Advertisment

ഈ മണ്ഡലകാലത്ത് തന്നെ വീണ്ടും വരുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി മടങ്ങി

New Update

activist trupti desai going back to mumbai

Advertisment

കൊച്ചി: പതിനാല് മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്. 9.25ന്‍റെ എയർ ഇന്ത്യ വിമാനത്തിൽ തൃപ്തി ദേശായി മുബൈയിലേക്ക് മടങ്ങി. 14 മണിക്കൂർ നീണ്ട നാമജപ പ്രതിഷേധത്തെ തുടർന്ന് തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പോലുമായില്ല. പേടിച്ചിട്ടല്ല മടക്കമെന്നും ശബരിമലയിലേക്ക് ഇനിയും വരുമെന്ന് പ്രഖ്യാപിച്ചാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.

പുലർച്ചെ 4.40 കൂടിയാണ് ഏഴ് അംഗ സംഘത്തിനൊപ്പം തൃപ്തി ദേശായി എത്തിയത്. ഡൊമസ്റ്റിക് ടെർമിനലിന്‍റെ കവാടത്തിൽ ഈ സമയം മുതൽ പ്രതിഷേധക്കാരുമെത്തിയിരുന്നു. 50 പേരടങ്ങുന്ന പ്രതിഷേധക്കാരുടെ എണ്ണം മണിക്കൂറുകൾക്കകം കൂടി കൂടി വന്നു. കനത്തെ പൊലീസ് കാവലിൽ പ്രതിഷേധം തുടർന്നു.

വാഹനവും,താമസ സൗകര്യവും ഒരുക്കിയാൽ സുരക്ഷ നൽകാമെന്ന് തൃപ്തി ദേശായിയെ പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഓൺലൈൻ ടാക്സിക്കാരെ ബന്ധപ്പെട്ടെങ്കിലും സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ശബരിമലയിലേക്കില്ലെന്ന് ടാക്സി ‍ഡ്രൈവർമാർ നിലപാടെടുത്തു. ഈ സമയവും തൃപ്തി ദേശായിയെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പ്രതിഷേധം തുടർന്ന ബിജെപി സംഘപരിവാർ നേതാക്കളും പറഞ്ഞു.

മണിക്കൂറുകൾ കഴിഞ്ഞിട്ടും അനിശ്ചിതത്വം തുടർന്നു. ശബരിമലയിലേക്ക് പോകാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു അപ്പോഴും തൃപ്തി ദേശായി. പൊലീസും, വിമാനത്താവള അധികൃതരും തൃപ്തി ദേശായിയുമായി ചർച്ച നടത്തി. ഒടുവിൽ സിഐഎസ്എഫ് തൃപ്തി ദേശായിക്ക് അന്ത്യശാസനം നൽകി. താമസ സൗകര്യവും, വാഹനവും കണ്ടെത്തി പുറത്തേക്ക് പോകുക, അല്ലെങ്കിൽ മറ്റൊരു വിമാനത്തിൽ തിരികെ പോകണമെന്ന് അവർ ആവശ്യപ്പെട്ടു. തീരുമാനമെടുക്കാൻ സമയം ആവശ്യപ്പെട്ട തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിക്കുന്നതുൾപ്പടെയുള്ള സാധ്യതകൾ തേടി.

എന്നാൽ കോടതി സമയം കഴിയാറായതും, തുടർന്ന് അവധിയായതിനാലും ആ ശ്രമങ്ങൾ ഫലം കണ്ടില്ല. ഒടുവിൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മടങ്ങി പോകാമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു. മാധ്യമങ്ങളെ കാണാനുള്ള അവസരം ഒരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഒടുവിൽ സിയാൽ അധികൃതരും പൊലീസും ചേർന്ന് നടത്തിയ ചർച്ചക്കൊടുവിൽ രാജ്യാന്തര ടെർമിനലിന് അടുത്ത് വെച്ച് തൃപ്തി ദേശായിക്ക് മാധ്യമങ്ങളെ കണ്ടു.

അയപ്പഭക്തരെയല്ല ഗുണ്ടകളെയാണ് വിമാനത്താവളത്തിന് പുറത്ത് കണ്ടതെന്ന് തൃപ്തി ദേശായി. പമ്പയിൽ ആണ് പ്രതിഷേധം പ്രതീക്ഷിച്ചതെന്നും വളരെ പെട്ടെന്ന് തന്നെ ശബരിമലയിലേക്ക് മടങ്ങിവരുമെന്നും അവർ പറഞ്ഞു. തൃപ്തി ദേശായി വിമാനത്താവളം വിട്ടു എന്ന് ഉറപ്പിച്ചാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.

Advertisment