകളും നേരിടണം.

കമ്മീഷന്‍ ഇതിനു മതിയാവാതെവന്നാല്‍ ബാക്കി തുക കണ്ടെത്തുക യുവസാഹിതിയുടെ കര്‍ത്തവ്യമായിത്തീരും. പുസ്‌തകങ്ങള്‍ തിരിച്ചയക്കാറില്ല. എങ്ങിനെയെങ്കിലും ഇവിടെത്തന്നെ വിറ്റഴിക്കും. അക്ഷരസ്‌നേഹികളുടെ ഒരു ആശയപ്രതിബദ്ധത.

പ്രഭാതിന്റെ ആരംഭകാലത്ത്‌ പ്രസ്ഥാനം സംഘടിപ്പിക്കുന്നതിനുവേണ്ടി കേരളമാകെ ഓടിനടന്ന പപ്പേട്ടനെന്ന പത്മനാഭനെ ഞാനോര്‍ത്തുപോയി. അദ്ദേഹവുമായി അടുത്തിടപഴകാന്‍ എനിക്ക്‌ അവസരമുണ്ടായിട്ടുണ്ട്‌. പുസ്‌തകപ്രസാധനത്തില്‍ വ്യവസായതാല്‌പര്യങ്ങളൊന്നുമില്ലാതെ ആശയപ്രചാരണത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു ത്യാഗധനന്‍. ആ മഹാനുഭാവന്റെ സഹപ്രവര്‍ത്തകനാകാന്‍ കഴിഞ്ഞത്‌ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

കൊല്ലത്തുനിന്നും പുസ്‌തകക്കെട്ടുമായി ബോട്ടില്‍ കോട്ടയത്തിറങ്ങി അവിടെ നിന്ന്‌ ബസ്സില്‍ കുറിച്ചിത്താനത്തെത്തി അവിടത്തെ ഉത്സവത്തോടനുബന്ധിച്ച്‌ കുറച്ചുകാലം പ്രഭാത്‌ ബുക്ക്‌ഹൗസ്‌ നടത്തിയ വിവരം ഞാനവരോട്‌ പറഞ്ഞു. അവര്‍ വളരെ സന്തോഷാത്‌ഭുതങ്ങളോടെയാണ്‌ ആ കഥ കേട്ടത്‌. അവരിലൊരാള്‍ പറഞ്ഞു: "പപ്പേട്ടനേക്കുറിച്ച്‌ ഞങ്ങള്‍ കേട്ടിട്ടുണ്ട്‌ നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. പ്രഭാതിന്റെ സ്ഥാപകനാണദ്ദേഹം"

ഞാന്‍: "നിങ്ങളുടെ സമയവും സമ്പത്തും ചിലവഴിച്ച്‌ ഈ മണലാരണ്യത്തില്‍ പ്രഭാത്‌ ബുക്ക്‌ഹൗസ്‌ നടത്തുന്നതു കണ്ടപ്പോള്‍ പപ്പേട്ടനെ ഒന്നനുസ്‌മരിക്കണമെന്നു തോന്നി. അദ്ദേഹത്തിന്റെ ആശയപ്രതിബദ്ധതയുടെ ഒരംശം നിങ്ങളറിയാതെതന്നെ നിങ്ങളിലുമുണ്ട്‌. അടുത്തകാലത്ത്‌ പ്രഭാതിന്റെ ചുമതല വഹിച്ചിരുന്ന യശശ്ശരീരനായ ശ്രീ. ചന്ദ്രപ്പനുമായും എനിക്കാത്മബന്ധമുണ്ടായിരുന്നു."

പണ്ടെങ്ങോ വിട്ടുപോയ ഒരാത്മബന്ധം പുനസ്ഥാപിച്ചതിന്റെ ഒരു സുഖാനുഭൂതി ഞങ്ങള്‍ അനുഭവിച്ചു. ഗ്രന്ഥരചനയും പ്രസിദ്ധീകരണവും വില്‌പനയുമെല്ലാം ആശയസമരത്തിലെ ആയുധങ്ങളാണെന്നു വിശ്വസിച്ച മഹാനുഭാവന്മാരായിരുന്നു അവരെല്ലാം.

ഗ്രന്ഥകാരനെത്തേടി ഒരു വായനക്കാരന്‍

ഗ്രീന്‍ബുക്‌സില്‍നിന്ന്‌ ശ്രീനി എന്നെ അന്വേഷിച്ചുവന്നു. അവിടെനിന്നും എന്റെ പുസ്‌തകം വാങ്ങിയ ഒരക്ഷരസ്‌നേഹി എന്നെ കാത്തിരിക്കുന്നുവത്രേ? പിന്നെ വരാമെന്നു പറഞ്ഞ്‌ അവരോട്‌ യാത്ര ചോദിച്ചു. ഹൃദയസാന്ത്വനമെന്ന എന്റെ പുസ്‌തകവുമായി അവിടെ കാത്തിരിക്കുന്ന ആ സുഹൃത്തിനെ പരിചയപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയെന്ന മലയോരമേഖലക്കാരനാണ്‌-പേര്‍ ജോസ്‌. പ്രൊഫഷണല്‍ വീഡിയോഗ്രാഫറാണ്‌. ഒരു കമ്പനിയുമായുള്ള കോണ്‍ട്രാക്‌ടിന്റെ അടിസ്ഥാനത്തിലിവിടെ വന്നതാണ്‌. ഏതാനും ദിവസം ഈ മേഖലയിലുണ്ടാവും.

ചെറുപുഴയിലെ ഗ്രാമീണഗ്രന്ഥശാലക്കുവേണ്ടി ഗ്രന്ഥശാലാസംഘത്തിന്റെ ഫണ്ടുപയോഗിച്ച്‌ പുസ്‌തകം വാങ്ങിയപ്പോള്‍ ലങ്കാദര്‍ശനം വാങ്ങാനിടയായി. അതുവായിച്ച വായനശാലാപ്രവര്‍ത്തകര്‍ക്കെല്ലാം പുസ്‌തകമിഷ്ടപ്പെട്ടു.

പിന്നീട്‌ ഗ്രാന്റ്‌ കിട്ടുമ്പോഴൊക്കെ പുസ്‌തകലിസ്റ്റില്‍ എന്റെ പുസ്‌തകങ്ങള്‍ക്ക്‌ മുന്‍ഗണന

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+