നടക്കാതെ പോയ സ്വപ്‌നങ്ങള്‍ ഒരു കടലാസില്‍ വരച്ചുവച്ച് 19 കാരന്‍ ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്തു

ജെ സി ജോസഫ്
Saturday, July 28, 2018

ഡെറാഡൂണ്‍: നടക്കാതെ പോയ സ്വപ്‌നങ്ങള്‍ ഒരു കടലാസില്‍ വരച്ചുവച്ച് യുവാവ് ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്തു. ആത്മഹത്യ കുറിപ്പിനൊപ്പം തന്റെ സ്വപ്ന ഭവനത്തിന്റേയും വാഹനങ്ങളുടേയും ചിത്രം വരച്ച് വച്ച ശേഷമാണ് ഭൂപേന്ദ്ര കുമാര്‍ എന്ന 19 കാരന്‍ തൂങ്ങി മരിച്ചത്. 19 വയസിനുള്ളില്‍ തന്നെ എങ്ങനെ ഈ സ്വപ്‌നങ്ങള്‍ തകര്‍ന്നതായി കൌമാരം മായാത്ത ഈ ചെറുപ്പക്കാരന്‍ കരുതിയെന്നതാണ് സുഹൃത്തുക്കളെ കുഴയ്ക്കുന്നത്. നിരാശ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഭൂപേന്ദ്ര കുമാര്‍ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു.

ജീവിത നൈരാശ്യം കാരണമാകാം യുവാവിന്റെ ആത്മഹത്യയെന്നാണ് സൂചന. ആത്മഹത്യ കുറിപ്പിനൊപ്പം ലഭിച്ച മറ്റൊരു പേപ്പറില്‍ ഇരുനില വീടിന്റെയും ഹോണ്ടാ സിറ്റി കാറിന്റെ ബുള്ളറ്റ്, ആക്ടീവ എന്നീ ഇരുചക്ര വാഹനങ്ങളുടേയും ചിത്രം വരച്ചിട്ടിട്ടുണ്ട്. എന്റെ സ്വപ്നങ്ങള്‍ എന്ന തലക്കെട്ടിലാണ് ചിത്രം വരച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലക്കാരനാണ് ഭൂപേന്ദ്ര കുമാര്‍. ഇരുനില വീടും കാറും ഉള്‍പ്പെടെയുള്ള തന്റെ സ്വപ്നങ്ങള്‍ സഫലമാകാത്തതിന്റെ നിരാശ മൂലമാകാം ഭൂപേന്ദ്ര കുമാര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഡെറാഡൂണിലെ ഒരു ഹോട്ടലില്‍ പാചക തൊഴിലാളിയായിരുന്നു ഭൂപേന്ദ്ര കുമാര്‍. അവിടെ തന്നെ ഒരു മുറിയില്‍ താമസിച്ചു വരികയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മുടി വെട്ടാനെന്ന പേരില്‍ പുറത്ത് പോയ ഭൂപേന്ദ്ര കുമാറിന് വൈകിട്ടോടെ താമസിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭൂപേന്ദ്ര കുമാറിനെ പല സ്ഥലത്തും തിരഞ്ഞുവെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

×