ബാറില്‍ പാട്ടുവയ്ക്കുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡിസ്‌ക് ജോക്കിയുടെ കുത്തേറ്റ് സന്ദര്‍ശകന്‍ മരിച്ചു. ബിയര്‍ കുപ്പികൊണ്ട് അടിയേറ്റ വനിതാ സുഹൃത്തിനും പരിക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 7, 2018

ന്യൂഡല്‍ഹി: പാട്ടുവയ്ക്കുന്നതിനെ ചൊല്ലി ബാറിലുണ്ടായ കയ്യാങ്കളിയില്‍ സന്ദര്‍ശകന്‍ ഡി ജെ(ഡിസ്‌ക് ജോക്കി)യുടെ കുത്തേറ്റ് മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഫ്താര്‍ ബാറിലാണ് സംഭവം.

ഇവിടുത്തെ ഡി ട്രാന്‍സ്ഫര്‍മേഷന്‍ ജിം ഉടമസ്ഥന്‍ വിജയ്ദീപ് സിങ്(30)യാളാണ് മരിച്ചത്. ബിയര്‍ കുപ്പി കൊണ്ട് അടിയേറ്റ ഇയാളുടെ വനിതാ സുഹൃത്തിനും സാരമായ പരിക്കുണ്ട് . സംഭവത്തില്‍ ദീപക്ക് എന്ന ഡിജെ അറസ്റ്റിലായി.

തുടര്‍ച്ചയായി പഞ്ചാബി ഗാനങ്ങള്‍ കേള്‍പ്പിക്കാന്‍ വിജയ്ദീപും സുഹൃത്തുക്കളും ദീപക്കിനോട് ആവശ്യപ്പെടുകയും ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ് കുമാര്‍ പറഞ്ഞു.

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് വിജയ്ദീപും ഒമ്പതുപേരും രഫ്താറില്‍ എത്തിയത്. തുടര്‍ന്ന് തങ്ങള്‍ക്ക് പ്രിയപ്പെട്ട പഞ്ചാബി ഗാനങ്ങള്‍ തുടര്‍ച്ചയായി വയ്ക്കാന്‍ ആവശ്യപ്പെട്ടു. ആദ്യമൊക്കെ ഇവരുടെ ആവശ്യത്തിന് അനുസരിച്ച് പാട്ടുവച്ചെങ്കിലും തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെ ദീപക് ഇത് നിരാകരിച്ചു.

തുടര്‍ന്ന് വഴക്കുണ്ടായി. ഇതിനിടെ ദീപക്ക് വിജയ്ദീപിനെയും സുഹൃത്തുക്കളെയും ബാറില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് ബാറിന്റെ അടുക്കളയില്‍നിന്ന് കത്തിയെടുത്തു കൊണ്ടുവന്ന് വിജയ്ദീപിനെ കുത്തുകയായിരുന്നു.

വിജയ്ദീപിനെ രക്ഷിക്കാനെത്തിയ കൂട്ടുകാരിയുടെ തലയില്‍ ബിയര്‍കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

×