Advertisment

ശബരിമലയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല ! മെക്കിട്ട് കയറ്റം അയ്യപ്പനോട്‌ വേണ്ട !

New Update

publive-image

Advertisment

ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഒരു ആഗസ്ത് പതിനഞ്ചിന് നമ്മെക്കൊണ്ട് ദേശീയ പതാക ഉയർത്തുവാൻ സമ്മതിക്കാതെ മഴ തിമിർത്ത് പെയ്തപ്പോൾ കൊടുങ്ങല്ലൂരിൽ നിന്നും മാഹിയിലേക്കും അന്ന് രാത്രി തിരിച്ചും വരേണ്ടിവന്നു.

രാത്രി ഏറെ വൈകിയപ്പോൾ ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു വീട്ടിൽ അന്തിയുറങ്ങുകയും അതിരാവിലെ അവിടെനിന്നും പുറപ്പെടുകയും ചെയ്തു .

എടപ്പാളിനും ചങ്ങരംകുളത്തിനും ഇടയിൽ ഹൈവേ പുഴയായപ്പോൾ ഡ്രൈവറുടെ ഭാര്യയുടെ ചീത്തവിളികൊണ്ട് മാത്രം ആ പുഴയും കടന്ന് പുഴയ്ക്കൽ പാടത്തെത്തി. അതിരാവിലെ തന്നെ കേരളത്തിന്റെ നല്ലവരായ ജനത ട്രാഫിക്ക് തിരിച്ചുവിട്ടപ്പോഴാണ് മഴയുടെ ഒരു ശക്തി മനസിലാക്കുവാൻ ആയത് .

publive-image

പിന്നീട് ചാവക്കാട് വഴി എൻഎച്ച് പതിനേഴിലൂടെ യാത്രതുടർന്നപ്പോൾ അവിടവിടെയായി കുഞ്ഞുകുഞ്ഞു പുഴകൾ നാട്ടുകാർ കൈകാര്യം ചെയ്തിരുന്നു . അവരാണ് കേരളത്തെ കുറച്ചെങ്കിലും രക്ഷപ്പെടുത്തിയത് എന്ന് പറയേണ്ടതില്ലല്ലോ ?

കാക്കാത്തുരുത്തിയിലും മതിലകത്തും പൂവത്തും കടവിലും വെള്ളം കയറിയപ്പോൾ കാവിൽക്കടവിലെ വെള്ളത്തിലൂടെ രണ്ടുംകൽപ്പിച്ചു സൈലൻസറിൽ വെള്ളം കയറാതെ ഡ്രൈവു ചെയ്തതുകൊണ്ട് ഒരു വിധേന സ്വന്തം വീടണഞ്ഞു .

വൈദ്യുതി മന്ത്രിയും ജലസേചനവകുപ്പ് മന്ത്രിയും കൊമ്പ് കോർത്തപ്പോൾ ഉദ്യോഗസ്ഥർ അവരവരുടെ പുറംപൂച്ച് വെളിയിൽ എടുത്തു, ആകെയുള്ള 39 അണക്കെട്ടുകളിൽ 33 എണ്ണവും തുറന്നപ്പോൾ ബാക്കിയുള്ളവ തുരുമ്പ് എടുത്തതിനാൽ തുറയ്ക്കാൻ പറ്റിയില്ലത്രേ .

എന്തായാലും പതിവിന് വിപരീതമായി ആലുവയും ചെങ്ങന്നൂരും ചാലക്കുടിയും പറവൂരും പമ്പയും റാന്നിയും കോന്നിയും എല്ലാം വെള്ളത്തിന്നടിയിൽ ചെളിയിൽ പൂണ്ടു . ചാലക്കുടി പുഴയുടെ തീരത്തുള്ള ഇലക്ട്രിക്ക് പോസ്റ്റുകളിലെ കമ്പികളിൽ ജനങ്ങളുടെ അടിവസ്ത്രങ്ങൾ തൂങ്ങിക്കിടക്കുന്നത് കാണുമ്പോഴാണ് വെള്ളത്തിന്റെ ഉയരം അളക്കുവാനാകുന്നത് .

publive-image

കർക്കടകമാസത്തിലെ വാവ് നാളുകളിൽ കടൽവെള്ളം കരയിലേക്ക് ഒഴുകുമെന്നത് മനസ്സിലാക്കുവാൻ കഴിയാതെ പോയതാണ് നമ്മുടെ ഭരണകൂടത്തിന് പറ്റിയ മണ്ടത്തരം .

എല്ലാം ശരിയാക്കാമെന്ന വ്യാമോഹം ദൈവം തകർത്തു കളഞ്ഞപ്പോൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ വേണ്ടിവന്നു എല്ലാം ശരിയാക്കുവാൻ . കമ്പ്യുട്ടറിനെ കുറ്റംപറഞ്ഞവർ അതിനെ എതിർത്തവർ എല്ലാം രക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ എന്നുള്ളത് നമ്മൾ മനസ്സിലാക്കി .

കോണത്തുകുന്ന് സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിൽ ആദ്യമെത്തിയപ്പോൾ പായയും പുതപ്പും വേണമെന്നുള്ള ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് പരമാവധി സംഘടിപ്പിച്ച് അവിടെ എത്തിച്ചപ്പോൾ പഞ്ചായത്തിലെ അംഗംങ്ങൾക്ക് അത് കൊടുക്കുന്നതിന്റെ ഫോട്ടോ വേണമത്രേ.

ഫോട്ടോയൊന്നും ഇപ്പോൾ വേണ്ട എന്ന് പറഞ്ഞപ്പോൾ വില്ലേജ് ഓഫീസർ എഴുന്നേറ്റ് നിന്ന് കൈകൾ കൂപ്പി . നന്മമരങ്ങൾ ഇപ്പോഴും അവിടവിടെയായി വളരുന്നുണ്ട് എന്നതിൽ സന്തോഷം .

publive-image

മാതൃഭൂമിയുടെ ലേഖകനും ഫോട്ടോഗ്രാഫറും കടുത്തുരുത്തിയില്‍ ഒഴുക്കിൽ പെട്ടതിനുശേഷമുള്ള പ്രളയമായതിനാൽ ചാനലുകാർ കൂടുതൽ റിസ്കുകൾ എടുക്കുവാൻ നിന്നില്ല . കാണിച്ചത് തന്നെ തിരിച്ചും മറിച്ചും കാണിച്ചപ്പോൾ ചിലരൊക്കെ ആന്ധ്രയിലെയും ഉത്തർഖണ്ഡിലെയും പ്രളയങ്ങൾ കേരളത്തിന്റേതായി മാറ്റി .

ശരിക്കും പറഞ്ഞാൽ നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ എന്ന് പറഞ്ഞതുപോലെയായിരുന്നു നമ്മുടെ അവസ്ഥകൾ . നെടുമ്പാശ്ശേരിയിൽ വെള്ളം കയറിയപ്പോൾ ആർക്കും വേണ്ടാത്ത രണ്ടാംകുടിയിലെ മകനായ കോഴിക്കോട്ട് എയർപോർട്ട് തറവാടിത്തം കാണിച്ചു .

publive-image

കോഴിക്കോട്ടേക്ക് പോകുവാനായി തൃശൂർ എത്തിയപ്പോൾ ശോഭാസിറ്റിയുടെ മുന്നിൽ ടെമ്പോ ട്രാവലർ വെള്ളത്തിൽ കുടുങ്ങി . പീരുമേട്ടുകാരനായ ഒരു ട്രാക്ടർ ഡ്രൈവർ ഞങ്ങളെ എല്ലാവരെയും കരക്കെത്തിച്ചപ്പോൾ കൂലിയായി 2000 രൂപ കൊടുത്തു .

ട്രാക്ടർ ഡ്രൈവർ പറഞ്ഞു '' എല്ലാവരും പെട്ടിയും ഭാണ്ഡവും ഒക്കെയെടുത്തു തിരിച്ചു വണ്ടിയിൽ കയറൂ , ഞാൻ നിങ്ങളെ തിരിച്ചു വെള്ളത്തിൽ കൊണ്ടുവിടാൻ പോകുകയാണ് , കാരണം നിങ്ങൾ എനിക്ക് വില പറഞ്ഞു, പീരുമേട്ടിൽ എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെയാണ് ഞാൻ നിങ്ങളെ സഹായിക്കുവാൻ തുനിഞ്ഞത് '' .

ഭൂമിയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇങ്ങനെയൊരു വിഭാഗം മനുഷ്യർ ജീവിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുവാനാണ് ദൈവം ഈ പ്രളയം നമ്മുക്ക് സമ്മാനിച്ചത് .

publive-image

മെക്കിട്ട് കയറ്റം അയ്യപ്പനോട്‌ വേണ്ട !

ദൈവത്തിനെ പറ്റി എഴുതിയപ്പോഴാണ് സാക്ഷാൽ അയ്യപ്പസ്വാമിയെ ഓർമ്മയിൽ വന്നത് . ആർക്കും ഒരു ശല്യവും ദോഷവും ഇല്ലാതെ അങ്ങകലെ കൊടുംവനത്തിൽ പുലികളുമായി സഹവസിക്കുന്ന അയ്യപ്പൻറെ മെക്കട്ട് കയറുവാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി .

വിശ്വാസികൾ അവരവരുടെ വിശ്വാസങ്ങൾ മുറുകെ പിടിച്ചു നടക്കുമ്പോൾ വിശ്വാസമില്ലാത്ത കുറെ പരട്ടകൾ എന്തിന് അനാവശ്യമായി കാര്യങ്ങളിൽ ഇടപെടുന്നു ? യേശുദാസിന്റെ ഗുരുവായൂർ പ്രവേശനത്തിന്റെ ഭാഗമായി വിവാദങ്ങൾ വന്നപ്പോൾ അന്നത്തെ മുഖ്യനായിരുന്ന ലീഡർജിയോട് പത്രക്കാർ ചോദിച്ചു '' മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങേക്ക് ഇക്കാര്യത്തിൽ ഇടപെട്ടുകൂടേയെന്ന് ?

'' അപ്പോൾ ലീഡർ ചിരിച്ചുകൊണ്ട് പറഞ്ഞു '' ഞാൻ കേരളത്തിന്റെ മാത്രം മുഖ്യമന്ത്രിയാണ് . ഗുരുവായൂരിന്റെ മുഖ്യമന്ത്രി ഇവിടത്തെ തന്ത്രിയാണ് '' . ഇതാണ് ശരി .

ഓരോരോ ജനവിഭാഗത്തിനും അമ്പലങ്ങൾക്കും പള്ളികൾക്കും അവരവരുടേതായ ചില ഐതിഹ്യങ്ങളും അനുഷ്ഠനങ്ങളും ഒക്കെയുണ്ടാകാം . എല്ലായിടത്തും പോയി എന്തിനു മനുഷ്യൻ തലയിടുന്നു എന്നതാണ് ഇന്നത്തെ കേരളത്തിന്റെ പൊതുവായ ഒരു അനാവശ്യം .

publive-image

ഈ പാർട്ടിയെപറ്റി ആർക്കും ഒരു ചുക്കും അറിയില്ല എന്ന് പറയുന്നവർ എന്തിനാണ് മറ്റുള്ള മതങ്ങളിലും വിശ്വാസങ്ങളിലും കയറിക്കളിക്കുന്നത് . അമ്മക്ക് തൻകുഞ്ഞു പൊൻ കുഞ്ഞാണല്ലോ ? അല്ലെങ്കിലും ഇവിടെ കോവളം എംഎൽഎക്കും ഷൊർണൂർ എംഎൽഎക്കും രണ്ട് നിയമം ആയതുകൊണ്ട് പ്രളയങ്ങളും ബിഷപ്പുമാരും ബ്രൂവറിയും ഒക്കെ ഒരു വിഷയമേ അല്ല .

മുകേഷിനെതിരെ പെൺകിടാങ്ങൾ മിണ്ടിത്തുടങ്ങിയപ്പോൾ പഴയ പടക്കുതിരയായ ശോഭന ജോർജ്ജിനെ രംഗത്തിറക്കുവാൻ സജി ചെറിയാന് സാധിച്ചത് അവരുടെ ബുദ്ധി . പ്രളയം വരുമ്പോൾ ബുദ്ധിയുള്ളവർ എന്നോ പണം ഉള്ളവരെന്നോ ശക്തി ഉള്ളവരെന്നോ ഒന്നും നോക്കാറില്ല .

ആയതിനാൽ ഇത്രേം ബുദ്ധിയും ദീർഘവീക്ഷണവും കൈമുതലായുള്ള ജനത വസിക്കുന്ന കേരളത്തിന് തന്നെ ഇങ്ങനെയുള്ള ഗതികേട് വന്നതിൽ ദൈവത്തിന്റെ കരങ്ങൾ ഇല്ലായെന്ന് പറയാതെ വയ്യ .

publive-image

ശശിയും ശശിയും ശശീന്ദ്രനും മുകേഷും ഒക്കെ ഇവിടെ വിലസിനടക്കുമ്പോൾ പാർട്ടിക്കോടതികൾ വിധികൾ പുറപ്പെടുവിക്കുമ്പോൾ നിങ്ങൾ ഒരു കാര്യം മനസിലാക്കുക - അയ്യപ്പനെ വെറുതെ വിടുക , വിശാസികളുടെ ആചാരങ്ങളെ ചോദ്യം ചെയ്യാതിരിക്കുക , അവരെ കളിയാക്കാതിരിക്കുക ..

സ്വാമിയേ ശരണമയ്യപ്പ എന്ന് തൊണ്ടയിടറി വിളിച്ചു അയ്യപ്പനോട് മാപ്പപേക്ഷിച്ചുകൊണ്ട്,

മിസ്സിസ് ദാസനും മിസ്സിസ് വിജയനും

dasanum vijayanum
Advertisment