Advertisment

‘എല്ലായിടത്തും തീ ആളിപ്പടർന്നു. ഞാൻ ജീവൻ രക്ഷിക്കാനായി ഇറങ്ങി ഓടി. എന്നാൽ വീണു പോയി ; ഞാൻ മുട്ടിലിഴഞ്ഞു പുറത്തേക്കു പോകാൻ നോക്കി ; പെട്ടെന്ന് എന്റെ മകൻ ഓടിവന്ന് എന്നെ എടുത്ത് ഒരു സുരക്ഷിത സ്ഥാനത്തേക്ക് ഓടി ; കലാപകാരികൾ വീടിനു തീയിട്ടപ്പോൾ വീടിന്റെ ആദ്യ നിലയിൽ നിന്ന് താഴേക്കു ചാടിയാണ് അഞ്ചും ഒൻപതും വയസ്സുള്ള കുട്ടികൾ രക്ഷപ്പെട്ടത് ; ഡല്‍ഹി കലാപത്തില്‍ വീട് നഷ്ടപ്പെട്ട വയോധിക പറയുന്നു

New Update

ഡൽഹി :  പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഘർഷത്തിൽ തിങ്കളാഴ്ച ഡൽഹിയിലെ ശിവ വിഹാർ കോളനിയിൽ കലാപകാരികൾ തീയിട്ടു നശിപ്പിച്ചതിൽ അറുപതുകാരി ബിൽക്കിസിന്റെ വീടും ഉണ്ടായിരുന്നു.

Advertisment

ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ സമ്പാദിച്ചതെല്ലാം കത്തിയമരുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്ന നിരവധി പേരിൽ ഒരാൾ മാത്രമാണ് അറുപതുകാരിയായ ബിൽക്കിസ് ഭാനു. കഴിഞ്ഞ 35 വർഷമായി ശിവ വിഹാർ കോളനിയിൽ താമസിച്ചുവരികയാണ്.

publive-image

അക്രമകാരികൾ വീട് വളഞ്ഞപ്പോൾ ബിൽക്കിസ് വീടിനുള്ളിൽ ആയിരുന്നു. ‘എല്ലായിടത്തും തീ ആളിപ്പടർന്നു. ഞാൻ ജീവൻ രക്ഷിക്കാനായി ഇറങ്ങി ഓടി. എന്നാൽ വീണു പോയി. ആൾക്കൂട്ടത്തിൽ പെട്ടുപോയി. അക്രമകാരികൾ എല്ലായിടത്തും ഓടിനടന്നു കണ്ണിൽപ്പെടുന്ന വീടുകൾക്കും കടകൾക്കും എല്ലാം തീയിടുകയായിരുന്നു.

ഞാൻ മുട്ടിലിഴഞ്ഞു പുറത്തേക്കു പോകാൻ നോക്കി. പെട്ടെന്ന് എന്റെ മൂത്ത മകൻ ഓടിവന്ന് എന്നെ എടുത്ത് ഒരു സുരക്ഷിത സ്ഥാനത്തേക്ക് ഓടി. എന്റെ വീടു മാത്രമല്ല വീടിനോടു ചേർന്ന് പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ ജീവിതമാർഗമായിരുന്ന കടയും അവർ ചുട്ടെരിച്ചു’–ഭാനു പറഞ്ഞു

ബിൽക്കിസ് ഭാനുവും അവരുടെ രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും ഇപ്പോൾ അടുത്തുള്ള ഒരു ആരാധനാലയത്തിൽ അഭയം തേടിയിരിക്കുകയാണ്. ശനിയാഴ്ച ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ബിൽക്കിസ് തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവം വിവരിച്ചത്. തിങ്കളാഴ്ച ധരിച്ച അതേ വേഷത്തിലാണ് ബിൽക്കിസ് സംസാരിച്ചത്. മാറാനുള്ള വസ്ത്രങ്ങൾ പോലും ഇല്ലാത്ത അവസ്ഥ. ‘ഞാനിപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രം കുറച്ച് സമയം മുൻപ് ഒരു അയൽവാസിയിൽ നിന്നും വാങ്ങിയതാണ്’–ബിൽക്കിസിന്റെ രണ്ടാമത്തെ മകൻ പറഞ്ഞു.

ബിൽക്കിസിനെപ്പോലെ നിരവധി പേർക്കാണ് ഒറ്റ ദിവസം കൊണ്ട് വർഷങ്ങളായി ജീവിച്ചുവന്ന വീടും സ്ഥലവും വിട്ട്, മാറാൻ വസ്ത്രങ്ങൾ പോലുമില്ലാതെ പലായനം ചെയ്യേണ്ടി വന്നത്. വടക്കു കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപം ഏറ്റവും അധികം ബാധിച്ചതും ബിൽക്കിസ് താമസിച്ചുവന്ന ശിവ വിഹാറിൽ തന്നെയാണ്. ഇവർക്കു മാത്രമല്ല തൊട്ടടുത്തുള്ള പ്രദേശമായ യമുന വിഹാറിലെ മുപ്പത്തിമൂന്നുകാരിയായ പ്രീതി ഗാർഗിനും തന്റെ വീട് കത്തിയെരിഞ്ഞ കാഴ്ചയെക്കുറിച്ചു പറയുമ്പോൾ ഇപ്പോളും വിറയൽ മാറിയിട്ടില്ല.

കലാപകാരികൾ വീടിനു തീയിട്ടപ്പോൾ വീടിന്റെ ആദ്യ നിലയിൽ നിന്ന് താഴേക്കു ചാടിയാണ് അഞ്ചും ഒൻപതും വയസ്സുള്ള അവരുടെ രണ്ടു കുട്ടികൾ രക്ഷപ്പെട്ടത്. ‘തിങ്കളാഴ്ച മണിക്കൂറുകളോളം ഇവിടെ സംഘർഷം അരങ്ങേറി. ആദ്യം കല്ലേറാണ് ഉണ്ടായത്. പിന്നീട് സ്ഥിതി വഷളാകാൻ തുടങ്ങി. അവർ വീടിന്റെ താഴത്തെ നിലയിൽ തീയിട്ടു. അപ്പോൾ അവിടെ ആരും ഇല്ലായിരുന്നു. ഞാനും കുട്ടികളും ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും മുകളിലത്തെ നിലയിലായിരുന്നു.

തീ ആളിക്കത്താൻ തുടങ്ങിയതോടെ ആദ്യം കുട്ടികളെ രക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ അവരുടെ കൈകളിൽ പിടിച്ചു കൊടുത്തു, പതുക്കെ ബാൽക്കണയിൽ നിന്ന് താഴേക്കു ചാടാൻ ആവശ്യപ്പെട്ടു. എന്റെ ജീവിതത്തിൽ ഞാനേറ്റവും പേടിച്ച സന്ദർഭമായിരുന്നു അത്. കുട്ടികളെ താഴേയിറക്കിയ ശേഷം ഞങ്ങൾ വീടിന്റെ മേൽക്കൂരയിലൂടെ കയറി അടുത്തുള്ള വീടിന്റെ ടെറസിൽ എത്തി’–പ്രീതി പറഞ്ഞു.

ഡൽഹിയിൽ ദിവസങ്ങൾ നീണ്ട കലാപത്തിൽ നാൽപ്പതിൽ അധികം പേരാണ് മരിച്ചത്. നൂറോളം ആളുകൾ ആഴുപത്രിയിൽ ചികിത്സയിലായിലാണ്. കലാപവുമായി ബന്ധപ്പെട്ട് 150 എഫ്ഐആറുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. 885 പേർ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടതിനു 13 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ വസ്തുതാന്വേഷണ സമിതിയേയും നിയോഗിച്ചു.

ശനിയാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡൽഹിയെ പൂർവസ്ഥിതിയിലേക്കു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

delhi fire caa protest delhi riots house fire
Advertisment