Advertisment

ലാലിന് അഭിനയിക്കാന്‍ കണ്ണ് മാത്രം മതിയെന്ന് പോലും തോന്നിയിട്ടുണ്ട്;സിനിമയില്‍ വന്ന കാലത്തുളള അതേ ഊര്‍ജം ലാലിന്റെ ഹൃദയത്തില്‍ ഇന്നുമുണ്ട്; കഥ പോലും അറിയാതെ തന്റെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍

author-image
ഫിലിം ഡസ്ക്
New Update

പ്രായം ഏശാത്ത നടനാണ് മോഹന്‍ലാലെന്ന് അടുത്ത് സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍. വലിയ താരമാകണമെന്ന് മോഹിച്ച് സിനിമ രംഗത്ത് വന്നയാളല്ല ലാല്‍. എന്നാല്‍ ജന്മസിദ്ധമായി അഭിനയശേഷിയുണ്ട്. അത് അങ്ങേയറ്റം സ്വാഭാവികവും നൈസര്‍ഗികവുമാണ്. അതൊന്നും പ്രകടിപ്പിക്കാന്‍ അവസരമൊന്നും അന്വേഷിച്ച് പോയിട്ടില്ലെന്ന് മാത്രം. കഥ പോലും അറിയാതെ തന്റെ സിനിമകളില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

Advertisment

മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ദേശാഭിമാനി പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

publive-image

പ്രിയദര്‍ശന്‍റെ കുറിപ്പില്‍ നിന്ന്

എത്ര വ്യത്യസ്ത വേഷങ്ങളാണ് മോഹന്‍ലാല്‍ ചെയ്തത്. തോളിന്റെ സ്വതസിദ്ധനായ ചെരുവല്ലാതെ മറ്റെല്ലാം ഓരോ കഥാപാത്രത്തിനും വ്യത്യസ്തം. ഓരോ അംഗത്തിലും അത് വേറിട്ട് കാണാം. ലാലിന് അഭിനയിക്കാന്‍ കണ്ണ് മാത്രം മതിയെന്ന് പോലും തോന്നിയിട്ടുണ്ട്. സിനിമയില്‍ വന്ന കാലത്തുളള അതേ ഊര്‍ജം ലാലിന്റെ ഹൃദയത്തില്‍ ഇന്നുമുണ്ട്. ഏറ്റവുമൊടുവില്‍ ചെയ്ത കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ലാല്‍ ചെയ്ത സംഘട്ടന രംഗങ്ങള്‍ തായ്‌ലന്റില്‍ നിന്നുവന്ന സ്റ്റണ്ട് മാസ്റ്റര്‍മാരെ പോലും അത്ഭുതപ്പെടുത്തി.

ചില രംഗങ്ങള്‍ എടുക്കും മുമ്പ് അവര്‍ പറയും ഡ്യൂപ്പിനെ വെക്കാമെന്ന്. ലാല്‍ സമ്മതിക്കില്ല. ഞാന്‍ ചെയ്ത് നോക്കട്ടെ എന്നിട്ട് പോരെ എന്ന് ചോദിച്ച് ആ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കും. പ്രിയദര്‍ശന്‍ എന്ന സിനിമാക്കാരനെ രൂപപ്പെടുത്തിയതില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനുളള പങ്ക് ചെറുതല്ല. മരയ്ക്കാര്‍ ആണെങ്കില്‍ പോലും സാധാരണക്കാരന് രസിക്കുന്ന രീതിയില്‍ സിനിമയെടുക്കാന്‍ കഴിയുന്നത് ലാലിനെ പോലെ സാധാരണക്കാര്‍ ഇഷ്ടപ്പെടുന്ന നടനുമായി ചെയ്ത സിനിമകളിലൂടെ ലഭിച്ച ശിക്ഷണത്തിലൂടെയാണ്.

കഥ പോലുമറിയാതെ എന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥയൊക്കെ സിനിമ കണ്ട് മനസിലാക്കിക്കോളാമെന്നാണ് ലാല്‍ പറയാറ്. കാഴ്ചപ്പാടുകളിലെ സമാനതയും പൊരുത്തവുമാണ് ആ വിശ്വാസത്തിന്റെ ബലം. മലയാളമുളളിടത്തോളം ലാലുമുണ്ടാകും. പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്നാണ് ലാല്‍ പറഞ്ഞത്. നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകള്‍ വലിയ പ്രയാസമനുഭവിക്കുമ്പോള്‍ അത് പാടില്ല. അമ്മയും ഭാര്യയും മകനും മാത്രമായി വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കുമെന്നും കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോള്‍ ലാല്‍ പറഞ്ഞു.

mohanlal priyadarsan
Advertisment