‘ആട് 2’ വിലെ ഒഴിവാക്കപ്പെട്ട രംഗം നെറ്റില്‍ ഹിറ്റ്; യൂട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമതെത്തി ഷാജി പാപ്പന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 12, 2018

തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന ജയസൂര്യ ചിത്രം ‘ആട് 2’ വില്‍ നിന്ന് ഒഴിവാക്കപ്പെട്ട രംഗങ്ങളും സൂപ്പര്‍ഹിറ്റ്. ചിത്രം നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസാണ് യൂട്യൂബിലൂടെ ഈ രംഗങ്ങള്‍ പുറത്തു വിട്ടത്. ആടിന്റെ ആരാധകര്‍ ആവേശത്തോടെയാണ് വീഡിയോ ഏറ്റെടുത്തത്. ഇതോടെ യൂട്യൂബിലെ ട്രെന്റിങ് ലിസ്റ്റില്‍ വീഡിയോ ഒന്നാം സ്ഥാനത്തെത്തി.

പ്രധാന കഥാപാത്രമായ ഷാജി പാപ്പന്‍ ഉള്‍പ്പെടുന്ന രംഗമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. പാപ്പന്റെ വീട്ടിലെ രസകരമായ സംഭവമാണ് ഈ രംഗത്തില്‍ ഉള്ളത്. ഒഴിവാക്കപ്പെട്ട എല്ലാ രംഗങ്ങളും ഉടന്‍ തന്നെ യൂട്യൂബില്‍ എത്തിക്കണമെന്ന ആവശ്യമാണ് വീഡിയോയുടെ കമന്റ് ബോക്‌സില്‍ നിറയെ ഉള്ളത്.

തിയേറ്ററുകളില്‍ പരാജയമാകുകയും ടൊറന്റില്‍ ഹിറ്റാകുകയും ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ആട് 2’ അത്ഭുതകരമായ വിജയമാണ് ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ജയസൂര്യയ്ക്കു പുറമെ വിനായകന്‍, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സണ്ണി വെയിന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

×