ഒരു കയ്യിൽ ആദർശത്തിന്‍റെ തുലാസും മറുകയ്യിൽ എളാപ്പാന്‍റെ മകന്‍റെ അപ്പോയ്ന്റ്മെന്റ് ലെറ്ററും ! തവനൂരിന്റെ പുത്യാപ്ള ജലീലിന്റെ വിഷയത്തിലും, ഷൊർണൂരിന്റെ കുട്ടേട്ടൻ ശശിയുടെ വിഷയത്തിലും നമ്മുടെ മുഖ്യമന്ത്രി ഇരട്ടച്ചങ്കുള്ളത് കേരളജനതയുടെ നന്മക്കായി ഉപയോഗിക്കും … ?

ദാസനും വിജയനും
Tuesday, November 6, 2018

അങ്ങ് സൗദിയയിലും ദോഹയിലും ദുബായിലും കുവൈറ്റിലുമൊക്കെയുള്ള നമ്മുടെ കുറെ സ്നേഹിതന്മാർ ഈയിടെയായി അമിതമായ ഭക്തിയിലും ആദർശത്തിലും അകപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു . അവർക്ക് ബാങ്കിങ് സംവിധാനത്തിൽ വരെ വിശ്വാസമില്ലാതായിരിക്കുന്നു.

പലിശമുതൽ എല്ലാറ്റിലും ഹറാമും ഹലാലും കാണുന്നു . അതൊക്കെ ലോകം മുഴുവൻ അംഗീകരിച്ച വസ്തുതതകളാണ് . പലിശ വാങ്ങുകയോ കൊടുക്കുകയോ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുന്നത് തെറ്റാണെന്നുള്ളത് ലോകം മൊത്തത്തിൽ അംഗീകരിച്ചതുമാണ് . എല്ലാം സമ്മതിക്കുന്നു .

പക്ഷെ ഇതിലൊക്കെ അങ്ങേയറ്റം ശ്രദ്ധിച്ചുകൊണ്ട് വിട്ടുവീഴ്ച്ച ചെയ്യാത്തവർ ചില പ്രത്യേക കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കുന്നതായി കണ്ടെത്തി . ഒരു നാട്ടിൽ ഇരുന്നുകൊണ്ട് ആ നാടിന്റെയും ജനിച്ച നാടിന്റെയും എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് പണം ഹുണ്ടി അഥവാ ഹവാലയായി നാട്ടിലേക്ക് അയക്കുന്നു . അതുപോലെ അംഗീകൃത ടെലിഫോൺ കമ്പനികളെ അവഗണിച്ചുകൊണ്ട് നിയമാനുസൃതമല്ലാത്ത ടെലിഫോൺ കാർഡുകൾ ഉപയോഗിച്ചുകൊണ്ട് നാട്ടിലുള്ള ഭാര്യമാരായും കാമുകിമാരെയും കുടുംബക്കാരുമായൊക്കെ മണിക്കൂർ കണക്കിന് സംവദിക്കുന്നു .

ഇതിപ്പോൾ എഴുതുവാൻ കാരണം , ബഹുമാനപ്പെട്ട മന്ത്രി ജലീൽ സാഹിബിന്റെ ഇന്നത്തെ അവസ്ഥകൾ വായിക്കുമ്പോൾ അല്ലെങ്കിൽ കേൾക്കുമ്പോൾ മനസ്സിൽ തോന്നിപ്പോയ സംഭവവികാസങ്ങളാണ് . ഒരു കയ്യിൽ ആദർശത്തിന്റെ തുലാസും മറുകയ്യിൽ എളാപ്പാന്റെ മകന്റെ അപ്പോയ്ന്റ്മെന്റ് ലെറ്ററും ! എന്നിട്ട് ആരെങ്കിലും ചോദ്യം ചെയ്‌താൽ അപ്പോൾ കടിച്ചാൽ പൊട്ടാത്ത ഭാഷയിലുള്ള കുറെ മുടന്തൻ ന്യായങ്ങളും .

എന്തുകാരണത്താലാണ് ജലീൽ ജനിച്ചുവളർന്ന പാർട്ടിയെ ഉപേക്ഷിച്ചത് ? എന്തായിരുന്നു ശരിക്കും കാരണം ? നമ്മുടെയൊക്കെ അറിവ് ശരിയാണെങ്കിൽ ഗുജറാത്ത് കലാപത്തിന് ഇരയാവർക്കായി പിരിച്ചെടുത്ത ഫണ്ടിനെ തന്നെ വളർത്തി വലുതാക്കിയ കുഞ്ഞാപ്പ അടക്കമുള്ള നേതാക്കന്മാർ വഴി മാറ്റി ചിലവഴിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മിസ്റ്റർ ജലീൽ സാഹിബ് ലീഗിനെ കയ്യൊഴിഞ്ഞത് . ശിഹാബ് തങ്ങൾ അടക്കമുള്ള തലമുതിർന്ന നേതാക്കന്മാർ വരെ ഉപദേശിച്ചുനോക്കിയെങ്കിലും ആദർശത്തിന്റെ കുപ്പായം ശരീരത്തിൽ ഒട്ടിപ്പിടിച്ചതിനാൽ അത് ഊരിവെക്കുവാൻ സാധിക്കാതെ പച്ചക്കുപ്പായത്തിൽ നിന്നും ചുവപ്പ് കുപ്പായത്തിലേക്ക് കൂടുമാറി .

ആ കൂടുമാറ്റം അഥവാ കൂറുമാറ്റം ശരിയായ തീരുമാനമായിരുന്നുവെന്ന് കുറ്റിപ്പുറത്തുകാർ തെളിയിച്ചുകൊടുത്തു. നാൽപ്പതിനായിരം വോട്ടുകൾക്ക് ലീഗുകാർ മാത്രം ജയിച്ചുപോന്നിരുന്ന കോട്ട തകർക്കുവാൻ ജലീലിന് സാധിച്ചു.

റജീന എന്ന ഒരു പെണ്ണിന്റെ പേരിൽ എതിർ സ്ഥാനാർത്ഥി സ്ത്രീ വോട്ടർമാരുടെ മുന്നിൽ മുട്ടുകുത്തിയപ്പോൾ അവിടെ ജയം ജലീലിന്നായിരുന്നു . റജീനയെ കാണുവാൻ കുറച്ചെങ്കിലും മൊഞ്ച് ഉണ്ടായിരുന്നുവെങ്കിൽ കുഞ്ഞാപ്പ കുറ്റിപ്പുറത്ത് മുട്ടുകുത്തില്ലായിരുന്നു. എന്തിന് കുഞ്ഞാപ്പ ഈ മൊഞ്ചില്ലാത്ത പെണ്ണിന്റെ പിറകെ പോയി എന്നാണ് കുറ്റിപ്പുറത്തെ പെൺവോട്ടർമാർ അന്ന് അടക്കം പറഞ്ഞത് .

അത് ജലീലിനും അറിയാം . അതിന് ജലീൽ നന്ദി പറയേണ്ടത് പിണറായി വിജയനോടോ കാന്തപുരം അബൂബക്കർ മുസ്ല്യാരോടോ , അബ്ദുൽ നാസർ മദനിയോടോ , നക്സൽ അജിതയോടോ , വരിക്കപ്പുലക്കൽ ലത്തീഫിനോടോ അല്ല . ശരിക്കും നന്ദി പറയേണ്ടത് ഇപ്പോൾ അഴിയെണ്ണുവാൻ കാത്തിരിക്കുന്ന എം വി നികേഷ്‌കുമാറിനോടും, അബ്ദുൽ റാവൂഫിനോടും മാത്രമാണ് . അവരാണ് തിരഞ്ഞെടുപ്പിന്റെ തലേന്നാൾ റജീനയെ റോഡിലേക്ക് ഇറക്കിവിട്ടത് .

ആ വിജയത്തിൽ ജലീൽ കേരളത്തിലെ ഒരു പ്രമുഖനാവുകയായിരുന്നു. ടികെ ഹംസ സാഹിബിനുശേഷം ഒരു കൂറുമാറ്റക്കാരൻ ഉയർന്നുവന്നത്
ജലീലിലൂടെയായിരുന്നു .

പ്രായത്തിൽ കവിഞ്ഞ പക്വതയിരുന്നു ജലീലിന്റെ മുതൽക്കൂട്ട്. അതുകൊണ്ടായിരിക്കാം പിണറായി വിജയൻറെ കേരളയാത്രകളിൽ പ്രഥമസ്ഥാനം ജലീലിന് ലഭിച്ചത് . തവനൂരിൽ ജലീലിന്റെ വിജയം ഇടതുപക്ഷത്തിന്റെ മാത്രം വോട്ടുകളല്ല . അവിടെത്തെ മുഖ്യധാരാ ലീഗുകാരാണ് ജലീലിനെ ജയിപ്പിക്കുന്നത് എന്നത് ഏവർക്കുമറിയാം . കാരണം അവിടത്തെ പ്രാദേശിക ലീഗിന്റെ നേതാവിന് ആ സീറ്റിനോട് ഏറെ നാളുകളായി ആഗ്രഹം .

എടപ്പാളിനടുത്ത മാണൂരിലെ നേതാവ് ആ സീറ്റിനായി കുറെ നാളുകളായി കണ്ണുവെച്ചിട്ട് . പക്ഷെ യുഡിഎഫ് സംവിധാനത്തിൽ തവനൂർ സീറ്റ് കോൺഗ്രസ്സുകാരനാണ് അനുവദിക്കുന്നത് , രണ്ടുമൂന്ന് തവണ തോൽക്കുമ്പോൾ കോൺഗ്രസ്സിൽ നിന്നും ആ സീറ്റ് തിരിച്ചുവാങ്ങി ലീഗിന്റെ ഈ നേതാവ് അവിടെ മത്സരിക്കും , അപ്പോഴേക്കും ജലീലിനെ പിണറായി വിജയൻ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ അയക്കും . എല്ലാം ഡീലുകൾ .

എന്നും ഈ ഇടതുപക്ഷത്തിനും ഇടതുപക്ഷക്കാർക്കും പറ്റി പോന്നിട്ടുള്ള അബദ്ധം എന്താണെന്ന് വെച്ചാൽ , പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും സംഭവിക്കുന്നത് വേറൊന്നും ആയിരിക്കും . ആദർശം, ഗ്രൂപ്പ് വഴക്ക്, വർഗീയത, പെൺവിഷയം, ബന്ധു നിയമനം എല്ലാറ്റിലും ആദ്യം വലിയ മഹാത്മാഗാന്ധി – ഹരിചന്ദ്രൻ കളിയുമായി രംഗത്തുവരും .

എന്നിട്ടു പാവപ്പെട്ട വോട്ടർമാരെ പറഞ്ഞു വിശ്വസിപ്പിച്ചും സ്റ്റഡിക്ലാസുകൾ നൽകിയും ഒക്കെ ബ്രെയിൻ വാഷ് ചെയ്ത് വോട്ടുകൾ പെട്ടിക്കുള്ളിലാക്കി ഭരണം പിടിക്കും . ഭരണം കിട്ടിയാൽ പിന്നെ ഗ്രൂപ്പ് വഴക്കായി , അരമനകളായി, ശശിമാരുടെ പെൺവിഷയങ്ങളായി , ഇളയച്ഛന്റെയും എളാപ്പയുടെയും മക്കൾക്ക് ജോലിയായി , അങ്ങനെയങ്ങനെ കേരളം മുഴുവൻ അഴിമതിയുടെ കൂത്തരങ്ങായി കാര്യങ്ങൾ മാറുന്നു .

പിന്നെയും അഞ്ചുകൊല്ലം പ്രതിപക്ഷത്താവുമ്പോൾ വീണ്ടും ബന്ദും ഹർത്താലും സരിതയും ഒക്കെ തലയിൽ കയറും . എത്രനാൾ നിങ്ങൾ ഇങ്ങനെ ശശിമാരെയും ജലീൽ മാരെയും ഒക്കെ സംരക്ഷിക്കും .

ഇപ്പോൾ കാറ്റ് വീശുന്നത് മൊത്തം ഭാരതപുഴയുടെ തീരത്താണ്. പ്രളയത്തിൽ മലമ്പുഴയുടെ ബണ്ടുകൾ തകർന്ന ആവേശത്തിൽ നിളാനദി അഹങ്കാരം കാണിച്ചപ്പോൾ എല്ലാം പ്രളയത്തിൽ മുങ്ങിപ്പോകും എന്ന് കരയിലുള്ള എംഎൽഎമാർ കണക്കാക്കിക്കാണും. കൂടാതെ ശബരിമലയും അയ്യപ്പസ്വാമിയും കൂട്ടിനായി വന്നപ്പോഴുള്ള അമിതമായ ആത്മവിശ്വാസവുമാണ് ഷൊർണൂർ എംഎൽഎയുടെയും തവനൂർ എംഎൽഎയുടെയും മുഖഭാവത്തിലും ഫേസ്‌ബുക്ക് പോസ്റ്ററുകളിലും പ്രതിഫലിക്കുന്നത് . എന്തൊക്കെ തെമ്മാടിത്തരം ചെയ്താലും പാർട്ടി സംരക്ഷിക്കുമെന്ന ഒരു മുഷ്ക്ക് ഇവരിൽ ഇല്ലാതില്ല .ജനം എല്ലാം കാണുന്നു, കേൾക്കുന്നു .

എല്ലാറ്റിനും ഒരതിരുണ്ട് , അത് ഭാരതപ്പുഴക്കായാലും ഷൊർണൂരിലെയും തവനൂരിലെയും വോട്ടർമാരുടെ ചിന്താഗതിക്കായാലും, ആയതിനാൽ തവനൂരിന്റെ പുത്യാപ്ള ജലീലിന്റെ വിഷയത്തിലും , ഷൊർണൂരിന്റെ കുട്ടേട്ടൻ ശശിയുടെ വിഷയത്തിൽ ആയാലും നമ്മുടെ മുഖ്യമന്ത്രി ഇരട്ടച്ചങ്കുള്ളത് കേരളജനതക്കായി, നന്മക്കായി ഉപയോഗിക്കും എന്ന ഉറച്ച വിശ്വാസത്തിൽ ,

ഭാരതപ്പുഴയിൽ നിന്നും പരൽമീനുകളെ ചൂണ്ടയിട്ടുകൊണ്ട് ദാസപ്പനും ഷൊർണൂരിലെ പാർട്ടി ഓഫീസിൽ തലകുമ്പിട്ടിരുന്നുകൊണ്ട് വിജയപ്പനും

×