മോഡിയുടെ തെരഞ്ഞെടുപ്പ് ദുരന്തം മുന്‍കൂട്ടി കണ്ട് രാഷ്ട്രീയ ജ്യോത്സ്യനായ റാം വിലാസ് പാസ്വാന്‍ പണി തുടങ്ങി. 2019 സര്‍ക്കാരിനെപ്പറ്റി ഇനി ആശങ്കയാര്‍ക്ക് ? പാസ്വാന്‍ മോഡിയെ കയ്യൊഴിയുമ്പോള്‍ കൈ പിടിക്കുന്നതാര് ?

ദാസനും വിജയനും
Saturday, July 28, 2018

പാസ്വാൻ എവിടെയുണ്ടോ അവിടെ അധികാരമുണ്ട്. അവസരവാദ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായ മിസ്റ്റർ പാസ്വാൻ അധികാരക്കസേരയില്ലാതെ ഒരു നേരവും അന്തിയുറങ്ങിയിട്ടില്ല.

ദളിതനായ ഈ ബീഹാറുകാരൻ ഒരിക്കൽ നേടിയ ഭൂരിപക്ഷം നാലരലക്ഷം വോട്ടുകളാണ്. അത് അന്നുവരെയുള്ള ദേശീയ റിക്കാര്‍ഡ് ആയിരുന്നു . ഇന്നദ്ദേഹം മോദിജിയുമായി അകന്നുതുടങ്ങിയിരിക്കുന്നു , അപ്പോൾ അതിന്നർത്ഥം അടുത്ത ലോക്സഭാ തിരിഞ്ഞെടുപ്പിൽ കാര്യങ്ങൾ അത്ര സുഖകരമല്ല എന്ന വ്യക്തമായ തിരിച്ചറിവാണ് .

ചില ദുരന്തങ്ങള്‍ പ്രകൃതിയില്‍ മറ്റു ചിലര്‍ നേരത്തെ തിരിച്ചറിയുന്നു എന്ന്‍ പറയുന്നതുപോലെ രാഷ്ട്രീയത്തിന്‍റെ കാര്യത്തില്‍ ഇത് മുന്‍കൂട്ടി മനസിലാക്കുന്നത് പസ്വാനാണ്. 1989 ല്‍ ബി പി സിംഗ് സര്‍ക്കാരില്‍ മന്ത്രിയായി തുടക്കമിട്ട ശേഷം ഇന്ത്യയില്‍ അധികാരത്തില്‍ വന്ന രണ്ടേ രണ്ടു സര്‍ക്കാരുകളില്‍ മാത്രമേ പാസ്വാന് മന്ത്രിയാകാന്‍ കഴിയാഞ്ഞതുള്ളു.

നരസിംഹ റാവു സര്‍ക്കാരിലും മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം യു പി എ സര്‍ക്കാരിലും റാവു കൂടെക്കൂട്ടിയില്ല. രണ്ടാം മന്‍മോഹന്‍ സിംഗിന്റെ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പില്‍ തോറ്റും പോയി. അതൊഴിച്ചാല്‍ ബാക്കിയുള്ള എല്ലാ സര്‍ക്കാരുകളിലും പാര്‍ട്ടിയേതെന്നോ മുന്നണി ഏതെന്നോ നോക്കാതെ തെരഞ്ഞെടുപ്പിന് കാലേക്കൂട്ടി കാലുവാരി അദ്ദേഹം മന്ത്രിസ്ഥാനം ഉറപ്പിച്ചിരിക്കും. അങ്ങനൊരു മെയ് വഴക്കം ഇന്ത്യയില്‍ മറ്റൊരാള്‍ക്കും ഇല്ലാതെ പോയി.

സോഷ്യൽ മീഡിയയിൽ മോദിജിക്കായി പണിയെടുക്കുന്ന രണ്ടായിരത്തോളം ഐടി തൊഴിലാളികളും അർണാബ് ഗോസാമിയും രാജീവ് ചന്ദ്രശേഖറും സുബ്രമണ്യൻ സ്വാമിയും ഒക്കെ പറയുന്നതുപോലെ ഒരു ഭരണത്തുടർച്ച പസ്വാൻജി കാണുന്നില്ല . അതിന്റെ തെളിവാണ് ഇപ്പോഴത്തെ ഈ അകൽച്ച .

അല്ലെങ്കിലും നമ്മൾ തന്നെ നമ്മുടെ ഈ ചെറിയ ബുദ്ധിയിൽ ആലോചിച്ചാൽ മനസ്സിലാക്കാവുന്ന ചില വസ്തുതകൾ പരിശോധിക്കാം .
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തന്നെ ഒരു വിലയിരുത്തലിൽ കേവലം 31 ശതമാനം വോട്ടുകൾ മാത്രം നേടിയ ഭാരതീയ ജനതാപാർട്ടി 282 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി അധികാരത്തിൽ വന്നു .

19.3 ശതമാനം വോട്ടുകളുമായി കോൺഗ്രസ്സ് പാർട്ടി 44 സീറ്റുകൾ നേടിയപ്പോൾ 150 ഓളം സീറ്റുകളിൽ കോൺഗ്രസ്സ് പാർട്ടി തോറ്റത് വെറും ഇരുപത്തിനായിരത്തിൽ താഴെ വോട്ടുകൾക്കാണ് .

ഉദാഹരണമായി കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ചാലക്കുടിയിൽ ഇന്നസെന്റ് 13880 വോട്ടുകൾക്കാണ് പിസി ചാക്കോയെ പരാചയപ്പെടുത്തിയത് .

ഇവിടെ എ എ പി യുടെ നൂറുദ്ദീൻ 35189 വോട്ടുകൾ നേടിയപ്പോൾ എസ്ഡിപിഐ യുടെ ഷെഫീർ 14386 വോട്ടുകൾ നേടി . ബിജെപിയെ ഇന്ത്യയിൽ ഇത്രത്തോളം വളർത്തിയതിൽ വലിയ പങ്കാണ് ഈ രണ്ടു പാർട്ടികളും കൂടി ചെയ്തുകൊടുത്തത് .

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ സുധാകരൻ 6566 വോട്ടുകൾക്ക് പരാജയപെട്ടപ്പോൾ അവിടെയും ബിജെപിയുടെ പോഷക സംഘടനകളായ ആപ്പ് 6106 വോട്ടുകളും എസ്ഡിപിഐ 19170 വോട്ടുകളും നേടി .

കാസർഗോഡ് ലോക്സഭയിൽ ടി സിദ്ധീഖ് 6921 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ അവിടെയും ആപ്പും എസ്ഡിപിഐ യും ചേർന്ന് 15000 ത്തോളം വോട്ടുകൾ പിടിച്ചു.

അതുപോലെ കോൺഗ്രസ്സിന്റെ അജിത് ജോഗി 133 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ അവിടെ ആപ്പ് 6000 വോട്ടുകൾ നേടി . ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് മാതൃക ബിജെപിയുടെ പിആർ കമ്പനി ഉപദേശിപ്പിച്ചപ്പോൾ അന്നത്തെ പ്രസിഡണ്ട് മിസ്റ്റർ നിതിൻ ഗഡ്കരി അക്കാര്യം നൂറു ശതമാനവും പ്രബല്യത്തിൽ വരുത്തി .

അണ്ണാ ഹസാരെ എന്ന ഒരു മറാത്തിയെ തന്നെ വേഷം കെട്ടിച്ച് ഡൽഹിയിലേക്ക് ആനയിച്ചപ്പോൾ ലക്ഷ്യങ്ങൾ വേറെ തരത്തിൽ ആയിരുന്നു .

കാൻഷിറാമിനെ അവതരിപ്പിച്ച് കർഷക മാർച്ചുകൾ സംഘടിപ്പിച്ചുകൊണ്ട് അധികാരത്തിൽ എത്തിയ മായാവതിയെപ്പോലെ തനിക്കും ദൽഹി മുഖ്യമന്ത്രിയാകാം എന്നുകരുതിയ കിരൺബേദിയുടെ ഐഎഎസ് ബുദ്ധിയെ തകിടം മറിച്ചത് പാൽ കൊടുത്ത കൈക്ക് തന്നെ കൊത്തിയ അരവിന്ദ് കെജ്രിവാളാണ് . എല്ലാം ഒരേ തൂവൽ പക്ഷികൾ .

ഡൽഹിയിൽ നിന്നും ആരംഭിച്ച ആപ്പ് , തൊട്ടടുത്ത് കിടക്കുന്ന യുപിയിൽ ഇല്ല , പക്ഷെ കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചാബിൽ ഉണ്ട് . രാജസ്ഥാനിൽ ഇല്ല പക്ഷെ ഗോവയിൽ ഉണ്ട് . ഗുജറാത്തിൽ ഇല്ല പക്ഷെ കേരളത്തിൽ ഉണ്ട് . മധ്യപ്രദേശത്തിൽ ഇല്ല പക്ഷെ കർണ്ണാടകത്തിൽ ഉണ്ട് . അപ്പോൾ തന്നെ നമ്മുടെ സ്വാഭാവിക ബുദ്ധിയിൽ ആലോചിക്കാവുന്ന കാര്യങ്ങളേയുള്ളൂ .

പിന്നെയുള്ളത് , ആന്റണിയെപ്പോലെ , പിജെ കുര്യനെപ്പോലെ , വയലാർ രവിയെപ്പോലെ , കുറെയധികം ഗുണമില്ലാത്ത നേതാക്കള്‍ ഡൽഹിയിൽ എല്ലാ സംസ്ഥാനത്തു നിന്നും അടിഞ്ഞുകൂടിയപ്പോൾ അണികളുടെ വികാരവും സോഷ്യൽ മീഡിയയുടെ സ്വാധീനവും മനസിലാക്കാവുന്ന ബുദ്ധിയുള്ളവരെയൊക്കെ കടൽക്കിളവന്മാർ ചേർന്ന് ഒതുക്കി.

10 വര്ഷം ഭരിച്ച പാർട്ടി ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ പറ്റാതെയായി . കൂടാതെ പാർട്ടി പ്രസിഡണ്ടിന്റെ ആരോഗ്യ സ്ഥിതിയും വളരെ മോശമായിരുന്നു .

അവസാനത്തെ രണ്ടുകൊല്ലം എങ്കിലും ആ പ്രണബ് കുമാർ മുഖർജിയെ പ്രധാനമന്ത്രി ആക്കിയിരുന്നുവെങ്കിൽ 44 സീറ്റുകളിലേക്ക് കോൺഗ്രസ്സ് നിലം പൊത്തില്ലായിരുന്നു .

മുറുക്കിപിടിച്ചാൽ കേരളത്തിലെ മുഴുവൻ സീറ്റുകളും അടിച്ചെടുക്കാം എന്നതിന്റെ തെളിവാണ് വടകരയിലെ മുല്ലപ്പിള്ളിയുടെ വിജയഗാഥ .

കാസർഗോട്ട് ടി സിദ്ധിഖും , കണ്ണൂരിൽ സതീശൻ പാച്ചേനിയും , വടകരയിൽ മുല്ലപ്പിള്ളിയും , വയനാട്ടിൽ അബ്ദുള്ളക്കുട്ടിയും ,പാലക്കാട്ട് വിടി ബലറാമോ അല്ലെങ്കിൽ വേണു രാജാമണിയോ , ആലത്തൂരിൽ ഐ എം വിജയനും , തൃശൂരിൽ ടിഎൻ പ്രതാപനും , ചാലക്കുടിയിൽ ടിപി ശ്രീനിവാസനും , ഇടുക്കിയിൽ ബെന്നി ബഹനാനും , എറണാകുളത്ത് സൗമിനി ജയിനും , പത്തനംതിട്ടയിൽ ആന്റോ ആന്റണിയും , കോട്ടയത്ത് ഉമ്മൻചാണ്ടിയും , ആലപ്പുഴയിൽ കെസി വേണുഗോപാലും , മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും , കോട്ടയത്ത് ഉമ്മൻചാണ്ടിയും , ആറ്റിങ്ങലിൽ വിഎം സുധീരനും തിരുവനന്തപുരത്ത് ശശി തരൂരും ഒക്കെ മത്സരിച്ചാൽ വേണമെങ്കിൽ നൂറുമേനി കൊയ്യാം .

ഇങ്ങനെയൊക്കെ എഴുതുമ്പോൾ ഇതെന്താ ഒരു കോൺഗ്രസിനെ വിജയിപ്പിക്കുവാനുള്ള വ്യഗ്രത എന്നൊക്കെ തോന്നിപ്പോകാം . പക്ഷെ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ ചിന്തിച്ചപ്പോൾ അസഹിഷ്ണുത ഇല്ലാത്ത ഒരു ഇന്ത്യയെ തിരിച്ചുകിട്ടണമെന്ന് മോഹമുള്ളതുകൊണ്ടും , ജനക്കൂട്ട ആക്രമണങ്ങൾ വാട്സ്ആപ്പിൽ കാണുമ്പോഴുള്ള വിഷമം കൊണ്ടും , പോത്തിറച്ചിയോടുള്ള ആർത്തികൊണ്ടും , ആവിഷ്ക്കാര സ്വാതന്ത്ര്യവും , എഴുതുവാനും പറയുവാനും ഉള്ള സ്വാന്ത്ര്യത്തിനുവേണ്ടിയും , ഉള്ളതുപറയുമ്പോൾ കരിഓയിൽ ഒഴിക്കാത്ത ഒരിന്ത്യക്കുവേണ്ടിയും , പരസ്പര സൗഹാർദ്ദമുള്ള അയൽവക്ക സ്നേഹത്തിനുവേണ്ടിയും , മോഹൻദാസും റഷീദും ജോയിയും ഒക്കെ ഒരുമിച്ചു സെക്കൻഡ്ഷോക്ക് പോകുന്ന ആ കാലഘട്ടങ്ങൾ തിരിച്ചുകൊണ്ടുവരുവാനും ഒക്കെയായി തോന്നിയപ്പോൾ എഴുതിയെന്നേയുള്ളൂ .

ഇനി ഇതിന്റെ പേരിൽ കരിഓയിൽ ഒഴിച്ചുകളയാം എന്നും കരുതേണ്ട !!!

ഒത്തുപിടിച്ചാൽ മലയും പറിക്കാം എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ,

പോത്തിറച്ചിയും പൊറോട്ടയും കൂട്ടിക്കുഴച്ചുകൊണ്ട് ദാസനും ഇറച്ചിവെട്ടുകാരൻ വിജയനും

×