Advertisment

കൃഷിനാശത്തിന്‌ 10 കോടി തികച്ചും അപര്യാപ്‌തമെന്ന്‌ കോണ്‍ഗ്രസ്സ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക്‌ വിതരണം ചെയ്യാനായി അനുവദിച്ച 10 കോടി രൂപ തികച്ചും അപര്യാപ്‌തമാണെന്നും നാശനഷ്‌ടം ശരിയായി വിലയിരുത്തി തുക നിശ്ചയിക്കാത്തതാണ്‌ ജില്ലയ്‌ക്ക്‌ തുക കുറഞ്ഞുപോയതെന്നും ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. വിള ഇന്‍ഷുറന്‍സ്‌ പ്രകാരം അപേക്ഷ നല്‍കാന്‍ കഴിഞ്ഞത്‌ വളരെ നാമമാത്രമായ കര്‍ഷകര്‍ക്കാണ്‌.

Advertisment

publive-image

പുതുക്കിയ നിരക്കിലുള്ള തുകയല്ല പല വിളകള്‍ക്കും കൃഷിഭവന്‍ വഴി നിശ്ചയിച്ചിട്ടുള്ളതെന്നും നാശനഷ്‌ട തോതിന്റെ 10 ശതമാനം പോലും തുക കര്‍ഷകര്‍ക്ക്‌ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. 2014, 2015, 2017 വര്‍ഷങ്ങളിലെ കൃഷി നശിച്ചതിനെ തുടര്‍ന്ന്‌ അപേക്ഷ സമര്‍പ്പിച്ച്‌ അനുവദിക്കപ്പെട്ട തുക ഇതുവരെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായങ്ങളും ഇതുവരെയും കര്‍ഷകര്‍ക്ക്‌ ലഭിച്ചിട്ടില്ല.

ഏലം, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയ്‌ക്ക്‌ ലഭിക്കുന്ന നഷ്‌ടപരിഹാര തുക തീര്‍ത്തും കുറവാണ്‌. ഇക്കാര്യത്തില്‍ കേന്ദ്രവിഹിതം മാത്രം ലഭ്യമാക്കുന്നത്‌ മാറ്റി സംസ്ഥാന വിഹിതം കൂടി കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നതിന്‌ പ്രത്യേക നിയമം കൊണ്ടുവരണം.

പ്രളയദുരന്തത്തില്‍ ഉണ്ടായ കൃഷിനാശം വിലയിരുത്തി റിപ്പോര്‍ട്ട്‌ തയ്യാറാക്കി എത്രയും വേഗം സമര്‍പ്പിച്ച്‌ തുക അനുവദിക്കുന്ന നടപടി വേഗത്തിലാക്കണം. ഇക്കാര്യത്തില്‍ സഹായധനം വൈകിപ്പിച്ചാല്‍ ജില്ലയിലെ കൃഷിഭവനുകള്‍ക്കു മുമ്പിലേയ്‌ക്ക്‌ കോണ്‍ഗ്രസ്സ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment