Advertisment

ആസ്ട്രസെനക്ക വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഡെന്‍മാര്‍ക്ക്: ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ എന്ന് റിപ്പോര്‍ട്ട്

New Update

publive-image

Advertisment

ഡെൻമാർക്ക്: ആസ്ട്രസെനക്ക വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഡെൻമാർക്ക്. ആസ്ട്രസെനക്ക വാക്‌സിനുകളിൽ പാർശ്വ ഫലങ്ങൾ റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകുന്നതെന്നാണ് വിശദീകരണം. ചൊവ്വാഴ്ച്ചയാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തുവന്നത്. അപൂർവ്വവും ഗുരുതരവുമായ പാർശ്വഫലങ്ങളെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്.

ലോകാരോഗ്യ സംഘടനയുൾപ്പടെ അംഗീകാരം നൽകിയ ആസ്ട്രസെനക്ക വാക്‌സിൻ ഡെൻമാർക്കിന്റെ വാക്‌സിനേഷൻ ക്യാമ്പയിനിൽ ഭാഗമാകില്ലെന്ന് ആരോഗ്യ അതോറിറ്റി ഡയറക്ടർ സോറൻ ബ്രോസ്‌ട്രോം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാക്‌സിനെടുത്തവരിൽ അപൂർവ്വവും ഗുരുതരവുമായ രീതിയിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആസ്ട്രസെനക്കയുടെ വാക്‌സിനുകൾക്ക് ഡെൻമാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആസ്ട്രസെനക്കയുടെ വാക്‌സിന് നിരോധനം ഏർപ്പെടുത്തുന്ന യൂറോപിലെ ആദ്യ രാജ്യമാണ് ഡെൻമാർക്ക്.

പന്ത്രണ്ടോളം രാജ്യങ്ങൾ നേരത്തെ ഇത്തരമൊരു തീരുമാനം കൈകൊണ്ടിരുന്നെങ്കിലും പലരും വാക്‌സിന്റെ ഉപയോഗം പുനരാരംഭിച്ചിരുന്നു. വിഷയത്തിൽ ഡെൻമാർക്ക് സ്വയം അന്വേഷണം നടത്തിയതിന് ശേഷമാണ് വാക്‌സിൻ ഉപയോഗിക്കില്ലെന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

5.8 ദശലക്ഷം ജനസംഖ്യയുള്ള ഡെൻമാർക്കിൽ ഇതുവരെ എട്ട് ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച പതിനേഴ് ശതമാനം പേരാണ് ഉള്ളത്.ഫൈസർ, മോഡേണ വാക്‌സിനുകൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്‌സിൻ ഡ്രൈവാകും ഇനിമുതൽ ഡെൻമാർക്കിൽ നടക്കുക.

Advertisment