Advertisment

ആ ധര്‍മ്മയുദ്ധത്തില്‍ എനിക്ക് തുണ ആയ പ്രധാന മൊഴികളില്‍ ഒന്ന്......... ഭീഷ്മരുടെ മനശക്തിയും സത്യസന്ധതയും ചേര്‍ന്ന മഹാനുഭാവന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു.. നടന്‍ മധുവിന് പിറന്നാള്‍ ആശംസയുമായി സംവിധായകന്‍ വിനയന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

നടന്‍ മധുവിന് ജന്മജിനാശംസകള്‍ അറിയിച്ച്‌ സംവിധായകന്‍ വിനയന്‍ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. മലയാള സിനിമയുടെ ശൈശവവും കൗമാരവും കണ്ട മധുവിനെ സത്യത്തിനു നേരെ മുഖം തിരിച്ചു നില്‍ക്കാത്ത തന്റേടിയായ ഒരസാധാരണ വ്യക്തിത്വം എന്നാണ് വിനയന്‍ വിശേഷിപ്പിക്കുന്നത്. മധുവിനെ ഇത്തരത്തില്‍ വിശേഷിപ്പിക്കാന്‍ തനിക്കുണ്ടായ അനുഭവം കൂടി അദ്ദേഹം വിവരിക്കുന്നുണ്ട്.

Advertisment

publive-image

മലയാളസിനിമയില്‍ വിനയന് നേരെ ഉണ്ടായ അപ്രഖ്യാപിത വിലക്കിനെതിരെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്‌ക്ക് മധു നല്‍കിയ മൊഴിയും വിനയന്‍ ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭീഷ്‌മരുടെ മനശക്തിയും സത്യസന്ധതയും ചേര്‍ന്ന മഹാനുഭാവന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു..

മലയാളത്തിന്‍െറ മഹാനടന്‍ മധുസാറിന് ഹൃദയം നിറഞ്ഞ ജന്‍മദിനാശംസകള്‍ നേരുന്നു.. മലയാളസിനിമയുടെ ശൈശവവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ ഈ കാര്‍ണവര്‍ സത്യത്തിനു നേരെ മുഖം തിരിച്ചു നില്‍ക്കാത്ത തന്റേടിയായ ഒരസാധാരണ വ്യക്തിത്വം കൂടിയാണ്.. എന്തെല്ലാം സമ്മര്‍ദ്ദമുണ്ടായാലും തന്‍െറ മനസ്സാക്ഷിക്കു സത്യമെന്നു തോന്നുന്നതേ താന്‍ ചെയ്യു എന്ന അദ്ദേഹത്തിന്‍െറ നിഛയദാര്‍ഢ്യം നേരിട്ടു കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തിയാണു ഞാന്‍..

മലയാളസിനിമയില്‍ എനിക്കുണ്ടായ വിലക്കിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഒാഫ് ഇന്ത്യയ്ക് ഞാന്‍ കൊടുത്ത പരാതിയില്‍ മധു സാറിനെയും സാക്ഷി ആയി വിസ്തരിച്ചിരുന്നു.. എന്നെക്കാളും ഏറെ അദ്ദേഹവുമായി ബന്ധമുള്ള പല സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും.. ചില നടന്‍മാരുടെയും ഒക്കെ അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹം കമ്മീഷനുകൊടുത്ത സത്യസന്ധമായ ആ മൊഴി ആണ് ചരിത്രപ്രധാന്യമുള്ള കോംപറ്റീഷന്‍ കമ്മീഷന്‍െറ വിധിക്ക് കാരണമായ ഒരു പ്രധാന തെളിവ്...

കമ്മീഷന്‍െറ റിപ്പോര്‍ട്ടില്‍ 199ആം പേജിലാണ് ഈ വിവരം മലയാള സിനിമയിലെ ഒരു ചരിത്ര സത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.. "മധു എന്നു വിളിക്കുന്ന p.മാധവന്‍ നായരായ ഞാന്‍ സംവിധായകന്‍ വിനയനില്‍ നിന്ന് 50000 രൂപ 2010-ല്‍ അദ്ദേഹത്തിന്‍െറ സിനിമയില്‍ അഭിനയിക്കുന്നതിന് അഡ്വാന്‍സായി വാങ്ങിയിരുന്നു.. തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തുള്ള എന്റെ വീട്ടിലേക്ക് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു ഡസനിലധികം പ്രമുഖ സംവിധായകരും നിര്‍മ്മാതാക്കളും വരികയും ( അതില്‍ നടീനടന്‍മാര്‍ ഇല്ലായിരുന്നു) ശ്രി വിനയന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നിര്‍ബന്ധപൂര്‍വ്വം എന്നോടു പറയുകയും ചെയ്തു.. വിനയനെതിരെ ഈ സംഘടനകള്‍ രഹസ്യമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ഞാന്‍ അപ്പഴാണറിഞ്ഞത്.."

ഇതിന്റെ കൂടെ എന്നെപ്പറ്റി ചില നല്ല വാക്കുകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം കൂടെഴുതി സമയം കളയുന്നില്ല.. ഏതായാലും..ഞങ്ങളാരേം വിലക്കീട്ടില്ല എന്ന് ആണയിട്ടു പറഞ്ഞു നടന്നവരുടെ കരണക്കുറ്റിക്കു കിട്ടിയ അടി ആയിരുന്നു മധു സാറു പഞ്ഞ ആ സത്യങ്ങള്‍... എനിക്കേറെ ബന്ധമുള്ള പല സിനിമാക്കാരും സ്വന്തം നില നില്‍പ്പിനേ ഭയന്ന് ഉരുണ്ടു കളിച്ചപ്പോഴും... "അമ്മ" യുടെ ആദ്യ പ്രസിഡന്റ് കൂടി ആയ മധുസാറിന്റെ വാക്കുകളായിരുന്നു ആ ധര്‍മ്മയുദ്ധത്തില്‍ എനിക്ക് തുണ ആയ പ്രധാന മൊഴികളില്‍ ഒന്ന്......... ഭീഷ്മരുടെ മനശക്തിയും സത്യസന്ധതയും ചേര്‍ന്ന മഹാനുഭാവന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു..

director vinayan
Advertisment