Advertisment

കുടിയേറ്റ കർഷകരോടുള്ള വഞ്ചനയാണ് ഇടുക്കിയിൽ നിർമ്മാണനിരോധനം ഏർപ്പെടുത്തിക്കൊണ്ട് എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവെന്ന് ബിജോ മാണി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  ജില്ലയിലെ കുടിയേറ്റ കർഷകരോടുള്ള വഞ്ചനയാണ് 25/9/2019 മുതൽ ഇടുക്കിയിൽ നിർമ്മാണനിരോധനം ഏർപ്പെടുത്തിക്കൊണ്ട് എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവെന്നും ഇത് അടിയന്തരമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ ലോക്സഭാ പ്രസിഡന്റ് ബിജോ മാണി.

Advertisment

എൽഡിഎഫ് സർക്കാരിന്റെ സഹായത്തോടെയാണ് ജില്ലയിൽ അനധികൃത നിർമ്മാണങ്ങളും ഭൂമികൈയേറ്റങ്ങളും നടക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും അനധികൃത നിർമ്മാണങ്ങൾക്ക് ഒത്താശ ചെയുന്ന സർക്കാർ ജില്ലയിലെ ഭൂ പ്രശ്നങ്ങൾ വഷളാക്കാനാണ് പുതിയ ഉത്തരവിലൂടെ ശ്രമിക്കുന്നത്.

publive-image

ഈ ഉത്തരവ് നിലനിൽക്കുന്നിടത്തോളം ജില്ലയിൽ വീടല്ലാതെ മറ്റൊരുനിർമ്മാണപ്രവർത്തനങ്ങളും നടത്താൻ കഴിയില്ല. ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ എല്ലാ വികസനപദ്ധതികളും ഇടുക്കിക്ക് അന്യമാകും. മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ, വാഗമൺ തുടങ്ങി അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള പുതിയ കെട്ടിട നിർമ്മാണ ചട്ടം നടപ്പാക്കണം.

ഈ പ്രദേശങ്ങളിൽ നടക്കുന്ന കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും തടയാൻ നടപടി സ്വീകരിക്കുകയാണ് പുതിയ ഉത്തരവിലെ പ്രാകൃത നിയമം നടപ്പിലാക്കുന്നതിന് മുൻപ് ചെയ്യേണ്ടത് - ബിജോ മാണി പറഞ്ഞു.

കേരളത്തിൽ 1964 ലെ ഭൂമി പതിവ് ചട്ടം, 1993 ലെ വനഭൂമി കുടിയേറ്റ ക്രമീകരണനിയമം, എച്ച് ആർ സി, പുതുവൽ, മുൻസിപ്പൽ എന്നീ നിയമങ്ങൾപ്രകാരമാണ് ഭൂമി പതിച്ച് നൽകിയിട്ടുള്ളത്. ഇതിൽ ഇടുക്കിയിൽ നൽകിയ പട്ടയങ്ങൾ ഭൂരിഭാഗവും 1964, 1993 ചട്ടങ്ങൾ പ്രകാരമുള്ളതാണ്. 1964ലെ നിയമപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ കൃഷി ചെയ്യാനും വീട് നിർമിക്കാനും മാത്രമേ കഴിയൂ. ഇതിന് പുറമെ കട മുറി കൂടി പണിയാൻ മാത്രമേ 1993ലെ നിയമപ്രകാരമുള്ള പട്ടയത്തിൽ അനുമതിയുള്ളൂ.

നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം വീടല്ലാതെ വേറൊരു നിർമ്മാണവും ജില്ലയിൽ സാധ്യമല്ല. മറ്റൊരു ജില്ലയിലും ബാധകമല്ലാത്ത ഈ കരിനിയമം ഇടുക്കിക്ക് മാത്രമെന്തിനാണെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കണം. പശ്ചിമഘട്ടത്തെ മൂന്ന് സോണുകളായി തിരിച്ച് നിർമ്മാണ നിയന്ത്രണം വേണമെന്ന് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ ആവശ്യപ്പെട്ടപ്പോൾ അതിനെതിരെ സമരം ചെയ്ത ഇടതുപക്ഷം ഭരിക്കുമ്പോളാണ് ജില്ലയിൽ പൂർണ്ണമായ നിർമ്മാണനിരോധനം ഏർപ്പെടുത്തിയത്.

ഈ ഉത്തരവിനെക്കുറിച്ച് ജില്ലയിലെ ഇടതു നേതാക്കൾ നിലപാട് വ്യക്തമാക്കണം. ഇടുക്കിജില്ലയുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് യൂത്ത് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും ബിജോ മാണി കട്ടപ്പനയില്‍ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Advertisment