Advertisment

 തടയിണയില്‍ വെച്ചാണ് കുട്ടി ആറ്റില്‍ വീണതെങ്കില്‍ വയറ്റില്‍ ഇത്രയോളം ചെളി ഉണ്ടാകില്ല ; ആറ്റില്‍ അടിയൊഴുക്ക് ശക്തമായിരുന്നു ; അതിനാല്‍ മൃതദേഹം ഒഴുകിപ്പോയതാണെന്ന നിഗമനത്തില്‍ ഫോറന്‍സിക് സംഘം ; ദേവനന്ദയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയെന്ന സംശയത്തില്‍ ഉറച്ച് ബന്ധുക്കളും നാട്ടുകാരും  

New Update

കൊല്ലം : ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ അന്വേഷണത്തില്‍ വഴിത്തിരിവ്. ദേവനന്ദ ആറ്റില്‍ വീണത് വീടിനടുത്തെ കുളക്കടവില്‍ നിന്നെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി സൂചന.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വല്‍സല എന്നിവരടങ്ങുന്ന ഫൊറന്‍സിക് സംഘം പ്രദേശത്ത് തെളിവെടുപ്പും പരിസോധനയും നടത്തിയത്.

Advertisment

publive-image

വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും. തടയിണയില്‍ നിന്നല്ല ആറ്റില്‍ വീണതെന്നാണ് കണ്ടെത്തല്‍. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു, തടയിണയില്‍ വെച്ചാണ് കുട്ടി ആറ്റില്‍ വീണതെങ്കില്‍ വയറ്റില്‍ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.ആറ്റില്‍ അടിയൊഴുക്ക് ശക്തമായിരുന്നു. അതിനാല്‍ മൃതദേഹം ഒഴുകിപ്പോയതാണെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്ററോളം ഒഴുകിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയതെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ നിഗമനം.

ശിശുമനോരോഗ വിദഗ്ധരെക്കൊണ്ട് പ്രദേശത്ത് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു. ഇതിനായി ഉടന്‍ കത്തുനല്‍കുമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. അതേസമയം ദേവനന്ദ മുൻപും കുടവട്ടൂരിലെ വീട്ടില്‍ നിന്നും ആരോടും പറയാതെ പോയിട്ടുണ്ടെന്ന് പിതാവ് പ്രദീപ് മൊഴി നല്‍കി.

കുടുംബസുഹൃത്താണ് അന്നു വീട്ടില്‍ തിരികെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ ദിവസം രാവിലെ ഒമ്പതുമണിക്ക് ദേവനന്ദ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള കടയില്‍ വന്നുവെന്ന് കടയുടമയും മൊഴി നല്‍കി. സോപ്പ് വാങ്ങാനാണ് കുട്ടി വന്നതെന്നും കടയുടമ വെളിപ്പെടുത്തി.

കുട്ടി എവിടെയും ഒറ്റയ്ക്ക് പോകാറില്ലെന്ന രക്ഷാകര്‍ത്താക്കളുടെ ആദ്യമൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികള്‍. മുതിര്‍ന്നവരുടെ അനുവാദമില്ലാതെ കുട്ടി വീടിന് പുറത്തുപോകാറില്ലെന്നും, അയല്‍വീട്ടില്‍ പോലും പോകുന്ന ശീലമില്ലെന്നും മുത്തച്ഛനും അമ്മയുമടക്കം നേരത്തെ പറഞ്ഞിരുന്നു.

ഒട്ടേറെ ദുരുഹതകള്‍ ബാക്കിയായ കേസില്‍ ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫൊറന്‍സിക് സംഘം കഴിഞ്ഞദിവസം ഇളവൂരിലെ ദേവനന്ദയുടെ വീട്ടിലെത്തിയിരുന്നു.

കുട്ടിയെ കാണാതായ സമയത്ത് അമ്മ ധന്യ തുണി കഴുകിക്കൊണ്ടിരുന്ന സ്ഥലവും, വീടിന് അടുത്തുള്ള റോഡരികിലെ പള്ളിമണ്‍ ആറിന്റെ ഇളവൂര്‍ ഭാഗത്തെ കുളിക്കടവിലെ കല്‍പ്പടവുകളും, ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും, ഷാള്‍ കണ്ടെത്തിയ നടപ്പാലവും സംഘം പരിശോധിച്ചു.

നടപ്പാലത്തിന് സമീപത്തെ ആറിന്റെ ആഴം അളന്ന് തിട്ടപ്പെടുത്തി. ആദ്യ അന്വേഷണ സംഘത്തില്‍ നിന്നും നിലവിലെ അന്വേഷണസംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ദേവനന്ദയുടെ പിതാവിന്റെ കുടവട്ടൂരിലെ വീടും ഫൊറന്‍സിക് സംഘം സന്ദര്‍ശിച്ചു.

ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കത്തക്ക രീതിയിലുള്ള വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് എസിപി ജോര്‍ജ് കോശി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയെന്ന സംശയത്തില്‍ ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

devanandha death devanandha death mystery
Advertisment