25 കാരന്‍ 48 കാരിയെ പണം മോഹിച്ച് വിവാഹം ചെയ്തു എന്ന് വ്യാജ പ്രചരണം; നിയമനടപടിക്ക് ദമ്പതികൾ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Thursday, February 7, 2019

സോഷ്യൽ മീഡിയ ഇങ്ങനെയാണ്, ആദ്യം വാർത്തകൾ എത്തിയതും ഇങ്ങനെ, എന്തിനെയും ഏതിനെയും അങ്ങു പരിഹസിക്കും, ട്രോളുകളുടെ കാലം ആണല്ലോ. അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് അനാരോഗ്യകരമായ സൈബര്‍ ആക്രമണം നടന്നത്.

പണം മോഹിച്ചാണ് സുന്ദരനായ വരൻ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പണം കണ്ടപ്പോൾ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാർത്ത ചമച്ചു. നെറികെട്ട ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് വാട്സാപിലും ഫെയ്സ്ബുക്കിലും മറ്റും ഇവര്‍ക്കെതിരെ പടച്ചുവിട്ടത്.

15 കോടി ആസ്തിയുള്ള 48 കാരിയെ 25 കാരൻ വിവാഹം കഴിച്ചെന്നായിരുന്നു ദുഷ്പ്രചാരണം. അനൂപും ജൂബിയും ഫെബ്രുവരി നാലിനാണ് വിവാഹിതരായത്. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനാണ് അനൂപ്. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്.

ടൂറിസത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയായ ജൂബിയെ കണ്ട് ഇഷ്ടമായ 29 കാരനായ അനൂപിന്റെ വീട്ടുകാർ വിവാഹലോചന നടത്തുകയായിരുന്നു. വിവാഹത്തെക്കുറിച്ച് പല കഥകളും ആളുകൾ ചമയ്ക്കുന്നുണ്ടെന്നും ഇതെല്ലാം ദുഃഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറഞ്ഞു. അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കാൻ തന്നെയാണു ദമ്പതികളുടെ തീരുമാനം.

×