Advertisment

ഡൽഹിയിൽ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; അഞ്ചു പേർ അറസ്റ്റിൽ

New Update

Advertisment

ന്യൂഡൽഹി:  ഗുഡ്ഗാവിൽ മുപ്പതുകാരിയായ യുവതിയെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയി കൂട്ട മാനഭംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഗസ്റ്റ്ഹൗസിൽ വച്ചാണ് കൂട്ടമാനഭംഗം നടന്നതെന്ന് പോലീസ് അറിയിച്ചു. ഇവിടെ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി തിങ്കളാഴ്ച രാത്രി 11ന് ഗുഡ്ഗാവിലെ ഷോപ്പിംഗ് മാളിൽ നിന്ന് പുറത്തെത്തിയ ശേഷം ഓട്ടോ കാത്ത് നിൽക്കവെ പ്രതികൾ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാൽ യുവതി ഇത് നിരസിച്ചു. പിന്നാലെ പ്രതികൾ യുവതിയെ ബലമായി കാറിൽ കയറ്റുകയും ഗസ്റ്റ്ഹൗസിലേക്ക് കടത്തുകയുമായിരുന്നു.

ഇവിടെ മണിക്കൂറുകൾ നീണ്ട പീഡനത്തിനാണ് യുവതി ഇരയായത്. ഇതിനു ശേഷം യുവതിയെ മുറിയിൽ പൂട്ടിയിട്ട സംഘം പുറത്തേക്ക് പോയി. യുവതിയുടെ കരച്ചിൽ കേട്ട ഗസ്റ്റ്ഹൗസിലെ പാചകക്കാരനാണ് മുറി തുറന്ന് യുവതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. എന്നാൽ യുവതി ഇവിടെ നിന്ന് രക്ഷപ്പെടുന്നത് സംഘത്തിലെ ഒരാൾ തടഞ്ഞു. ഇയാളെ ഇരുമ്പുവടിക്ക് അടിച്ചുവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട യുവതി സുഹൃത്തിനൊപ്പം പുലർച്ചെ 4.30 ന് പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിക്കുകയും പരാതി നൽകുകയും ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിൽ പ്രതികൾ ഗസ്റ്റ്ഹൗസിൽ തന്നെയുണ്ടെന്ന് മനസിലാക്കുകയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisment