Advertisment

കര്‍ഷക ആത്മഹത്യകള്‍ വീണ്ടും ഉണ്ടാവാന്‍ സാധ്യത : അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  ജില്ലയില്‍ മുമ്പ് 10 പേരുടെ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതിനു സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കാര്‍ഷിക മേഖലയിലുള്ളതെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

മൊറട്ടോറിയത്തിന്റെ കാലാവധി രണ്ടായിരത്തി പത്തൊമ്പത് ഡിസംബര്‍ 31 ന് അവസാനിക്കുമെന്നിരിക്കെ ബാങ്കുകള്‍ ജപ്തി വേട്ടക്കൊരുങ്ങിയിരിക്കുകയാണെന്നും, രജിസ്‌ട്രേഡ് നോട്ടീസ്, ഫോണിലൂടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണി എന്നിവ തുടങ്ങികഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

publive-image

കാര്‍ഷിക വായ്പകള്‍ക്കു മാത്രമാണ് മൊറട്ടോറിയം ആനുകൂല്യങ്ങള്‍ ലഭിക്കുക. ജില്ലയിലെ കര്‍ഷകരുടെ 80 ശതമാനവും കാര്‍ഷികേതര വായ്പകളാണ്. ഇതിന്റെ പിഴപലിശ പോലും കുറച്ചു നല്‍കുന്നില്ല.

ബാങ്ക് അധികൃതര്‍ പുതിയ വായ്പകളും ജില്ലയില്‍ അനുവദിക്കാതായതോടെ വിവാഹം പോലെയുള്ള ചടങ്ങുകള്‍ പോലും നിരവധി സ്ഥലങ്ങളില്‍ മുടങ്ങി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പട്ടയം ക്രമീകരിക്കല്‍ ഉത്തരവ് എന്നിവയിലെ ആശങ്കകള്‍ കൂടി വന്നതോടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി വസ്തു വില്‍പ്പനകള്‍ പൂര്‍ണ്ണമായും നിലച്ചു.

ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരങ്ങള്‍ നടത്തുന്നതിന്റെ തോത് വളരെ കുറഞ്ഞു.

വിളവെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കെ കുരുമുളക് ചെടി കൂട്ടത്തോടെ ഉണങ്ങി നശിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് കിലോയ്ക്ക് 780 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് ഇപ്പോള്‍ ലഭിക്കുന്നത് 360 രൂപമാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 400 രൂപ വിലയുണ്ടായിരുന്നു.

ഏലത്തിനു വിലയുണ്ടെങ്കിലും ഗണ്യമായ ഉത്പാദനകുറവാണ് കര്‍ഷകര്‍ നേരിടുന്നത്. മുമ്പ് നാലുതവണവരെ ഏലം വിളവെടുക്കുമായിരുന്നെങ്കില്‍ കഴിഞ്ഞ സീസണില്‍ ഒരു തവണ മാത്രമാണ് വിളവെടുപ്പ് ലഭിച്ചത്. കാപ്പിക്കുരു, ജാതി, ഗ്രാമ്പു, തേയില, കപ്പ, ചേന, കാച്ചില്‍ തുടങ്ങിയ കൃഷികളും നഷ്ടത്തിലാണ്.

വന്യജീവികളുടെ അക്രമണം അതിന്റെ പാരമ്യതയിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച്ചയാണ് ചിന്നക്കനാലില്‍ ഒരാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടുപന്നി ആക്രമത്തില്‍ ഹെക്ടര്‍ കണക്കിന് കൃഷി ദേഹണ്ഡങ്ങളാണ് നശിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം കാട്ടാന - കാട്ടുപന്നി ആക്രമത്തില്‍ 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.

രണ്ടു പ്രളയങ്ങളില്‍ കോടികളുടെ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സര്‍ക്കാര്‍ സഹായം ഇതുവരെയും ലഭ്യമായിട്ടില്ല. പ്രളയ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

കൃഷിഭവനിലൂടെ വിതരണം ചെയ്യുന്ന തുക പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ശവദാഹത്തിന് തികയില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രളയത്തില്‍ തകര്‍ന്ന ബിസ്‌നസ്സ് സ്ഥപനങ്ങള്‍ പുനരധിവസിപ്പിക്കാന്‍ 10 ലക്ഷം രൂപയുടെ പലിശരഹിത വായ്പ ഒരാള്‍ക്്ക പോലും ലഭിച്ചില്ല.

5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിച്ചെന്നും 2019 ലെ ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ തമാശയായി പാക്കേജ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

Advertisment