വിയോജനക്കുറിപ്പ് വെളിപ്പെടുത്തുന്നത് ആ വ്യക്തിയുടെ സുരക്ഷക്ക് ഭീഷണി ; പെരുമാറ്റച്ചട്ട ലംഘനത്തില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനത്തോട് വിയോജിച്ച അശോക് ലവാസയുടെ കുറിപ്പുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 25, 2019

ഡല്‍ഹി : നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പെരുമാറ്റച്ചട്ട ലംഘനത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനത്തോട് വിയോജിച്ച അശോക് ലവാസയുടെ കുറിപ്പുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വിയോജനക്കുറിപ്പ് വെളിപ്പെടുത്തുന്നത് ആ വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഏപ്രില്‍ ഒന്ന്, ഒമ്പത്, 21, 25 ദിവസങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതി.

വിവരാവകാശ നിയമത്തിലെ സെക്ഷന്‍ എട്ട്(1)(ജി)യില്‍ വ്യക്തിയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതോ സുരക്ഷാ കാരണങ്ങളുള്ളതോ ആയ വിവരങ്ങള്‍ കൈമാറരുതെന്ന നിര്‍ദ്ദേശമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ നിലപാട്.

×