Advertisment

പശ്ചിമഘട്ട സംരക്ഷണം കേരളത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു: ഡീൻ കുര്യാക്കോസ് എംപി കക്ഷി ചേരും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ : പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷനും ,ചില വ്യക്തികളും നൽകിയ ഹർജിയിൽ സുപ്രീം കോടതി കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു.

Advertisment

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.ജൂൺ മാസം 18 ന് കേസ് പരിഗണിച്ചപ്പോഴാണ് ആഗസ്റ്റ് മാസത്തിൽ എല്ലാ സംസ്ഥാനങ്ങളും മറുപടി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

publive-image

ഇടുക്കി ജില്ലയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നം ആയതിനാൽ ഈ വിഷയത്തിൽ കക്ഷി ചേരുന്നതിനുള്ള ഹർജി സുപ്രീം കോടതിയിൽ നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. നീലഗിരി സ്വദേശി എം കാവ്യ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 7 കുട്ടികളാണ് കേസിലെ പ്രധാന ഹർജിക്കാർ.

മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കുക, 2018 ഡിസംബർ 3-ന് ഇറക്കിയ വിജ്ഞാപനം റദ്ദ് ചെയ്യുക, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പുതിയ ഉത്തരവ് സമയബന്ധിതമായി പുറപ്പെടുവിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശം നൽകുക തുടങ്ങിയവയാണ് ഹർജിക്കാരുടെ ആവശ്യം. കേരളത്തിൽ നിന്നും റിവർ റിസർച്ച് സെൻറും ഹർജി നൽകിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

കേരളം സമർപ്പിച്ച ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം നടത്തണം എന്നാണ് ഡീൻ കുര്യാക്കോസ് എം.പിയുടെ ആവശ്യം. ഈ നിർദ്ദേശങ്ങൾ അംഗീകരിച്ച് കേന്ദ്രം കരട് വിജ്ഞാപനം 4 തവണ ദീർഘിപ്പിക്കുകയായിരുന്നു. 2018 ഡിസംബറിൽ ഇത് അംഗീകരിച്ച് പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

ഇത് പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നആവശ്യം അദ്ദേഹം പാർലമെൻറിൽ ഉന്നയിക്കുകയും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി നിരവധി തവണ നേരിൽ കണ്ടു ചർച്ച നടത്തുകയും ചെയ്തിരുന്നു.

കേരളം നൽകിയ റിപ്പോർട്ട് പ്രകാരം ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും സംരക്ഷിക്കുന്ന തരത്തിൽ ഇ എസ് എ പ്രദേശങ്ങൾ നിജപ്പെടുത്തണമെന്നും ഹർജി കോടതി പരിഗണിക്കുന്ന സമയത്ത് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനെ വച്ച് കേരളം ഈ കേസ് വാദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

deenkuriyakose
Advertisment