കേരളം

ഡോളര്‍ കടത്ത് കേസില്‍ പ്രതികള്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടിസ്;കേസില്‍ ചോദ്യം ചെയ്തെങ്കിലും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നോട്ടിസ് അയച്ചിട്ടില്ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, August 4, 2021

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ പ്രതികള്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടിസ്. സ്വപ്ന, സരിത്, സന്ദീപ്, ശിവശങ്കര്‍, ഖാലിദ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. മുപ്പത് ദിവസത്തിനകം മറുപടി നല്‍കാന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

അതേസമയം കേസില്‍ ചോദ്യം ചെയ്തെങ്കിലും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നോട്ടിസ് അയച്ചിട്ടില്ല. യുഎഇയിലേക്കു വിദേശ കറൻസി കടത്തിയെന്ന കേസില്‍ വിചാരണാ നടപടികളുടെ ഭാഗമായാണ് പ്രതികള്‍ക്ക് കസ്റ്റംസ് നോട്ടീസയച്ചത്. സ്വർണക്കടത്തു കേസ് അന്വേഷണത്തിനിടെ സ്വപ്നയും സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവരും ഉള്‍പ്പെടെ ആകെ 6 പേര്‍ക്കാണ് നോട്ടിസ്.

കറൻസി കടത്ത് ആരോപണത്തിൽ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വിശദമായി ചോദ്യം ചെയ്തതായി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് നോട്ടിസ് അയച്ചിട്ടില്ല. അതേസമയം വർഷങ്ങൾക്കു മുൻപു നടന്ന സംഭവത്തില്‍ നയതന്ത്ര പ്രതിനിധികളെയടക്കം ചോദ്യം ചെയ്യാനായിട്ടില്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട്, നിർമാണ കരാറുകാരായ യൂണിടാക് ബിൽഡേഴ്സ് നൽകിയ കോഴപ്പണത്തിലെ ഒരു ഭാഗമാണു ഡോളറിലേക്കു മാറ്റി വിദേശത്തേക്കു കടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കും എതിരെ സ്വപ്നയും സരിത്തും ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുന്ന എം.ശിവശങ്കറിന്റെ മൊഴിയും നോട്ടീസിൽ പ്രത്യേകം ചേർത്തിട്ടുണ്ട്.

×