Advertisment

പരിശോധന ലാബ് സ്ഥാപിക്കാതെ മുഖ്യമന്ത്രി കൃഷിപ്പണിയെ സംബന്ധിച്ച് ക്ലാസെടുക്കേണ്ട - ഡീൻ കുര്യാക്കോസ് എം പി​

New Update

തൊടുപുഴ: ഇടുക്കിയിൽ ആവശ്യത്തിന് കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കാതെ, കൃഷിപ്പണി ചെയ്യാനും, അടുക്കളത്തോട്ടം ശരിയാക്കാനും മുഖ്യമന്ത്രി ഉപദേശിക്കേണ്ടതില്ലെന്ന് ഡീൻ കുര്യാക്കോസ് എം പി.

Advertisment

കേരളത്തിൽ സ്രവ പരിശോധനയുടെ ഫലം ഏറ്റവും മന്ദഗതിയിൽ ലഭിക്കുന്ന ജില്ലയാണ് ഇടുക്കി. 4 മുതൽ 5 ദിവസം വരെ താമസിച്ച് ആണ് നിലവിൽ ഇടുക്കിയിൽ പരിശോധനാ ഫലങ്ങൾ വരുന്നത്.

publive-image

ലാബ് അനുവദിച്ചുകഴിഞ്ഞുവെന്നും സമരം രാഷ്ട്രീയ പ്രേരിതമെന്നും ആക്ഷേപിക്കുന്ന എം. എം. മണിയുടെ നിലപാട് ഭരണപരാജയം മറച്ചുവയ്ക്കാനാണ്. ഇനിയും കേരളത്തിൽ നിന്നും പി. സി. ആർ ലാബിനു വേണ്ടി ഐ. സി. എം. ആറിന് മുൻപിൽ അപേക്ഷ നൽകിയിട്ടില്ല.

ഐ. സി. എം. ആറിൻറെ മുൻപിൽ അപേക്ഷ നൽകിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. എന്നുവച്ചാൽ ലാബ് തുടങ്ങാൻ ശ്രമം തുടങ്ങിയിട്ടില്ലയെന്ന് വ്യക്തമാണെന്നും പി. സി. ആർ ലാബ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പടിക്കൽ നടത്തിയ ഉപവാസ സമരവേദിയിൽ വച്ച് ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഡി. സി. സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ സമരം ഉത്ഘാടനം ചെയ്തു. സമാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 പേർ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്.

publive-image

രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ പോലീസ് എടുത്തിട്ടുള്ള കേസിന് ''പുല്ലുവില" മാത്രമേ കൽപ്പിക്കുന്നുള്ളൂ. ഇടതു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ ഒട്ടുമിക്ക പോലീസ് സ്റ്റേഷനിലും തനിക്കെതിരെ രാഷ്ട്രീയ പ്രേരിത കേസെടുത്തിട്ടുണ്ട്.

കൃപേഷ്, ശരത് ലാൽ വധക്കേസിൽ പ്രതികൾക്കെതിരെ ശബ്ദമുയർത്തിയതിനുശേഷമായിരുന്നു കൂടുതൽ കേസെടുത്തത്. ആ കൂട്ടത്തിൽ ഒരെണ്ണം കൂടുതൽ വന്നുവെന്നു മാത്രമേ വരുന്നുള്ളൂ.

രാവിലെ മുതൽ വൈകിട്ട് വരെയുണ്ടായിരുന്ന സമരത്തിൽ ഇടക്കിടെ വന്നു പോയ ആളുകൾക്കെതിരെവരെ കേസെടുത്തിരിക്കുകയാണ്. തന്നോടുള്ള വിരോധം തീർക്കാൻ മറ്റുള്ളവർക്കെതിരെ കേസെടുത്തതും ജനാധിപത്യ മര്യാദയുടെ ലംഘനമാണ്.

സമരം ചെയ്തത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയല്ല. നാടിൻറെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയായിരുന്നുവെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Advertisment