ഡൽഹിയിൽ റോഡിൽ മേജറുടെ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് മറ്റൊരു മേജറുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്. പ്രതിയായ കരസേനാ മേജര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, June 24, 2018


ന്യൂഡൽഹി∙ ആർമി മേജറുടെ ഭാര്യയെ ഡൽഹിയിൽ റോഡിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിനു കാരണം മറ്റൊരു മേജറുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണെന്ന് സംശയം. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദി കൊല്ലപ്പെട്ട സംഭവത്തില്‍ കരസേന മേജറായ നിഖിൽ ഹന്ദ അറസ്റ്റിലായി. കൊലപാതകത്തിനു പിന്നാലെ മുങ്ങിയ ഇയാളെ മീററ്റിൽ നിന്ന് ഡൽഹി പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായി എസ്പി രണ്‍വിജയ് സിങ് പറഞ്ഞു. നിഖിലില്‍ ഷൈലജയോടുവിവാഹാഭ്യര്‍ഥന നടത്തിയിരുന്നെന്നും ഇത് അവര്‍ നിരസിച്ചതാണ് കൊലപാതകത്തിലെയ്ക്ക് നയിച്ചതെന്നും പറയുന്നു.

2009ലാണ് ഷൈലജയും അമിത്തും വിവാഹിതരാകുന്നത്. നാഗാലൻഡിലെ ദിമാപുറിൽ വച്ച് മൂന്നു വർഷം മുൻപാണ് നിഖിലിനെ ഷൈലജ പരിചയപ്പെടുന്നത്. മൂവരും സുഹൃത്തുക്കളുമായിരുന്നു. എന്നാൽ അടുത്തിടെ പരിശീലനത്തിന്റെ ഭാഗമായി അമിത്തിനെ വെസ്റ്റ് ഡൽഹിയിലേക്കു സ്ഥലം മാറ്റി.

ഷൈലജയെ വിവാഹം ചെയ്യാൻ നിഖില്‍ ആഗ്രഹിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ആറു വയസ്സുകാരന്റെ അമ്മയായ ഷൈലജ അതിനു സമ്മതിച്ചില്ല. നിഖിലുമായുള്ള ബന്ധത്തെക്കുറിച്ച് അമിത്തിനും സൂചനകൾ ലഭിച്ചിരുന്നു.

ശനിയാഴ്ച ദിമാപുറിൽ നിന്ന് നിഖിൽ ഡൽഹിയിലെത്തി. ഡൽഹി കന്റോണ്മെന്റ് സ്റ്റേഷനു സമീപത്തു വച്ചു കാണാമെന്നു ഷൈലജയോട് പറഞ്ഞു.

തുടർന്നു ഷൈലജ ശനിയാഴ്ച രാവിലെ ഫിസിയോതെറപ്പി സെഷനു വേണ്ടി വെസ്റ്റ് ഡൽഹിയിലെ ആർമി ആശുപത്രിയിലെത്തി. ഔദ്യോഗിക വാഹനത്തിലായിരുന്നു എത്തിയത്. ഡ്രൈവർ തിരികെ പോയി. ആ സമയത്ത് നിഖിൽ കാറുമായി എത്തി. ഷൈലജ നിഖിലിന്റെ കാറിൽ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഒരു യുവതിയുടെ മൃതദേഹം വാഹനമിടിച്ച നിലയിൽ സൗത്ത്–വെസ്റ്റ് ഡൽഹിയിലെ ബ്രാർ സ്ക്വയറിൽ കണ്ടെത്തിയതായി പൊലീസിനു വിവരം ലഭിക്കുന്നത്. കൂടുതൽ പരിശോധനയിൽ മൃതദേഹത്തിന്റെ കഴുത്തറുത്തതായി കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ദേഹത്ത് വാഹനം കയറ്റിയിറക്കിയതാകാമെന്നും പൊലീസ് നിഗമനത്തിലെത്തി. മുപ്പതുകാരിയായ ഇവരുടെ മുഖത്തു കൂടെയായിരുന്നു കാർ കയറ്റിയത്.

ബ്രാർ സ്ക്വയറിലെ ഒറ്റപ്പെട്ട റോഡിലാണു സംഭവം. ആർപിഎഫിന്റെ മെസിലാണ് റോഡ് അവസാനിക്കുന്നത്. ആൾപ്പെരുമാറ്റം കുറവായ ഈ ഇടമാണു കൊലപാതകത്തിനായി തിരഞ്ഞെടുത്തതും. എന്നാൽ കൊലയിലേക്കു നയിച്ച പെട്ടെന്നുള്ള പ്രകോപനം എന്താണെന്നു വ്യക്തമല്ല. ബന്ധം അവസാനിപ്പിക്കാൻ ഷൈലജ പറഞ്ഞതാണ് ഇതിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

എൻജിഒ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഷൈലജ. അഞ്ചു വർഷം അധ്യാപികയായും പ്രവർത്തിച്ചു. പാവപ്പെട്ട കുട്ടികളുടെ സൗജന്യ പഠനത്തിനുൾപ്പെടെ സാമൂഹ്യപ്രവർത്തനങ്ങളിലും ഷൈലജ സജീവമായി രംഗത്തുണ്ടായിരുന്നു

×