നടിയെ അക്രമിച്ച കേസ്: വിചാരണ തുടങ്ങിനിരിക്കെ ദിലീപിന്റെ വിദേശയാത്ര…സംശയത്തോടെ കണ്ട് പോലീസ്…നിര്‍ണ്ണായക തെളിവായ പെന്‍ഡ്രൈവ് എവിടെ?…വിദേശത്തേക്ക് കടത്തിയോ?…ദിലീപിനൊപ്പം പൊലീസും ദുബായിലേക്ക്

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 12, 2019

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങാനിരിക്കെ നടന്‍ ദിലീപിന്റെ തുടരെത്തുടരെയുള്ള വിദേശ യാത്രകള്‍ എന്തിന്. കേസിലെ നിര്‍ണ്ണായക തെളിവായ പെന്‍ ഡ്രൈവ് ഇനിയും കണ്ടെത്താനായിട്ടില്ല.

ഇത് കേസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ പെന്‍ ഡ്രൈവ് വിദേശത്തേക്ക് കടത്തിയെന്നും പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്റെ ഓരോ വിദേശയാത്രയേയും സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. ഇത്തവണത്തെ യാത്രയും അങ്ങനെ തന്നെ. അതുകൊണ്ട് ദിലീപിനൊപ്പം പൊലീസും ദുബായിലേക്ക് വിമാനം കയറും.

കേസിലെ പ്രതിയായ ദിലീപിന് വിദേശത്തു പോകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ദോഹയിലെ പ്രവര്‍ത്തനത്തിനായി നാളെ മുതല്‍ 21 വരെ ദോഹ, ദുബായ് എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി.

വിദേശത്തു നടത്തേണ്ട കാര്യങ്ങള്‍ വിശദമാക്കാത്തതിനാല്‍ പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തെങ്കിലും കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. എല്ലാം രഹസ്യമാക്കിയുള്ള ദിലീപിന്റെ യാത്രയാണ് പൊലീസിനെ കുഴക്കുന്നത്. ഈ സാഹചര്യത്തിലാണ് ദുബായില്‍ ദിലീപിനെ നിരീക്ഷിക്കാന്‍ പൊലീസും രഹസ്യമായി പോകുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലും നവംബര്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ സിനിമാ ചിത്രീകരണത്തിനായി ബാങ്കോക്കിലും ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലും പോയിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു യാത്ര. ഇതില്‍ നവംബറിലെ യാത്രയില്‍ പൊലീസും അതീവ രഹസ്യമായി ദുബായിലെത്തിയിരുന്നു.

തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ചര്‍ച്ചകള്‍ക്കാണ് ദിലീപ് ദുബായിലെത്തുന്നതെന്നാണ് പൊലീസിന് സംശയം. അതുകൊണ്ടാണ് പൊലീസ് നിരീക്ഷണത്തിന് എത്തിയത്. എന്നാല്‍ ആദ്യ യാത്രയില്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് അസ്വാഭാവികമായതൊന്നും നടന്നില്ല. സിനിമാ ഷൂട്ടിങ് പ്രതീക്ഷിച്ചതയാണ്. എന്നാല്‍ ഇത്തവണത്തേതും തീര്‍ത്തും ദുരൂഹമാണെന്ന് പൊലീസ് വിലയിരുത്തുന്നു.

×