കുവൈറ്റ് സിറ്റി: ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, എംപിമാരായ അഹ്മദ് അല്‍ ഫാദല്‍, റാകന്‍ എല്‍ നിസ്ഫ്, നാസര്‍ അല്‍ ദൗസാരി, ഖാലിദ് അല്‍ ഷട്ടി എന്നിവര്‍ രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥയെ സംബന്ധിച്ചുള്ള ബില്‍ സമര്‍പ്പിച്ചു.
വിശദമായ പഠനങ്ങള്‍ക്ക് ശേഷം പരമാവധി വേണ്ട പ്രവാസികളുടെ എണ്ണം മന്ത്രിസഭ നിശ്ചയിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഓരോ വര്‍ഷവും കുവൈറ്റിലെത്താവുന്ന പ്രവാസികളുടെ എണ്ണവും അവരുടെ യോഗ്യതയെ സംബന്ധിച്ചും മന്ത്രിസഭ തീരുമാനിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
നയതന്ത്രം, ജുഡീഷ്യറി, രാഷ്ട്രീയം, സൈനിക പ്രതിനിധികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല. ജിസിസി വ്യോമയാന ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, കുവൈറ്റ് സ്വദേശികളുടെ ഭാര്യമാരും മക്കളും, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ ചെയ്യുന്ന വിദേശ കമ്പനികളുടെ ജീവനക്കാര്‍ എന്നിവരെയും വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതു, സ്വകാര്യ, എണ്ണ മേഖലകളില്‍ അധികം വരുന്ന പ്രവാസി ജീവനക്കാരെ പറഞ്ഞുവിടണം. ഇവരുടെ റെസിഡന്‍സി പുതുക്കാന്‍ അനുവദിക്കരുതെന്നും ബില്ലിലുണ്ട്.
ജോലിക്കിടയില്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന പ്രവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും നാടുകടത്തപ്പെടുന്നവരുടെ ടിക്കറ്റ് ചെലവ് വഹിക്കുന്നതിനും മറ്റുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഫണ്ട് കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ നല്‍കേണ്ട നഷ്ടപരിഹാരങ്ങളില്‍ നിന്നോ വഹിക്കേണ്ട ഉത്തരവാദിത്തങ്ങളില്‍ നിന്നോ തൊഴിലുടമയ്ക്ക് ഒഴിവാകാന്‍ സാധിക്കില്ലെന്നും ബില്ലില്‍ പറയുന്നു.