Advertisment

ജീവന്‍റെ സുവിശേഷ പ്രഘോഷണത്തിന് സഭ പ്രാധാന്യം നൽകുന്നു: മോണ്‍. കല്ലിങ്കൽ

New Update

തേവര:  ജീവന്‍റെ സുവിശേഷം പ്രഘോഷിക്കുന്നതിനു കത്തോലിക്ക സഭ വലിയ പ്രാധാന്യം നൽകുന്നുവെന്നു വരാപ്പുഴ അതിരൂപത വികാരി ജനറൽ മോണ്‍. മാത്യു കല്ലിങ്കൽ. പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശുശ്രുഷകൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

തേവര സെന്‍റ് ജോസഫ് പള്ളിയിൽ നടന്ന വരാപ്പുഴ അതിരൂപതയുടെ ഒന്നാം ഫൊറോന പ്രോ ലൈഫ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

publive-image

കുഞ്ഞുങ്ങൾ ഉദരത്തിൽ കൊല്ലപ്പെടരുതെന്നു പഠിപ്പിക്കുന്നതു പോലെ ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുവാനുള്ള പഠനങ്ങളും സഭ നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്യാഗം ആവശ്യപ്പെടുന്നതാണ് കുടുംബജീവിതം. ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗർഭാവസ്ഥയിൽ വൈകല്യം ഉണ്ടെന്നു ഡോക്ടർമാർ വിധിച്ച ഒരുപാട് കുഞ്ഞുങ്ങൾ പിന്നീട് യാതൊരു കുറവുമില്ലാതെ വളരുന്ന ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അറിവില്ലാത്ത കാലത്ത് ഭ്രുണഹത്യ ചെയ്തവരോ അതിനു പ്രോത്സാഹനം ചെയ്തവരോ അനുതപിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മയുടെ ഉദരത്തിൽ കുഞ്ഞു ജനിക്കുന്നതിനു മുൻപ് മാതാപിതാക്കളുടെ മനസിലാണ് കുഞ്ഞു ജനിക്കേണ്ടതെന്നു അധ്യക്ഷ പ്രസംഗം നിർവഹിച്ച മോണ്‍. ജോസഫ് പടിയാരം പറന്പിൽ അഭിപ്രായപ്പെട്ടു. ഫൊറോനയിലെ എല്ലാ ഇടവകളിലും സമിതികൾ നിലവിൽ വന്നതായി രൂപതാ ഡയറക്ടർ ഫാ. ആന്‍റണി കോച്ചേരി പ്രഖ്യാപിച്ചു.

ഇടവക ഭാരവാഹികളുടെ ലിസ്റ്റ് മോണ്‍.മാത്യു കല്ലുങ്കൽ കെസിബിസി പ്രോ ലൈഫ് സംസ്ഥാന പ്രസിഡന്‍റ് സാബു ജോസിനു കൈമാറി.

ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ , തേവര പള്ളി വികാരി. ഫാ. ജോജി കുത്തുകാട്ട്, സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെയിംസ് ആഴച്ചങ്ങാടൻ, മേഖല പ്രസിഡന്‍റ് ജോണ്‍സൻ സി എബ്രഹാം, സെക്രട്ടറി ജോയിസ് മുക്കുടം, അതിരൂപത സെക്രട്ടറി ലിസ തോമസ്, ഷാജി പി. ജോർജ് എന്നിവർ പ്രസംഗിച്ചു.

ഒന്നാം ഫോറോനയിലെ വല്ലാർപാടം, ബോൾഗാട്ടി, മുളവുകാട്, വെണ്ടുരുത്തി, പെരുമാനൂർ, കടവന്ത്ര, തേവര എന്നീ ഇടവകകളിലെ അംഗങ്ങളാണ് ഈ കണ്‍വെൻഷനിൽ പങ്കെടുത്തത്. കണ്‍വെൻഷനോടനുബന്ധിച്ചു വചനവിസ്മയം എന്ന ബൈബിൾ മാജിക് ഷോയും ഉണ്ടായിരുന്നു.

Advertisment