Advertisment

11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്; പട്ടികയില്‍ പിണറായി വിജയന്‍ രണ്ടാം സ്ഥാനത്ത്

New Update

തിരുവനന്തപുരം: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പട്ടികയില്‍ ഒന്നാമത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് തൊട്ടുപിന്നില്‍. 11 ക്രിമിനല്‍ കേസുകളാണ് പിണറായിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 22 കേസുകളാണ് ഫഡ്‌നാവിസിനെതിരെയുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മൂന്നാം സ്ഥാനത്തുണ്ട്. കെജ്രിവാളിനെതിരായ 10 കേസുകളില്‍ നാലെണ്ണം ഗുരുതരമായ കേസുകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരാണ് ക്രിമിനല്‍ കേസുകളില്‍ പെട്ടിരിക്കുന്ന മറ്റ് മുഖ്യമന്ത്രിമാര്‍.

മുഖ്യമന്ത്രിമാരുടെ സാമ്പത്തിക നിലയെപ്പറ്റിയും ഡെമോക്രാറ്റിക് റൈറ്റ്‌സ് പഠനം നടത്തി. രാജ്യത്തെ 25 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 177 കോടി രൂപയുടെ ആസ്തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ഈ പട്ടികയിലെ ഒന്നാമന്‍. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് രണ്ടാമത്തെ കോടീശ്വര മുഖ്യന്‍. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം സ്ഥാനത്തുണ്ട്.

മുഖ്യമന്ത്രിമാരുടെ ആസ്തിയുടെ പട്ടികയില്‍ എറ്റവും താഴെയുള്ളത് തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. 26 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമാണ് മണിക് സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍.

Advertisment