ഡൽഹിയിലെ വായുമലിനീകരണം മൂലം ഒരു പുതിയ ബിസിനസ്സ് പൊടിപൊടിക്കുന്നു

പ്രകാശ് നായര്‍ മേലില
Thursday, November 8, 2018

ഡല്‍ഹി : രാജ്യതലസ്ഥാനം വായുമലിനീകരണം മൂലം വാസയോഗ്യമല്ലെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോ ക്തിയല്ല. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനുള്ള സുപ്രീം കോടതിയുടെ കർശനവിലക്കുകൾ അവഗ ണിച്ചുകൊണ്ട് ആളുകൾ ധാരാളം പടക്കം പൊട്ടിച്ചു. ഫലമോ വായുവിൻെറ ഗുണനിലവാര സൂചിക പരമാവധി അളവായ 50 ൽ നിന്ന് 328 ൽ എത്തുകയും ചെയ്തു. ജനങ്ങളോട് മാസ്ക്ക് ധരിച്ചുകൊണ്ടുമാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ഡോക്ടർമാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.

ജനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ ജാഗരൂകരാരിരിക്കുന്നു എന്നതിനുതെളിവായി ഡൽഹിയിൽ ഒരു പുതിയ മാർക്കറ്റ് രൂപപ്പെട്ടിരിക്കുന്നു.പലവിധത്തിലുള്ള ആധുനിക എയർ പ്യൂരിഫയിങ് സിസ്റ്റത്തിന്റേതാണ് ആ മാർക്കറ്റ്.

ആന്റി പൊല്യൂഷൻ മാസ്ക്ക് ,എയർ പ്യുരിഫയിങ് മെഷീൻ, എയർ പൊല്യൂഷൻ ഡിജിറ്റൽ മോണിറ്റർ,കാർ എയർ പ്യുരിഫയർ എന്നിവയാണ് ഇപ്പോൾ ഡൽഹിയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഐറ്റങ്ങൾ.

ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം വായുമലിനീകരണം മൂലം 2016 ൽ ഭാരതത്തിൽ ഒരുലക്ഷത്തി പതിനായിരം കുട്ടികൾ മരണപ്പെട്ടു എന്ന കണക്കാണ് ആളുകളെ കൂടുതൽ ഈ വിഷയത്തിൽ ജാഗരൂകരാക്കിയിരിക്കുന്നത്. എയർ പ്യുരിഫയറുകളുടേയും മാസ്‌ക്കുകളുടേയും വിൽപ്പന 2015 നെ അപേക്ഷിച് 2016 ൽ 400 ശതമാനം കൂടുകയുണ്ടായി. എന്നാൽ 2017 ൽ 2016 നെ അപേക്ഷിച് ഇത് 500 ശതമാനമായി വർദ്ധിക്കുകയായിരുന്നു .ഇപ്പോൾ 2018 ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2017 നേക്കാൾ 450 ശതമാനമാണ് ഇവയുടെ വിൽപ്പനയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

2017 ൽ ഡൽഹിയിൽ രണ്ടു ലക്ഷം എയർ പ്യുരിഫയിങ് മെഷീനുകളാണ് വിൽക്കപ്പെട്ടത്.സ്ത്രീകളും കുട്ടികളുമാണ് ( 65%) മാസ്‌ക്കുകളുടെയും എയർ പ്യൂരിഫയിങ് മെഷീനുകളുടെയും പ്രധാന ഉപഭോക്താക്കൾ. വിദേശ കമ്പനിയായ ഫിലിപ്സ്, ബ്രിട്ടീഷ് കമ്പനി ഡൈസൻ ,ജപ്പാൻ കമ്പനിയായ ഷാർപ്പ് എന്നിവയുടെ എയർ പ്യുരിഫയറുകളാണ് ഇതുവരെ മാർക്കറ്റിൽ പോപ്പുലറായിരുന്നത്. ഇവയുടെ വില 23000 രൂപ മുതൽ 45500 രൂപ വരെയാണ്.

എന്നാൽ ഇപ്പോൾ ധാരാളം ഇന്ത്യൻ കമ്പനികൾ ( സാംസങ് ,ബ്ലൂസ്റ്റാർ ,ലൈവ് പ്യോർ ,ടെഫൽ etc ..etc ) വിലകുറഞ്ഞ എയർ പ്യൂരിഫയറുകൾ മാർക്കറ്റിലിറക്കിയിട്ടു ണ്ട്. അവ 5000 രൂപ മുതൽ മുകളിലോട്ടു ള്ളവയാണ്. ഡൽഹി കൂടാതെ മുംബൈ,കൽക്കത്ത,ലക്‌നൗ, ഹൈദരാബാദ് തുടങ്ങിയ പല സ്ഥലങ്ങളിലും ഈ വ്യവസായം ഇപ്പോൾ തുടക്കം കുറിച്ചുകഴിഞ്ഞു. കാരണം അന്തരീക്ഷമലിനീകരണം ഏറ്റവും കൂടുതൽ ബാധിക്കുന്നതു കുട്ടികളെയാണെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പും ജനങ്ങളുടെ തിരിച്ചറിവും തന്നെ.

×