Advertisment

കുറച്ചുനാളായി ഒരു നേരം മാത്രമാണ് ഭക്ഷണം; അമ്മയ്ക്ക് മരുന്ന് വാങ്ങണം; അഞ്ചു സഹോദരങ്ങളടങ്ങുന്ന കുടുംബം നോക്കണം; വീടുപോറ്റാന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയാണ് ഈ പന്ത്രണ്ടുകാരന്‍; വൈറസില്‍ നിന്ന് രക്ഷപ്പെടാമെങ്കിലും വിശപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലെന്ന് മറുപടി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രോഗിയായ അമ്മയേയും അച്ഛനേയും അഞ്ചു സഹോദരങ്ങളേയും നോക്കാന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുക എന്ന ജോലി ഏറ്റെടുത്തിരിക്കുകയാണ് ചന്ദ് മുഹമ്മദ് എന്ന പന്ത്രണ്ടുകാരന്‍.

ഡല്‍ഹി ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് ഈ കുട്ടി ജോലി ചെയ്യുന്നത്.

കുറച്ചു നാളായി ഒരു നേരം മാത്രമാണ് ആഹാരമെന്ന് ചന്ദ് പറയുന്നു. അമ്മ രോഗിയാണ്. അച്ഛനും ജോലി ചെയ്യാനാകില്ല. അഞ്ചു സഹോദരങ്ങളടക്കുന്ന കുടുംബത്തെ പോറ്റാന്‍ ജോലി തേടിയിറങ്ങിയിട്ടും ലോക്ക്ഡൗണായതിനാല്‍ ലഭിച്ചില്ലെന്ന് ചന്ദ് പറഞ്ഞു.

'പണം പലിശയ്ക്ക് ചോദിച്ചിട്ടും ആരും തന്നില്ല. വൈറസില്‍ നിന്ന് പിന്നെയും രക്ഷപ്പെടാം. പക്ഷേ വിശപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ല. എനിക്ക് ജോലി അത്യാവശ്യമാണ്'-ചന്ദ് പറയുന്നു.

ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെയാണ് ചന്ദിന്റെ ജോലി സമയം. 17000 രൂപയാണ് പ്രതിഫലം. എന്നും രണ്ടോ മൂന്നോ മൃതദേഹങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരും.

തന്നെയോര്‍ത്ത് അമ്മ എപ്പോഴും കരയുമെന്ന് ചന്ദ് മുഹമ്മദ് പറയുന്നു. 'ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. വീട്ടിലെത്തിയാല്‍ ഉടനെ കുളിക്കും. കുടുംബാംഗങ്ങളുമായി അകലം പാലിക്കും-ചന്ദ് പറഞ്ഞു.

സമ്പാദിക്കുന്ന പണത്തിലൂടെ നന്നായി പഠിക്കണമെന്നും ഭാവിയില്‍ മെഡിസിന് ചേരണമെന്നും ചന്ദിന് ആഗ്രഹമുണ്ട്.

Advertisment