Advertisment

വിമാനത്തില്‍ നിന്ന് ഹൈജാക്ക് അലാറം മുഴങ്ങി;യാത്രക്കാർ പരിഭ്രാന്തരായി,ഡല്‍ഹി വിമാനത്താവളം സ്തംഭിച്ചു

New Update

Advertisment

കാണ്ഡഹാറിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ നിന്ന് ഹൈജാക്ക് അലാറം മുഴങ്ങിയത് ഡല്‍ഹി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി. പൈലറ്റ് അബദ്ധത്തില്‍ എമര്‍ജന്‍സി ബട്ടന്‍ അമര്‍ത്തിയതാണെന്ന് പിന്നീട് മനസിലായി. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു പുറപ്പെടാനൊരുങ്ങിയ എരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ യാത്രയാണ് പൈലറ്റിന്റെ അബദ്ധം മൂലം മണിക്കൂറുകളോളം വൈകിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണു സംഭവം.

ഒന്‍പതു ജീവനക്കാരും 124 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എഫ്ജി 312 വിമാനത്തില്‍ നിന്നു പെട്ടെന്നു ‘ഹൈജാക്ക് അലാറം’ മുഴങ്ങുകയായിരുന്നു. ഉടന്‍തന്നെ വിമാനത്തെ ഐസൊലേഷന്‍ ബേയിലേക്കു തിരികെ വിളിച്ചു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഭീകരവിരുദ്ധ സേന തുടങ്ങിയവര്‍ അടിയന്തരമായി സ്ഥലത്തെത്തി. ഇതു വിമാനത്താവളത്തിലാകെ ആശങ്ക പടര്‍ത്തി. വിമാനറാഞ്ചല്‍ ഭീഷണിയെന്നറിഞ്ഞതോടെ എയര്‍പ്പോര്‍ട്ട് ജീവനക്കാരും അല്‍പ്പനേരം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.

എന്നാല്‍ ക്യാപ്റ്റന്‍ അബദ്ധത്തില്‍ ബട്ടന്‍ അമര്‍ത്തിയതാണെന്നു അറിഞ്ഞതോടെ ഭീതിയൊഴിഞ്ഞു. പിന്നീട് നിരവധി സുരക്ഷാ, കസ്റ്റംസ് പരിശോധനകള്‍ക്കു ശേഷമാണ് വിമാനം പുറപ്പെട്ടത്.

Advertisment