ഇടുക്കിയില്‍ ഡി സി സിയുടെ ചക്രസ്‌തംഭന സമരം ശനിയാഴ്ച

സാബു മാത്യു
Friday, January 11, 2019

തൊടുപുഴ:  പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സംസ്ഥാനസര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ ഡി സി സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 57 കേന്ദ്രങ്ങളില്‍ ശനിയാഴ്ച (12.01.2019) വൈകുന്നേരം 5 മണി മുതല്‍ 5 മിനിട്ട്‌ വഴി തടഞ്ഞ്‌ ചക്രസ്‌തംഭന സമരം നടത്തുമെന്ന്‌ ഡി സി സി പത്രക്കുറിപ്പില്‍ അറിയിച്ചു.

തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കുക, ജില്ലയിലെ കര്‍ഷകരുടെ വായ്‌പകള്‍ എഴുതി തള്ളുക, ഉരുള്‍പൊട്ടലില്‍ ഭൂമി നഷ്‌ടപ്പെട്ടവര്‍ക്ക്‌ പകരം ഭൂമി നല്‍കുക, വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക്‌ ഉടന്‍ പണമനുവദിക്കുക, കച്ചവട സ്ഥാപനങ്ങള്‍ക്ക്‌ നല്‍കാമെന്ന്‌ പറഞ്ഞിരുന്ന 10 ലക്ഷം രൂപയുടെ പലിശരഹിത വായ്‌പകള്‍ അനുവദിക്കുക, കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള നഷ്‌ടപരിഹാരം പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം വരുന്നതിന്‌ മുമ്പ്‌ വിതരണം ചെയ്യുക, ഇടുക്കിജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന മുഴുവനാളുകള്‍ക്കും 10000 രൂപയുടെ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിക്കുന്നത്‌.

5 മിനിട്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ തടയരുതെന്ന കര്‍ശന നിര്‍ദ്ദേശം മണ്‌ഡലം കോണ്‍ഗ്രസ്സ്‌ കമ്മിറ്റികള്‍ക്ക്‌ നല്‍കിയിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ജില്ലാതല ഉദ്‌ഘാടനം തൊടുപുഴയില്‍ ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ നിര്‍വഹിക്കും.

×