Advertisment

ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ തീരുമാനം രണ്ടു ദിവസത്തിനകം

New Update

ഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകള്‍ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

Advertisment

publive-image

നിലവില്‍ സിബിഎസ്ഇക്ക് പുറമേ, ഐസിഎസ്ഇ അടക്കമുള്ള ബോര്‍ഡുകള്‍ക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. പരീക്ഷ എന്ന് നടക്കുമെന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മാര്‍ക്കുകള്‍ എങ്ങനെ വേണമെന്ന കാര്യം നിശ്ചയിക്കാന്‍ രാജ്യമെങ്ങും ഒറ്റ മാര്‍ഗ്ഗരേഖയായിരിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതെങ്ങനെയാകും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്തതാണ് വിദ്യാര്‍ത്ഥികളെ കുഴക്കുന്നത്.

പത്താം ക്ലാസിലെ പരീക്ഷാഫലം സിബിഎസ്ഇ തന്നെ രൂപീകരിക്കുന്ന ഒരു പരീക്ഷാരീതി പ്രകാരമാകും നിശ്ചയിക്കുകയെന്നും, ഇത് വഴി ലഭിക്കുന്ന മാര്‍ക്കുകളില്‍ കുട്ടിക്ക് സംതൃപ്തിയില്ലെങ്കില്‍ എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുമെന്നും സിബിഎസ്ഇ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പരീക്ഷ സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമേ നടത്തൂ എന്ന് പറയുന്നതാണ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നത്.

കേരളത്തില്‍ സിബിഎസ്ഇയില്‍ നിന്ന് പത്താംക്ലാസ്സിന് ശേഷം പതിനൊന്നാം ക്ലാസ്സിലേക്ക് സ്റ്റേറ്റ് സിലബസ്സില്‍ പഠിക്കാനെത്തുന്നത്, ശരാശരി നാല്‍പതിനായിരം മുതല്‍ നാല്‍പ്പത്തി അയ്യായിരം വരെ കുട്ടികളാണ്. ഇവരില്‍ പലര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തില്‍ ഏതെങ്കിലും തരത്തില്‍ പിന്തള്ളപ്പെടുമോ എന്ന ആശങ്കയുണ്ട്.

പത്താംക്ലാസ് പരീക്ഷ റദ്ദാക്കപ്പെടുകയും, പരീക്ഷാരീതി തന്നെ സിബിഎസ്ഇ നിശ്ചയിക്കുന്ന ഒരു റാങ്കിംഗ് രീതിയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ എങ്ങനെയാകും മാര്‍ക്കുകളെന്ന കാര്യത്തിലാകും സിബിഎസ്ഇയില്‍ നിന്ന് വരുന്ന കുട്ടികളുടെ പ്രധാന ആശങ്ക.

സിബിഎസ് ഇ വിഭാഗത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിജയശതമാനം ലഭിക്കുന്ന റീജ്യണാണ് കേരളത്തിലേത്, പ്രത്യേകിച്ച് തിരുവനന്തപുരം റീജ്യണ്‍. അതിനാല്‍ത്തന്നെ ഇവിടെ നിന്ന് വരുന്ന കുട്ടികള്‍ക്ക് സംസ്ഥാന സിലബസ്സിലേക്ക് മാറണമെങ്കിലോ, മറ്റ് സ്‌കൂളുകളില്‍ ചേരണമെങ്കിലോ പ്രവേശനത്തിന് എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്നതാണ് വിദ്യാര്‍ത്ഥികളെ കുഴക്കുന്നത്

കേരളത്തില്‍ പത്താംക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെന്നിരിക്കേ, പൊതുവില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം പ്രകടമാണ്. എസ്എസ്എല്‍സി പരീക്ഷ ഒരു കാരണവശാലും മാറ്റാന്‍ ആലോചനയില്ലെന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.

icse exam
Advertisment