Advertisment

സമൂഹത്തിന്‍റെ അരാഷ്ട്രീയവത്കരണം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു - ഹമീദ്‌ വാണിയമ്പലം

author-image
admin
New Update

കൊച്ചി:  ഭരണകൂടങ്ങളുടെ കോര്‍പ്പറേറ്റ്‌ താല്‍പര്യസംരക്ഷണത്തിലൂടെയുണ്ടാകുന്ന സമൂഹത്തിന്റെ അരാഷ്ട്രീയവത്‌കരണമാണ്‌ ഉദ്യോഗസ്ഥരോടുള്ള ജനങ്ങളുടെ മോശം മനോഭാവത്തിന്റെ പ്രധാന കാരണമെന്ന്‌ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ്‌ വാണിയമ്പലം അഭിപ്രായപ്പെട്ടു.

Advertisment

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ കേരള സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ മൂവ്‌മെന്റിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശ പോരാട്ടങ്ങളോടൊപ്പം രാഷ്ട്രീയ ബോധത്തോടെയുള്ള ജനപക്ഷ പ്രവര്‍ത്തന രീതിയിലേക്ക്‌ സര്‍ക്കാര്‍ ജീവനക്കാര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അധികാരങ്ങളും സംഘപരിവാരത്തിലേക്ക്‌ ചുരുട്ടിക്കെട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമഫലമായി ഉദ്യോഗസ്ഥര്‍ ഡീപ്‌ സ്റ്റേറ്റ്‌ ആയി വര്‍ത്തിക്കുകയാണ്‌.

publive-image

എറണാകുളം ചില്‍ഡ്രന്‍സ്‌ തിയറ്ററില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സുനില്‍ വെട്ടിയറ അധ്യക്ഷത വഹിച്ചു. കാലഹരണപ്പെട്ട്‌ രീതികളും സമ്പ്രദായങ്ങളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന്‌ അദ്ദേഹം ഫറഞ്ഞു. യു.ജി.സി.യെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്നതാണ്‌.

പ്രജകളില്‍ നിന്ന്‌ പൗരന്മാരായി ജനങ്ങള്‍ മാറിയത്‌ ഭരണകൂടങ്ങള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എഫ്‌.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജോസഫ്‌ ജോണ്‍ എംപ്ലോയീസ്‌ മൂവ്‌മെന്റിന്റെ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സാമ്പത്തികവളര്‍ച്ചയില്‍ രാജ്യം ഉന്നതിയിലെത്തിയെന്ന്‌ അവകാശപ്പെടുന്നവര്‍ ദരിദ്രരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ദ്ധനവ്‌ കാണാതെ പോവുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം പോലെ വിവിധ ക്ഷേമനിധികളുടെ ഫണ്ടും കോര്‍പ്പറേറ്റുകള്‍ക്ക്‌ കൈമാറാനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌ ജ്യോതിവാസ്‌ പറവൂര്‍, കെ.ബിലാല്‍ ബാബു എന്നിവര്‍ അഭിവാദ്യപ്രസംഗങ്ങള്‍ നടത്തി. കെ.എ.അമീര്‍ അഫ്‌സല്‍ പ്രമേയമവതരിപ്പിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ കെ.കെ.ബഷീര്‍ സ്വാഗതവും സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. പ്രഖ്യാപനത്തിന്‌ മുന്നോടിയായി രാജേന്ദ്രമൈതാനത്തിന്‌ സമീപമുള്ള ഗാന്ധിപ്രതിമയുടെ പരിസരത്ത്‌ നിന്നും സമ്മേളന വേദിയിലേക്ക്‌ വിളംബര ജാഥ നടത്തി. സംസ്ഥാന നേതാക്കളായ അബ്ദുറഹ്‌്‌മാന്‍, ദീപ ചന്ദ്രന്‍, ഷീജ ഗസ്സാലി, അനസ്‌ വളാഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ 5 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 'അസെറ്റിന്‌' കീഴിലാണ്‌ എംപ്ലോയീസ്‌ മൂവ്‌മെന്റ്‌ രൂപീകരിച്ചിട്ടുള്ളത്‌. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ മൂവ്‌മെന്റ്‌, കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ മൂവ്‌മെന്റ്‌, യണൈറ്റഡ്‌ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ മൂവ്‌മെന്റ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ മൂവ്‌മെന്റ്‌ തുടങ്ങിയ സംഘടനകള്‍ക്കും പുതുതായി രൂപം നല്‍കുമെന്ന്‌ അസെറ്റ്‌ സംസ്ഥാന ചെയര്‍മാന്‍ ഡോ. സതീഷ്‌കുമാര്‍ അറിയിച്ചു.

Advertisment