Advertisment

ലൈംഗികാതിക്രമത്തെ അതിജീവിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അബോര്‍ഷന് തടസ്സമില്ല; സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

New Update

ഡല്‍ഹി: ലൈംഗികാതിക്രമത്തെ അതിജീവിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അബോര്‍ഷന് തടസ്സമില്ലെന്ന സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 16 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാന്‍ അനുവാദം നൽകികൊണ്ടാണ്‌ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ നിരീക്ഷണം.

Advertisment

publive-image

ഗര്‍ഭാവസ്ഥ തുടരാന്‍ അനുവദിച്ചാൽ അത് പെണ്‍കുട്ടിയ്ക്ക് ഭാരമാകുമെന്നും കുട്ടിയുടെ മാനസിക നിലയെയും സാരമായി ബാധിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊലപാതകക്കേസിലെ പ്രതിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒബ്സർവേഷൻ ഹോമിൽ കസ്റ്റഡിയിലാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു സ്ത്രീയുടെ പ്രത്യുൽപാദന തിരഞ്ഞെടുപ്പിനുള്ള അവകാശം അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി വ്യക്തമാക്കി.

"ഒരു കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ല. കുഞ്ഞിനെ പ്രസവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.

കൊലപാതക കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അബോര്‍ഷന്‍ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ലൈംഗികാതിക്രമത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി.

താൻ സാമ്പത്തികമായി ദുർബലമായ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണെന്നും ലൈംഗികാതിക്രമത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഒരു കുട്ടിയെ വളർത്താൻ സാമ്പത്തികമായോ മാനസികമായോ പെണ്‍കുട്ടിയ്ക്ക് കഴിയില്ലെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു.

ലൈംഗികാതിക്രമത്തിന് ഇരയായതിന് പുറമെ കൊലപാതക കുറ്റത്തിന് അവളെ ഒബ്സർവേഷണൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളും പെണ്‍കുട്ടിയുടെ മാനസികാവസ്ഥയും പരിഗണിച്ചാണ് കോടതി അബോര്‍ഷന് അനുമതി നല്‍കിയത്.

Advertisment