സിസേറിയന് തൊട്ട് മുമ്പ് ലേബര്‍ റൂമില്‍ ഡോക്ടറുമൊത്ത് ഗര്‍ഭിണിയുടെ തകര്‍പ്പന്‍ ഡാന്‍സ്- വൈറലായി വീഡിയോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 29, 2018

ഒരു കുഞ്ഞ് ജീവതത്തിലേക്ക് കടന്നു വരുമ്പോള്‍ അതും സിസേറിയന് തൊട്ടു മുമ്പ് ഗര്‍ഭിണി ഡാന്‍സ് കളിച്ച് അത് ആഘോഷമാക്കുന്നത് കൗതുകമുണര്‍ത്തുന്ന കാഴ്ചയല്ലേ. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുമാലാഖയെ സ്വീകരിക്കാന്‍ സംഗീത ഗൗതം എന്ന നൃത്താധ്യാപിക ചെയ്തതും അതുതന്നെയാണ്. സിസേറിയന് തൊട്ടുമുമ്പ് ഡോക്ടര്‍ക്കൊപ്പം ചേര്‍ന്ന് ലേബര്‍ റൂമില്‍ വച്ച് ഒരു കിടിലന്‍ ഡാന്‍സ്.

‘നൃത്തം ചെയ്യാനുളള ഒരു അവസരവും പാഴാക്കരുത്. ജീവിതം ആഘോഷിക്കാന്‍ നൃത്തത്തേക്കാള്‍ മികച്ച വഴി മറ്റെന്താണുള്ളത്. അതുകൊണ്ട് എന്റെ കുഞ്ഞുമാലാഖയ്ക്ക് വേണ്ടി ഞാനും എന്റെ സൂപ്പര്‍ ടാലന്റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്ന് ചെയ്യുന്ന സ്വാഗതനൃത്തം ഇതാ. എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ടുനിന്നതിന് ഡോക്ടര്‍ക്ക് നന്ദിയുണ്ട് . കാരണം നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നു. എന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കുന്ന ഗൗതമിനും നന്ദി.’ ഓപ്പറേഷന്‍ തിയേറ്ററിലെ തന്റെ നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സംഗീത കുറിച്ചു.

സംഗീതയുടെ ഭര്‍ത്താവും നര്‍ത്തകനുമായ ഗൗതമാണ് ഇരുവരുടെയും വീഡിയോ പകര്‍ത്തിയത്. ഇവരുടെ നൃത്തം ഏതായാലും സോഷ്യല്‍ മീഡിയ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. മൂന്നു ലക്ഷത്തിലധികം ആള്‍ക്കാരാണ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ കണ്ടത്. നിരവധിയാളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു പെണ്‍കുഞ്ഞിനാണ് സംഗീത ജന്മം നല്‍കിയത്.

×