തെരെഞ്ഞെടുപ്പായാല്‍ ഏത് തീവ്ര സംഘടനക്കാരുടെയും തിണ്ണ നിരങ്ങാന്‍ മടിക്കാത്ത മുഖ്യധാരാപാര്‍ട്ടികള്‍ ഓര്‍ക്കുക, വാളെടുത്തവൻ വാളാൽ എന്ന് ! താടിയുള്ള അപ്പൂപ്പനെ പേടി എന്ന അവസ്ഥ മാധ്യമങ്ങളും ഉപേക്ഷിക്കുമോ ?

ദാസനും വിജയനും
Friday, July 6, 2018

ഈ ക്യാംപസ് ഫ്രണ്ടുകാരോട് ഒരു അഭ്യർത്ഥന – കൊലപാതക രാഷ്ട്രീയത്തിലൂടെ അധികാരത്തിൽ എത്തപ്പെട്ടവര്‍ നീണാള്‍ വാഴുന്ന ഈ ശുഭമുഹൂർത്തത്തിൽ കൊലപാതകങ്ങൾ നിർത്തുവാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് ന്യായമാണോ എന്നറിയില്ല !

നിങ്ങൾ കൈകൾ വെട്ടുന്നു, അല്ലെങ്കിൽ ചങ്കിൽ കുത്തുന്നു, ആയിക്കൊള്ളട്ടെ . പക്ഷെ ചെയ്തവർ അത് സമ്മതിച്ചുകൊണ്ട് നിയമത്തിന്റെ മുന്നിൽ വന്നുനിന്നുകൊണ്ട് ആ ചങ്കൂറ്റം കാണിക്കണം എന്നഭ്യർത്ഥിക്കുന്നു.

കാരണം ഓരോരോ കൈവെട്ടുകൾ കഴിയുമ്പോഴും ഓരോരോ പാതകങ്ങൾ ചെയ്യുമ്പോഴും നിരവധി കുടുംബങ്ങളെയാണ് ഈ പേരിൽ പോലീസും സമൂഹവും വേട്ടയാടുന്നത് .

അത് സംഭവിക്കുന്നത് നിങ്ങൾ മുങ്ങുന്നതുകൊണ്ട് മാത്രമാണ്. ഇപ്പോൾ തന്നെ എത്രയോ കുടുംബങ്ങളിലാണ് പോലീസ് കയറി ഇറങ്ങുന്നത് .

നിങ്ങൾക്കെന്താ പിടികൊടുത്താൽ. മൂവാറ്റുപുഴയിലെ മാഷുടെ കൈവെട്ടിയവർ എന്തിനാ മംഗലാപുരത്തേക്ക് മുങ്ങിയത്, എന്തിനാണ് മുംബൈക്ക് മുങ്ങുവാൻ ശ്രമിച്ചത് . അത് ശരിയല്ലല്ലോ ?

അർജുനന്റെ അമ്മയും ശുഹൈബിന്റെ അമ്മയും ടിപിയുടെ അമ്മയും ഷുക്കൂറിന്റെ അമ്മയും ജയകൃഷ്ണൻ മാഷിന്റെ അമ്മയും ഫസലിന്റെ അമ്മയും അതുപോലെയുള്ള നൂറു കണക്കിന് മണ്ടന്മാരായ രക്തസാക്ഷികളുടെ അമ്മമാരും കൂത്തുപറമ്പിലെ വെടികൊണ്ടവരുടെ അമ്മമാരും എല്ലാം മനുഷ്യജീവികൾ തന്നെ .

എല്ലാവരും പത്ത്  മാസം  നൊന്തുതന്നെയാണ് എല്ലാവരെയും പ്രസവിച്ചത്. എല്ലാവരുടെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണ് . അതുപോലെ പോലീസുകാരാൽ കൊല്ലപ്പെട്ട ശ്രീജിത്തും ആത്മഹത്യ ചെയ്ത വിഷ്ണു പ്രണോയിയും മനുഷ്യജീവനുകളായിരുന്നു .

ആരും ആരെയും കൊല്ലുവാൻ അധികാരപ്പെടുത്തിയിട്ടില്ല. മഹാരാജാസ് കോളേജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്, തൃശൂരിലെ കേരളവർമ്മ കോളേജ് , ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ബ്രണ്ണൻ കോളേജ്, പാലക്കാട്ടെ യുസി കോളേജ് ,കോഴിക്കോട്ടെ ഫാറൂഖ് കോളേജ്, എന്നിങ്ങനെയുള്ള കോളേജുകളെല്ലാം രാഷ്ട്രീയപാർട്ടികൾ , പ്രത്യേകിച്ച് ഇടതുപാർട്ടികൾ അവരുടെ പാർട്ടിയെ വളർത്തുവാൻ അല്ലെങ്കിൽ വിദ്യാർത്ഥികളെ തെരുവിൽ ഇറക്കുവാനായി ഉപയോഗിക്കുന്ന കോളേജുകളാണ് .

അപ്പോൾ പിന്നെ അവിടെ നിന്നൊക്കെ ആയുധശേഖരം കണ്ടെത്തിയാൽ ആരും തന്നെ ഞെട്ടിത്തരിക്കേണ്ട കാര്യം ഉദിക്കുന്നില്ല . ഈ കോളേജുകളൊക്കെ നഗര ഹൃദയത്തിൽ നിന്നും പൊളിച്ചുമാറ്റിയാൽ തന്നെ കേരളം പകുതി രക്ഷപ്പെടും . അപ്പോൾ പിന്നെ രാഷ്ട്രീയപാർട്ടികൾക്ക് ചാവേറുകളെ കിട്ടാതാകും, പക്ഷെ കുറെ അമ്മമാരുടെ കണ്ണുനീർ ഇനിയും കേരളമണ്ണിൽ വീഴാതെയാക്കാം .

ഷുഹൈബിനെ അനാവശ്യമായി നുറുക്കി കൊന്നപ്പോൾ അല്ലെങ്കിൽ ശ്രീജിത്തിനെ അനാവശ്യമായി ചവുട്ടി കൊന്നപ്പോൾ കാണാത്ത പ്രതികരണതൊഴിലാളി വർഗ്ഗം ഇപ്പോൾ സടകുടഞ്ഞു എണീറ്റിട്ടുണ്ട് .

മഹാരാജാസിലെ തന്നെ എസ്എഫ്ഐ നേതാവായിരുന്ന സംവിധായകൻ
നിർമ്മിച്ച ചിത്രത്തിനായി ഇറക്കിയത് അബുദാബിയിലെ എസ്ഡിപിഐ അനുഭാവികൾ പിരിച്ചെടുത്ത പണമായിരുന്നു എന്ന് പറഞ്ഞാൽ നിർമ്മാതാവിന് നിഷേധിക്കുവാനാകുമോ ? അപ്പോൾ പിന്നെ പണത്തിന്റെ മുന്നിൽ എസ്എഫ്ഐ ഇല്ല എസ്ഡിപിഐ ഇല്ല  !! . എല്ലാവർക്കും അവനവന്റെ കാര്യങ്ങൾ നടക്കണം , അത്രതന്നെ !! 

തിരഞ്ഞെടുപ്പ് വരുമ്പോൾ തവനൂരിലെ നേതാവിനെയും ബേപ്പൂരിലെ കാക്കയെയും എസ്ഡിപിഐ കാരുടെ വീട്ടിലേക്ക് വോട്ടുകൾ ഉറപ്പിക്കുവാൻ പറഞ്ഞയക്കുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഓർക്കണമായിരുന്നു . വാളെടുത്തവൻ വാളാൽ എന്ന് .

അല്ലാതെ ഒരു പോസ്റ്ററിന്റെ പേരിൽ അരുംകൊലകൾ നടക്കുമ്പോൾ ചുമ്മാ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല . താടിയുള്ള അപ്പൂപ്പനെ പേടി എന്ന് പറഞ്ഞതുപോലെയാണ് പത്രക്കാരുടെയും ചാനലുകാരുടെയും അവസ്ഥ .

‘ഒരു അനാഥക്കുട്ടിയുടെ മുന്നിലിരുന്ന്‌ സ്വന്തം കുട്ടിയെ താലോലിക്കരുത് ‘ എന്ന് ലോകത്തെ ഉപദേശിച്ച ആ ദയാലുവായ പ്രവാചകന്റെ അനുയായികൾക്ക് ഒരു ജീവൻ എടുക്കുവാൻ എങ്ങനെ സാധിക്കുന്നു എന്നത് വളരെ ആശ്ചര്യമുളവാക്കുന്നു .

അഭിമന്യു ആയാലും അർജുനൻ ആയാലും ഷുവൈബ്‌ ആയാലും ഷുക്കൂർ ആയാലും ചോരയുടെ നിറം ചെമപ്പ് തന്നെ എന്ന ഉറച്ച നിശ്ചയത്തിൽ ,

അഭിമന്യുവിന്‍റെ ഘാതകര്‍  ഭീഷണിപ്പെടുത്തില്ല എന്ന വിശ്വാസത്തിൽ,

പോസ്റ്ററൊട്ടിച്ചുകൊണ്ട് ദാസനും മൈദപ്പശ തേച്ചുകൊണ്ട് വിജയനും

×