ആര്‍ക്കും വേണ്ടാതിരുന്ന മുരളീധരന്‍ ഇപ്പോള്‍ ജനപ്രിയതയില്‍ നമ്പര്‍ വണ്‍, എല്ലാം അറിഞ്ഞിട്ടും ഒരു മകനെ ചുമക്കുന്ന പത്തനാപുരത്തുകാര്‍, മുന്നണികള്‍ മാറി മാറി നടന്നിട്ടും മകനെ മന്ത്രിയാക്കാന്‍ കഴിയാത്ത വീരന്‍, പിന്നെ ദുബായിലെ മക്കള്‍ മാഹാത്മ്യവും ? നായനാരുടെ മകനെതിരെ ആരോപണങ്ങളുമായി കരുണാകരനെകണ്ട ടിഎം ജേക്കബിനോട് കരുണാകരന്‍ പറഞ്ഞത് ഇവരെല്ലാം ഓര്‍ത്താല്‍ നന്ന് !!

ദാസനും വിജയനും
Sunday, January 28, 2018

വിതച്ചത് കൊയ്യുന്നതാണ് സമകാലിക കേരള രാഷ്ട്രീയ൦. ഇവിടെ പിതാക്കന്മാര്‍ വിതച്ചത് മക്കള്‍ കൊയ്യുന്നതാണ് കൌതുക കാഴ്ചകള്‍. അതില്‍ തൊട്ടാണ് വിവാദങ്ങളെല്ലാം. രാഷ്ട്രീയത്തില്‍ ഉള്ള മക്കള്‍ മാത്രമല്ല രാഷ്ട്രീയത്തില്‍ ഇല്ലാത്ത മക്കളും വിവാദങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

അതാണ്‌ ഇപ്പോള്‍ നടക്കുന്നത്. ഒരു കാലത്ത് മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്തവരും ഇപ്പോള്‍ മക്കള്‍ രാഷ്ട്രീയത്തിന്‍റെ അപ്പസ്തോലരാകുന്നു. അല്ലെങ്കില്‍ തന്നെ മക്കള്‍ രാഷ്ട്രീയത്തിലല്ല എവിടാണെങ്കിലും പൊല്ലാപ്പിന് ഒരു കുറവും ഇല്ലെന്നതാണ് ചരിത്രം. രാഷ്ട്രീയത്തില്‍ വന്ന മക്കളില്‍ ചിലർ ഇപ്പോഴും പിടിച്ചു നിൽക്കുന്നു, ചിലർ എന്നേ കൊഴിഞ്ഞുപോയി, ചിലർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതാണ് സ്ഥിതി.

രക്തത്തിന്റെ രാജകീയത : ആര്‍ക്കും വേണ്ടാതായ മുരളീധരന്‍ ഇപ്പോള്‍ നമ്പര്‍ വണ്‍ 

ലീഡർ കെ കരുണാകരന് തുടക്കത്തിലെ മകനെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയില്ലായിരുന്നു. അതിനാലാണ് മകനെ അബുദാബിയിലേക്ക് ജോലിയ്ക്ക് അയച്ചത്. അതും മുതലാളിമാരുടെ വൈസ് പ്രസിഡന്‍റ് ഒന്നുമായിട്ടല്ല, ഒരു സാധാ ജോലി. പിന്നീട് അവിടെ ക്ലച്ച് പിടിക്കില്ല എന്നുറപ്പായപ്പോൾ നാല് സ്യുട്ട്കെയ്സ് മുഴുവൻ സാധനങ്ങളുമായി മകന്‍ കോഴിക്കോട്ടേക്ക് വിമാനം കയറി .

അന്നദ്ദേഹത്തിന് തോന്നി മുരളിയ്ക്ക് പറഞ്ഞിട്ടുള്ളത് രാഷ്ട്രീയം തന്നെയെന്ന്. അങ്ങനെ ആരും അറിയാത്ത സേവാദൾ എന്ന പോഷക സംഘടനയുടെ തലപ്പത്തേക്ക് മകനെ നേരിട്ട് അവരോധിച്ചപ്പോൾ ഞെട്ടിപ്പോയത് കോൺഗ്രസ്സുകാർ തന്നെയാണ് . പക്ഷെ അപ്പോഴും അവർക്ക് ഒന്നും മനസ്സിലായിരുന്നില്ല .

പക്ഷെ പെട്ടെന്ന് ഒരു നാൾ ലീഡർ മൂത്രമൊഴിക്കുവാൻ പോയതക്കത്തിൽ എകെ ആന്റണി കെ മുരളീധരനെ കോഴിക്കോട്ടെ ലോക്സഭാ സ്ഥാനാർത്ഥിയാക്കി. തുടര്‍ച്ചയായി രണ്ടു തവണ ശക്തനായ ഇകെ ഇമ്പിച്ചി ബാവയെയും പിന്നീട് അതിശക്തനായ വീരേന്ദ്രകുമാറിനെയും തറപറ്റിച്ചപ്പോൾ കമ്മ്യുണിസ്റ് പാർട്ടികളുടെ കണ്ണിലെ കരടായി മാറി ഈ മുരളിധരൻ. ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ സ്വന്തമായി ആരാധക വൃന്ദമുള്ള നേതാക്കളില്‍ ഒന്നാമന്‍.

അങ്ങനെയാണ് ലീഡര്‍ മകനെ കയറൂരി വിട്ടാൽ ലീഡറെക്കാൾ അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞ കമ്മ്യുണിസ്റ്റുകൾ മക്കൾ രാഷ്ട്രീയത്തെ ഒരു കൊടുംപാതകമായി അവതരിപ്പിക്കുകയും ലീഡര്‍ക്കെതിരെ കൊടുവാള്‍ ഉയര്‍ത്തുകയും ചെയ്തത്.

ആ വിവാദങ്ങളില്‍ പെട്ട് പിന്നീട് ആർക്കും വേണ്ടാതായ മുരളിധരൻ ഇപ്പോൾ കേരളത്തിന്റെ കോൺഗ്രസ്സിന്റെ ഒന്നാം നിരയിലേക്ക് തന്നെ സ്വയം വളർന്നിരിക്കുന്നു . അതാണ് ആ രക്തത്തിന്റെ രാജകീയത .

കരുണാകരന്‍റെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കൊടുവാളുയര്‍ത്തിയവര്‍ ഇഎംഎസിന്‍റെ മകനെ കൊണ്ടുവന്ന്‍ കരുണാകരനെതിരെ ചാവേറാക്കിയതിലെ ചതി ?

പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും എന്നത് സിപിഎമ്മിന്റെ എന്നത്തേയും നിലപാടുകളിൽ നിഴലിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു 1999 ലോകസഭാ തിരഞ്ഞെടുപ്പിൽ മുകുന്ദപുരത്തെ സ്ഥാനാർഥി നിർണ്ണയത്തിൽ സംഭവിച്ചത് .

കരുണാകരന്റെ മകനെ ബിംബമാക്കി മക്കള്‍ രാഷ്ട്രീയത്തിനെതിരെ ഉറഞ്ഞു തുള്ളിയവര്‍ സാക്ഷാല്‍ ഇഎംഎസിന്‍റെ മകനെ അതേ ലീഡര്‍ക്കെതിരെ സ്ഥാനാര്‍ഥിയാക്കുന്നു. അതോടെ തകർന്നടിഞ്ഞത് വലിയ സഖാവ് ഇഎംഎസിന്റെ മകന്റെ രാഷ്ട്രീയ മോഹങ്ങളായിരുന്നു .

അന്ന് ഇഎം ശ്രീധരൻ നമ്പൂതിരിപ്പാട് 52463 വോട്ടുകൾക്ക് കെ കരുണാകരന്റെ മുന്നിൽ മുട്ടുകുത്തിവീണു. അപ്പോള്‍ കേരള രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മക്കള്‍ രാഷ്ട്രീയത്തെ ജനം തിരസ്കരിച്ചു. പക്ഷെ സഖാവ് ഇഎംഎസിന്റെ മകനെ ചുമ്മാ അങ്ങനെ ജയിപ്പിച്ചകളയേണ്ട എന്നു പാർട്ടിക്കാർ കരുതിയെന്നത് മറ്റൊരു സത്യം.

അല്ലെങ്കിൽ പിന്നെ ലീഡറെപ്പോലെ ഒരു അതികായനെതിരെ അല്ലാതെ കാസര്‍കോഡോ പാലക്കാട്ടോ ഒക്കെ ഈ ശ്രീധരനെ പരീക്ഷിക്കുമായിരുന്നില്ലേ. എന്തുകൊണ്ട് പാര്‍ട്ടിക്കാര്‍ വലിയ സഖാവിന്‍റെ മകനെ ചുമ്മാതൊരു ചാവേറാക്കി .

പക്ഷെ പിന്നീട് ദൈവം അതിനു മധുരമായി പകരം വീട്ടാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അവസരം കൊടുത്തു. 2004 ൽ ഇതേ മുകുന്ദപുരത്ത് വെച്ച് തന്നെ ലീഡറുടെ പുന്നാര മകളെ സിപിഎമ്മിന്റെ ലോനപ്പൻ നമ്പാടൻ 117097 വോട്ടുകൾക്ക് മലർത്തിയടിച്ചപ്പോൾ അതൊരു വാർത്ത തന്നെയായിരുന്നു. മലയാളിയുടെ മനസ്സ് മനസ്സിലാക്കാതെ കളിച്ചവർക്കുള്ള തിരിച്ചടികൾ തുടർന്നുകൊണ്ടേയിരുന്നു .

സിഎച്ചിന്‍റെ മകന്‍ തിളങ്ങിയോ മങ്ങിയോ ?

മഹാനായ സിഎച്ഛ് മുഹമ്മദ് കോയയുടെ മകൻ ഡോ. എംകെ മുനീർ കോഴിക്കോട് സൗത്തിൽ നിന്നും വിജയക്കൊടി പാറിച്ചപ്പോഴും അത് കഴിഞ്ഞു മങ്കടയിൽ മഞ്ഞളാം കുഴി അലിയോട് ഏറ്റുമുട്ടി തോൽവി സമ്മതിച്ചപ്പോഴും രണ്ടു തവണ കേരളത്തിന്റെ മന്ത്രിപദം അലങ്കരിച്ചപ്പോഴും എല്ലാം വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടേയിരുന്നു .

കേരളത്തിന്റെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെ നല്ല തട്ടുപൊളിപ്പൻ റോഡുകളാക്കി രൂപാന്തരപെടുത്തിയതിന് കിട്ടിയ സമ്മാനം വിജിലൻസ് അന്വേഷണങ്ങളായിരുന്നു. എക്സ്പ്രസ്സ് ഹൈവേ എന്ന ഒരൊറ്റ ആശയം മതിയായിരുന്നു ഇന്നത്തെ കേരള വികസനത്തിന്റെ മുഖച്ഛായ മാറ്റുവാൻ . പക്ഷെ സിഎച്ചിന്റെ മകൻ അങ്ങനെ ഷൈൻ ചെയ്യണ്ട എന്ന് തീരുമാനിച്ച ശത്രുക്കൾ എല്ലാം ഇല്ലാതാക്കുകയായിരുന്നു .

മകനെ മന്ത്രിയാക്കാന്‍ മുന്നണികള്‍ മാറി മാറി വീരനായ പിതാവ്

കാലുമാറ്റ രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യൻ എന്നു വിളിപ്പേരു കേള്‍ക്കുന്ന വീരേന്ദ്രകുമാർ സ്വന്തം മകനെ കൽപ്പറ്റയിൽ നിർത്തി ജയിപ്പിച്ചപ്പോൾ കുറെയധികം സ്വപ്‌നങ്ങൾ മനസ്സിൽ കണ്ടിരുന്നു. മന്ത്രി .. കേന്ദ്രമന്ത്രി ..പിന്നെ മുഖ്യമന്ത്രി അങ്ങനെയൊക്കെ ?

2006 ൽ ഒരു മന്ത്രിക്കുപ്പായം തയ്പ്പിച്ചുവെച്ചുകൊണ്ട് പിണറായിയെ കാണുവാൻ പോയപ്പോൾ അപ്രതീക്ഷിത തിരിച്ചടിയായി പിണറായിയുടെ കയ്യില്‍ മാത്യു ടി തോമസിന്റെ പേര്. അങ്ങനെ നേരെ പാർട്ടി പിളർത്തിക്കൊണ്ട് യുഡിഎഫിലേക്ക് ചേക്കേറി .

അവിടെ ശ്രേയാംസിനെ വെട്ടാന്‍ എത്തിയത് മറ്റൊരു മന്ത്രിമകനായ കെപി മോഹനൻ . സാക്ഷാല്‍ പി ആര്‍ കുറുപ്പ് എന്ന പടക്കുറിപ്പിന്റെ മകന്‍ അങ്ങനെ മന്ത്രി ആയപ്പോൾ വീരേന്ദ്രകുമാർ എന്ന വടവൃക്ഷം പിന്നെയും കോപാകുലനായി .

അങ്ങനെ മുന്നണിയില്‍ നിന്ന് ഒപ്പമുള്ളവര്‍ക്കിട്ട് പണിതപ്പോള്‍ കോണ്‍ഗ്രസുകാരും തിരിച്ചു പണി കൊടുത്തു. അങ്ങനെ പാലക്കാട് സീറ്റിൽ ദയനീയ പരാജയം ഏറ്റുവാങ്ങി . അതിന്റെയൊക്കെ ആശ്വാസമായി ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തുകയും ചെയ്തു.

പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞപോള്‍ പിആർ കുറുപ്പിന്റെ മകനായ കെപി മോഹനനും വീരന്റെ മകനായ ശ്രേയസും ദയനീയ പരാജയം ഏറ്റുവാങ്ങിക്കൊണ്ട് വീട്ടിൽ കുട്ടികളെ കളിപ്പിച്ചിരിക്കുകയാണ് .

മാന്യനായ സമ്പത്ത്

അധികമൊന്നും ബഹളമുണ്ടാക്കാത്ത ഒരു പുത്രനാണ് ആറ്റിങ്ങലിലെ എംപിയായ അനിരുദ്ധൻ സമ്പത്ത് എന്ന എ സമ്പത്ത് . അദ്ദേഹം വളരെ മാന്യമായി ആറ്റിങ്ങലിൽ നിന്നും ജയിച്ചുകയറി അത്യാവശ്യം ഭംഗിയായി ലോക്സഭയിൽ സംസാരിക്കുന്നു . ആകെയുള്ള ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ അഹങ്കാരം തലക്ക് പിടിച്ചിട്ടുണ്ടോ എന്നതാണ് . അത് ഒരു കമ്മ്യുണിസ്റ് അഹങ്കാരമായി മാത്രമേ കാണുവാനാകൂ .

ബലറാം വിവാദമാക്കിയ വിവാഹത്തിൽ ഉണ്ടായ മകളെ കല്യാണം കഴിച്ചതുകൊണ്ട് മാത്രമാണ് പി കരുണാകരന് കാസർകോഡ് എംപി ആകുവാൻ സാധിച്ചത് . സഖാവ് എകെജിയുടെയും സുശീലയുടെയും മകളായ ലൈലയാണ് പി കരുണാകരന്റെ ഭാര്യ .

എല്ലാ൦ അറിയാമെങ്കിലും പത്തനാപുരംകാര്‍ക്ക് പിള്ളയുടെ മകനെ പെരുത്തിഷ്ടം

പ്രഗത്ഭനായ അവുക്കാദർ കുട്ടിനഹയുടെ പുത്രൻ അബ്ദു റബ്ബും  നർമ്മത്തിൽ ചാലിച്ച പദങ്ങളെക്കൊണ്ട് കേരളം രാഷ്ട്രീയം അലങ്കരിച്ച സീതിഹാജിയുടെ പുത്രൻ പികെ ബഷീറും സ്വതസിദ്ധമായ കഴിവുകൾ തെളിയിച്ചുകൊണ്ട് നിയമസഭയിൽ എത്തിയപ്പോൾ മലയാള സിനിമയുടെ പിന്തുണയാൽ ബാലകൃഷ്ണപിള്ളയുടെ മകനായ ഗണേഷ്‌കുമാർ 38 കൊല്ലം ഇടതുപക്ഷം കൈവശം വെച്ചിരുന്ന പത്തനാപുരത്തിന്റെ രാജകുമാരനായി മാറി.

ഇന്നിപ്പോൾ ഗണേഷിന്റെ എല്ലാ സ്വഭാവങ്ങളും സ്വാഭാവ ദൂഷ്യങ്ങളും മനസ്സിലാക്കിക്കൊണ്ട് പത്തനാപുരത്തുകാർ ഗണേഷിനെ ഏറ്റെടുത്തുകഴിഞ്ഞു .

അതിശക്തമായ ബേബിജോൺ അസുഖം ബാധിച്ചു കിടന്നപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ മക്കളെ വിളിച്ചു ചോദിച്ചു ?, ആര്‍ക്കാണ് രാഷ്ട്രീയം വേണ്ടത് ? ആര്‍ക്കാണ് ബിസിനസ് വേണ്ടത് .

മൂത്തമകന്‍ ഷാജി ബേബിജോൺ പറഞ്ഞു എനിക്ക് ബിസിനസ് മതിയെന്ന് . രണ്ടാമന്‍ ഷിബു ബേബിജോൺ പറഞ്ഞു എനിക്ക് രാഷ്ട്രീയ൦ മതിയെന്ന് . അങ്ങനെ കേരളത്തിലെ ഏറ്റവും മാന്യനായ എംഎൽഎ അല്ലെങ്കിൽ മന്ത്രി എന്ന സ്ഥാനത്തേക്ക് തറവാടിയായ ഷിബു ബേബിജോൺ എത്തിപ്പെട്ടു.

രാഷ്ട്രീയക്കാര്‍ക്ക് സ്വർഗവും നരകവും എല്ലാം ഭൂമിയിൽ തന്നെയെന്നതിന്റെ തെളിവാണ് ആ പുത്രൻ

ബഹുമാന്യനായ പിടി ചാക്കോയുടെ മകൻ പിസി തോമസ് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്താൽ പല തവണ മൂവ്വാറ്റുപുഴയുടെ സാരഥി ആവുകയും , പിന്നീട് കൈയ്യിലിരുപ്പുകൊണ്ട് ആർക്കും വേണ്ടാതാവുകയും ചെയ്തു വീട്ടിലിരിപ്പാണ്. കേരളത്തിലെ പാര്‍ട്ടികള്‍ പോരാഞ്ഞിട്ട് വടക്കേന്ത്യയിലെ പാര്‍ട്ടികളില്‍ വരെ അദ്ദേഹം അംഗമായി .

സ്വന്തം നേതാവായിരുന്ന മാണിസാറിന്റെ പുന്നാരമകൻ ജോസ് കെ മാണി മെല്ലെ മെല്ലെ രാഷ്ട്രീയത്തിലേക്ക് എത്തിനോക്കിയപ്പോൾ അസൂയകൊണ്ടോ അല്ലെങ്കിൽ ഈഗോ കൊണ്ടോ എന്നറിയില്ല , പുള്ളിക്കാരൻ എൻഡിഎ യിലേക്ക് കൂറുമാറി ശക്തമായ ത്രികോണ മത്സരത്തിൽ വർഗീയതയെ ഭംഗിയായി കൂട്ടുപിടിച്ച് 511 വോട്ടുകൾക്ക് ജയിച്ചു മന്ത്രിയായി .

ജയിപ്പിച്ച ദൈവം തന്നെ അദ്ദേഹത്തെ ചെവിയിൽ പിടിച്ചു പുറത്തേക്ക് എറിഞ്ഞപ്പോൾ ഒരു അവസരവാദിക്ക് ലഭിക്കേണ്ട ഏറ്റവും വലിയ ശിക്ഷ നേരിടേണ്ടതായും വന്നു . സ്വർഗവും നരകവും എല്ലാം ഭൂമിയിൽ തന്നെയെന്നതിന്റെ തെളിവാണ് ആ പുത്രൻ .

നിയമസഭയുടെ മക്കളായി വാഴുന്നോര്‍

വാഴൂരിന്റെ സ്വന്തം നാരായണകുറുപ്പിന്റെ മകൻ ഡോ. എന്‍ ജയരാജൂം ജോർജ്ജ് ഈഡന്റെ മകൻ ഹൈബി ഈഡനും ഏറ്റവും നല്ല നിയമസഭാ സാമാജികനായിരുന്ന ടിഎം ജേക്കബിന്റെ മകൻ കഴിവിന്‍റെ കാര്യത്തില്‍ അതിന്‍റെ ഏഴയല്‍പക്കത്ത് നില്‍ക്കാന്‍ കൊള്ളാത്ത അനൂപ് ജേക്കബും അതിശക്തനായിരുന്ന സഖാവ് വികെ രാജേട്ടന്റെ മകൻ ഇപ്പോൾ ഈ നിയമസഭയിലെ ഏറ്റവും വിനീതനായ എംഎൽഎ വിആർ സുനിൽകുമാറും സഖാവ് എംകെ കേശവന്റെ മകൻ കെ അജിത്തും ( മുന്‍ വൈക്കം എം എല്‍ എ ), കേരളത്തിലെ മക്കൾ രാഷ്ട്രീയത്തെ തിരുത്തൽ വാദത്തിലൂടെ എതിർത്ത ശക്തനായ ജി കാർത്തികേയന്റെ മകൻ ശബരീനാഥും ഇന്നിപ്പോൾ കേരള നിയമസഭയുടെ മക്കളായി വാഴുന്നു .

ശബരിക്കായി അച്ഛൻ സീറ്റ് ചോദിച്ചു വാങ്ങിയതല്ല എന്നതാണ് നമ്മുക്ക് കാർത്തികേയനോടുള്ള ബഹുമാനവും . എന്തായാലും ശബരീനാഥ്‌ അർഹൻ തന്നെ എന്നത് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു . അതുപോലെ കണ്ണൂരിലെ എൻ രാമകൃഷ്ണന്റെ മകളായ അമൃതയും തോപ്പിൽ രവിയുടെ മകനായ സൂരജ് രവിയും കെകെ തോമസിന്റെ മകൻ സിറിയക് തോമസും ഈ നിയമസഭ കാണാതെ വീട്ടിലിരുപ്പാണ് .

കെഎം ജോർജ്ജിന്റെ മകനായ ഫ്രാൻസിസ് ജോർജ്ജ് ഒരിക്കൽ ഇടുക്കിയുടെ രാജകുമാരൻ ആയെങ്കിലും ഇപ്പോൾ ആർക്കോ വേണ്ടി തിളച്ച സാമ്പാർ പരുവത്തിൽ സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കി പരാജയം ഏറ്റുവാങ്ങി വീട്ടിലിരിപ്പാണ് .

കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യൻ ആര്യാടന്റെ മകൻ ഷൗക്കത്ത് ബുദ്ധിപരമായി കാര്യങ്ങൾ നീക്കി നീക്കി രാഷ്ട്രീയത്തിലേക്ക് മെല്ലെ മെല്ലെ ചവുട്ടിക്കയറി സിനിമയും കലാപരിപാടികളുമായി നിലമ്പൂർക്കാരെ മുഴുവൻ ഉദ്ധരിക്കുവാൻ ഇറങ്ങിപുറപ്പെട്ടു എങ്കിലും വാപ്പയുടെ പിൻഗാമിയായി അംഗീകരിക്കുവാൻ നിലമ്പൂരിലെ ഉത്ബുദ്ധരായ ജനങ്ങൾ സമ്മതിച്ചില്ല .

ജനങ്ങളുടെ ഇടയിലേക്ക് അഭിനയം മതിയാക്കി ഇറങ്ങിച്ചെന്നാൽ പിവി അൻവറിനെ വളരെ നിസ്സാരമായി തറ പറ്റിക്കുവാൻ സാധിക്കുമെന്നത് ഇപ്പോൾ ഷൗക്കത്ത് മനസിലാക്കി കാണും . അല്ലെങ്കിൽ വിവി പ്രകാശിന് അവകാശപ്പെട്ട ആ സീറ്റ് വെച്ച് കൈമാറി തവനൂരിൽ ജലീലിനെതിരെ അങ്കം വെട്ടിയാൽ ഷൗക്കത്തിന് ഒരു കൈ പയറ്റാം .

അഴീക്കോട്ടെ കിണറ്റിൽ മുങ്ങിയ എംവിആറിന്‍റെ മകന്‍

സഖാവ് എന്നാൽ എംവിആർ , ചങ്കൂറ്റത്തിന്റെ പര്യായമായിരുന്ന എം വി രാഘവന്റെ മകൻ നികേഷ്കുമാർ , കേരളത്തിലെ സകലമാന രാഷ്ട്രീയ നേതാക്കളെയും മൂക്കുകൊണ്ട് ക്ഷ വരപ്പിച്ച , അല്ലെങ്കിൽ കേരളഭരണം ആർക്കു വേണം എന്ന് തീരുമാനിക്കുവാൻ കെൽപ്പ് ഉണ്ടായിരുന്ന ചെറുപ്പക്കാരൻ .

കേരളത്തിലെ എല്ലാ തട്ടിപ്പുകേസുകളും സ്വന്തമായി അന്വേഷിച്ചുകൊണ്ടു സമൂഹത്തിൽ മാന്യമായി ജീവിച്ചവരെ ചാനലിലൂടെ ഒരു പരുവത്തിലാക്കിയ നികേഷ്കുമാർ അഴീക്കോട്ടെ കിണറ്റിൽ ഇറങ്ങുകയും അവിടത്തെ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. പക്ഷെ എം വി ആറിന്‍റെ മകനായതുകൊണ്ട് ഇനിയും സാധ്യതയുണ്ട് . യോഗമുണ്ടെങ്കില്‍ അടുത്ത തവണ എം പി യാകട്ടെ .

പികെ വാസുദേവൻ നായരുടെ മകളെ നിർത്തിയാൽ പറവൂരിലെ ജനങ്ങൾ വോട്ടു ചെയ്തുകൊണ്ട് വിഡി സതീശന്റെ ശല്യം ഒഴിവാക്കാം എന്നാരോ ഉപദേശിച്ചതിനാൽ പന്ന്യൻ രവീന്ദ്രനും കാനവും കണ്ടെത്തിയ ശാരദമോഹൻ ഇനി മത്സരിക്കുമെന്ന് കരുതുന്നില്ല .

ജിഷയുടെ മരണത്തിൽ ഒരു ഭരണം പിടിച്ചെടുക്കുവാൻ ആയെങ്കിലും ജിഷയുടെ അമ്മയുടെ നിലവിളിയിൽ മുങ്ങിപ്പോയ ഒരു പാവമുണ്ട് പെരുമ്പാവൂരിൽ . പിഐ പൗലോസിന്റെ മകനായ സാജുപോളിന്റെ വീട്ടിൽ നിന്നും ജിഷയുടെ വീട്ടിലേക്കുള്ള ദൂരം കുറവായിരുന്നു . പക്ഷെ വോട്ടെണ്ണിയപ്പോൾ സാജുവിനെ പെരുമ്പാവൂർക്കാർ കൈവിട്ടു .

 മക്കാവിന്റെ മധുരമുള്ള മകനും, കേന്ദ്രമന്ത്രി പദം കിട്ടാക്കനിയായ മകനും

മക്കാവു എന്ന ഒരു സ്ഥലം ലോകത്ത് ഉണ്ടെന്നും അവിടെ എല്ലാം മധുരമയമാണെന്നും ഉള്ള വസ്തുത മലയാളി മനസ്സുകളിലേക്ക് ആഴത്തിൽ വേരോടുവാൻ സഹായിക്കുകയും മക്കാവുവിലേക്ക് മലയാളികളെ ആകർഷിക്കുകയും ചെയ്ത മക്കാവുവിന്റെ ഓണററി അംബാസഡർ കേരളത്തിന്റെ ഒരു പുത്രനാണെന്നതിൽ നമ്മുക്ക് അഭിമാനിക്കാം , ലോകത്തുള്ള എല്ലാവരുടെയും കുളിമുറികളിൽ എത്തിച്ചുനോക്കി അവരുടെയൊക്കെ സ്വകാര്യതകളെ സ്വന്തം പ്രസംഗവേദികളിൽ വിളമ്പി കേരള ജനതയുടെ ഇക്കിളി ഉണർത്തുന്ന നമ്മുടെ പരിഷ്കരണ മുഖ്യന്റെ പുന്നാരമകനും നല്ലൊരു ഡീൽ മേക്കർ സ്ഥാനം അലങ്കരിച്ചുകൊണ്ട് കൊച്ചിയിലും തിരോന്തപുരത്തും വിലസുന്നു .

ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു മകൻ മനുഷ്യന് എന്ന ആപ്തവാക്യത്തിൽ മുഴുകിക്കൊണ്ടു ജീവിതം തള്ളിനീക്കുന്ന പാവം അച്ഛൻ . ശത്രുക്കളുടെ മക്കളെയെല്ലാം ചാത്തന്മാരെക്കൊണ്ട് നിഗ്രഹിച്ചശേഷം സ്വന്തം മകനെ കേന്ദ്രമന്ത്രിയാക്കുവാൻ കച്ചകെട്ടിയിറങ്ങുകയും ഇന്നിപ്പോൾ ഇല്ലത്തുനിന്നും ഇറങ്ങി അമ്മാത്ത് എത്തുന്നതിനുള്ള വഴിയറിയാതെ ചെങ്ങന്നൂരിൽ എത്തി നിൽക്കുന്ന ഒരച്ഛന്റെ രോദനം നമ്മളും കേൾക്കുന്നു

ദുബായിലെ മക്കള്‍ രാഷ്ട്രീയം

ഇനി ദുബായിലേക്ക് വരാം : 202 രാജ്യക്കാർ ഒത്തൊരുമിച്ചാണ് ഇവിടെ വിലസുന്നത് . പല രാജ്യങ്ങളിലെ നേതാക്കന്മാരുടെയും മന്ത്രിമാരുടെയും രാജാക്കന്മാരുടെയും മക്കൾ സോദരത്തേന വാഴുന്ന മാതൃകാസ്ഥാനമാണിത് .

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് കിരണും കുടുംബവും (അബുദാബി) ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനും കുടുംബവും കുഞ്ഞാലിക്കുട്ടിയുടെ മകൾ ലസീതയും കുടുംബവും ഇ അഹമ്മദിന്റെ മക്കളായ റയീസും ഫൗസിയയും നസീറും അവരുടെ കുടുംബങ്ങളൊക്കെ ഇവിടെ സുഖമായി ജീവിക്കുന്നു . അവരൊന്നും ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെ വളരെ അടങ്ങി ഒതുങ്ങി ജീവിതം തള്ളിനീക്കുന്നു .

വാപ്പ മരിച്ചപ്പോൾ മാത്രമാണ് അഹമ്മദിന്റെ മക്കളെയും അവരുടെ പ്രതികരണശേഷിയും നമ്മൾ ടിവിയിലൂടെ കണ്ടത് . ഇവിടെ ഇനിയും മക്കൾ ജീവിക്കുന്നുണ്ട് . കാനത്തിന്റെ മകനും ശ്രീമതി ടീച്ചറുടെ മകനും ജയരാജന്മാരുടെ മക്കളും അങ്ങനെ തുടങ്ങി സകലമാന എംഎൽഎ, എംപി പഞ്ചായത്ത് മെമ്പറുടെ വരെ മക്കളെ ഇവിടെ നമുക്ക് കാണുവാൻ സാധിക്കും .

എന്നിട്ടും കോടിയേരിയുടെ മക്കളുടെ പിന്നിൽ മാത്രം എന്തുകൊണ്ട് ജനം പൊതിയുന്നു . അല്ലെങ്കിൽ അവരെ മാത്രം എന്തിന് കല്ലെറിയുന്നു ?

ഒരു കാര്യം കൂടി നാം മനസ്സിലാക്കേണ്ടതായുണ്ട് : 1999 ൽ സഖാവ് നായനാർ ദുബായ് സന്ദർശിക്കുവാൻ വരുന്നു . നായനാരുടെ സന്ദർശന ചുമതല പിവി അബ്ദുൽ വഹാബ് ഏറ്റെടുത്തു . അന്ന് കൈരളി ചാനലിന്റെ ഡയറക്റ്ററായിരുന്നു വഹാബ് . അതിന്റെ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ടായിരുന്നു .

ഭരിക്കുന്നവരെ വരുതിക്ക് നിർത്തുന്നതിന്റെ ഭാഗമായി നായനാരുടെ മൂത്തമകൻ കൃഷ്ണകുമാറിനെ ദുബായിലേക്ക് കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം വഹാബ് ഏറ്റെടുത്തു . കൃഷ്ണകുമാര്‍ കരമയിലുള്ള അൽ അത്താർ എന്ന കെട്ടിടത്തിൽ മുറിയെടുക്കുകയും അൽ ലീവാൻ എന്ന പരസ്യക്കമ്പനി സ്ഥാപിക്കുകയും ചെയ്തു .

ലുലു ഷാർജയിൽ ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ച കാലം . ലുലു മുതൽ കെഎം ട്രേഡിങ്ങും ഹൈപവർ ഗ്രൂപ്പും ഒക്കെ കൃഷ്ണകുമാറിന്റെ പിന്നാലെ പരസ്യം തരാം എന്ന് പറഞ്ഞുകൊണ്ട് പിന്നാലെ പായുന്ന കാലഘട്ടം . വളരെ ലാഭത്തിൽ പോയിരുന്ന കമ്പനിയില്‍ കെടുകാര്യസ്ഥതയാൽ ചെക്കുകൾ ഓരോന്നായി മടങ്ങുവാൻ തുടങ്ങി . അപകടം മണത്തറിഞ്ഞ വഹാബ് കമ്പനിയെ മൊത്തമായി കൃഷ്ണകുമാറിനെ ഏൽപ്പിച്ച് തലയൂരി .

ഒരു സുപ്രഭാതത്തിൽ കമ്പനിയിലെ ജോലിക്കാർക്ക് ശമ്പളം വരെ കൊടുക്കാതെ കൃഷ്ണകുമാർ ദുബായിൽ നിന്നും മാറിയപ്പോൾ അന്നും സ്പോൺസർ ആയിരുന്നു പ്രശനങ്ങളെല്ലാം പരിഹരിച്ചത്. ഇപ്പോഴും കൃഷ്ണകുമാറിന് ദുബായിലേക്ക് വരുവാൻ സാധിക്കില്ല .

കരുണാകരന്‍ ടി എം ജേക്കബിനോട് പറഞ്ഞത് ഇന്നത്തെ രാഷ്ട്രീയക്കാര്‍ ഓര്‍ത്താല്‍ നന്ന്‍

ഇക്കഥകളെല്ലാം ഇന്നത്തെ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അറിയാം. അതുകൊണ്ടാണ് നായനാരുടെ ഭാര്യ ശാരദ ടീച്ചർ മകന് ഒരു നിയമസഭാ സീറ്റിനായി പിണറായി വിജയനെ സമീപിച്ചപ്പോൾ അവരെ തിരസ്കരിച്ചത് .

അന്ന് നായനാർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെട്ട് അവരുടെ സ്വകാര്യ വിഷയങ്ങളിൽ പിടിച്ചുകൊണ്ടു രാഷ്ട്രീയലാഭം നോക്കാതിരുന്നതുകൊണ്ടാണ് ഇന്നത്തെപ്പോലെ കൃഷ്ണകുമാർ വിഷയം ആരും കത്തിക്കാതിരുന്നത് .

ടിഎം ജേക്കബാണ് ഈ വിഷയം ലീഡർ കരുണാകരനോട് പറയുന്നത്. ലീഡർ ടിഎം ജേക്കബിനോട് പറഞ്ഞു ‘ സഖാവിന്റെ മകനും നമ്മുടെ മക്കളും ഒക്കെ ഒരേപോലെയാണ്. മക്കളെ വിട്ടേക്ക് ‘ എന്ന്‍ . ഇന്നിപ്പോൾ ശത്രുവിനെതിരെ കിട്ടുന്ന ആയുധം പരമാവധി മുതലാക്കേണ്ടി വരുന്നത് അവരവരുടെ കയ്യിലിപ്പിന്റെ ബാക്കി പത്രങ്ങളാണ് .

എന്തായാലും ഇനി ഒരു പ്രാഞ്ചിയേട്ടന്മാരും അച്ചന്മാരെ കയ്യിലെടുക്കുവാൻ മക്കളെ കൂട്ടുപിടിച്ചുകൊണ്ട് കച്ചവടത്തിൽ മുതൽ മുടക്കില്ല എന്നത് സഖാക്കന്മാർക്കും ചാനലിലെ പ്രതികരണ തൊഴിലാളികളായ മനോജ്മാർക്കും ഷംസീർമാർക്കും ഒക്കെ ആശ്വസിക്കാം .

മമ്മുട്ടിയുടെ മകനായ ദുൽഖറും ജയറാമിന്റെ മകനായ കാളിദാസനും ഏറ്റവും പുതിയ പ്രണവ് മോഹൻലാലും ഒക്കെ അച്ചന്മാരുടെ മക്കൾ തന്നെ , അവരൊക്കെ പരസ്പരം പോരടിക്കുന്നുണ്ടെങ്കിലും മക്കളുടെ കാര്യം വരുമ്പോൾ പരസ്പര സഹായത്താൽ മലയാളി മനസുകളെ കീഴടക്കുവാൻ ശ്രമിക്കുന്ന കാഴ്ചകൾ നമ്മുക്ക് ഒരു പാഠമാകട്ടെ !!!

നിങ്ങൾ നന്നായാൽ നിങ്ങൾക്ക് നല്ലത് എന്നുപദേശിച്ചുകൊണ്ട്,

ഉന്നതരല്ലാത്ത കോൺഗ്രസുകാരൻ ദാമോദര പൊതുവാളിന്റെ മകൻ ദാസനും സഖാവ് കുഞ്ഞുട്ടിയുടെ മകൻ വിജയനും

×