/sathyam/media/post_attachments/jNQ1oWLxwdeuNlMMrCHV.jpg)
ന്യൂഡല്‍ഹി: അവധി പോലുമെടുക്കാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 42-കാരനായ ഡോക്ടര്‍ ജാവേദ് അലിയാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗവ്യാപനം രൂക്ഷമായ മാര്‍ച്ച് മുതല്‍ അവധി പോലുമെടുക്കാതെ ഇദ്ദേഹം കൊവിഡ് ബാധിതരെ പരിചരിക്കുകയായിരുന്നു. ഒടുവില്‍ ജൂണ്‍ 24ന് ഇദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചു.
മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അവസാന 10 ദിവസത്തോളം ജാവേദ് അലി വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഇദ്ദേഹം എയിംസില്‍ വച്ച് മരിച്ചത്.
ഭാര്യയും ആറും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളും ഇദ്ദേഹത്തിനുണ്ട്. തന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനിക്കുന്നതായി ഭാര്യയും ഡോക്ടറുമായ ഹീന കൗസര്‍ പറഞ്ഞു. രക്തസാക്ഷിത്വം വരിക്കുന്നത് വരെ അദ്ദേഹം സേവനമനുഷ്ഠിച്ചതായും ഈദില്‍ പോലും അദ്ദേഹം അവധിയെടുത്തിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ജാവേദ് അലിയുടെ മരണത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രിയും പറഞ്ഞു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us