Advertisment

എന്നെ സംബന്ധിച്ച് 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയ ദിനമാണ് ഏറ്റവും വലുത്. ധോണിയും അദ്ദേഹത്തിന്റെ അവസാന പന്തിലെ ആ സിക്സറും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും വിളങ്ങിനിൽക്കും. എന്തൊരു നിമിഷമായിരുന്നു അത്; സൗരവ് ഗാംഗുലി

New Update

കൊൽക്കത്ത: 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ 7–8 പേർ തനിക്കു കീഴിൽ കളിച്ചു തുടങ്ങിയവരാണെന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതിൽത്തന്നെ തന്റെ കീഴിൽ 2003ൽ ലോകകപ്പ് ഫൈനൽ കളിച്ച ടീമിലെ ചിലരുണ്ടായിരുന്നുവെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

Advertisment

publive-image

അൺഅക്കാദമിക്കായി ലൈവ് വിഡിയോ ലെക്ചർ നൽകുമ്പോഴാണ് ഗാംഗുലി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ധോണി നേടിയ അവസാന പന്തിലെ സിക്സ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും തിളങ്ങി നിൽക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

‘എന്നെ സംബന്ധിച്ച് 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയ ദിനമാണ് ഏറ്റവും വലുത്. ധോണിയും അദ്ദേഹത്തിന്റെ അവസാന പന്തിലെ ആ സിക്സറും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും വിളങ്ങിനിൽക്കും. എന്തൊരു നിമിഷമായിരുന്നു അത്. അന്ന് ഞാൻ കമന്ററി ബോക്സിലുണ്ടായിരുന്നു. ധോണിയും സംഘവും വിജയത്തിനുശേഷം മൈതാനം വലംവയ്ക്കുന്നത് കാണാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത് ഇപ്പോഴും ഓർമയുണ്ട്’ – ഗാംഗുലി പറഞ്ഞു.

‘ആ ടീമിലെ (2011ൽ ലോകകപ്പ് നേടിയ ടീമിലെ) ഏഴോ എട്ടോ പേർ എനിക്കു കീഴിൽ കളിച്ചു തുടങ്ങിയവരാണ്. വീരേന്ദർ സേവാഗ്, മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ്, സഹീർ ഖാൻ, ഹർഭജൻ സിങ്, ആശിഷ് നെഹ്റ തുടങ്ങിയവരെല്ലാം അക്കൂട്ടത്തിലുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഞാൻ അവശേഷിപ്പിച്ചുപോയ ആ പൈതൃകത്തിൽ അതിയായ അഭിമാനമുണ്ട്. സ്വന്തം മണ്ണിലും വിദേശത്തും ജയിക്കാൻ കെൽപ്പുള്ള ഒരു ടീമിനെ രൂപപ്പെടുത്തിയെടുത്തു എന്നതാണ് എന്റെ പ്രധാന സംഭാവനയെന്ന് കരുതുന്നു’ – ഗാംഗുലി പറഞ്ഞു.

2003ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനാസ്ബർഗിൽ ഏകദിന ലോകകപ്പ് ഫൈനലിൽ സൗരവ് ഗാംഗുലിക്കു കീഴിൽ കളിച്ച ടീമിലെ ചില താരങ്ങളും 2011ൽ കിരീടം നേടിയ ടീമിലുണ്ടായിരുന്നു. സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, യുവരാജ് സിങ്, സഹീർ ഖാൻ, ആശിഷ് നെഹ്റ എന്നിവരാണ് ഗാംഗുലിക്കു കീഴിൽ ഫൈനലിൽ തോറ്റ ടീമിൽ അംഗങ്ങളായിരുന്നത്. ഇവർക്ക് പിന്നീട് 2011ൽ ധോണിക്കു കീഴിൽ കിരീടം നേടിയ ടീമിന്റെയും ഭാഗമാകാൻ ഭാഗ്യം ലഭിച്ചു.

2003ൽ ഫൈനലിലെത്തിയ ടീമിലും ധോണിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെയെന്ന് മുൻപ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ‘എ സെഞ്ചുറി നോട്ട് ഇനഫ്’ എന്ന തന്റെ പുസ്തകത്തിലാണ് ഗാംഗുലി ഈ ആശയം പങ്കുവച്ചത്. ‘2003ലെ ലോകകപ്പ് ടീമിൽ ധോണിയുമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിൽ കളിക്കുന്ന സമയത്ത് ധോണി ഇന്ത്യൻ റെയിൽവേയിൽ ടിടിഇ ആയിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടു. അവിശ്വസനീയം’ – ഗാംഗുലി എഴുതി.

sourav ganguly ms dhoni all news
Advertisment