ഉമ്മന്‍ചാണ്ടി വന്നാല്‍ മന്ത്രി എം.എം.മണിയുടെ ബൂത്തിലും യു.ഡി.എഫ്‌ ലീഡ്‌ ചെയ്യുമെന്ന്‌ ഇബ്രാഹിംകുട്ടി കല്ലാര്‍

സാബു മാത്യു
Thursday, March 14, 2019

ഇടുക്കി:  ഉമ്മന്‍ചാണ്ടി വന്നാല്‍ കാണിച്ചുകൊടുക്കാമെന്ന്‌ വീമ്പിളക്കുന്ന മന്ത്രി എം.എം.മണി അങ്ങനെ സംഭവിച്ചാല്‍ സ്വന്തം വീടിരിക്കുന്ന ബൂത്തിലും യു.ഡി.എഫ്‌ ലീഡ്‌ ചെയ്യുമെന്ന കാര്യം വിസ്‌മരിക്കരുതെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

സ്വന്തം പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാവായ മുന്‍മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മൂന്നാറില്‍ കൈയ്യേറ്റമൊഴിപ്പിക്കാന്‍ വന്നാല്‍ അദ്ദേഹത്തിന്റെ കാലു വെട്ടുമെന്നു പറഞ്ഞ എം.എം.മണി ഇതല്ല ഇതിലപ്പുറവും പറഞ്ഞാലും ജനങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യമറിയാം. ഇപ്പോള്‍ തന്നെ എം.എം.മണിയുടെ പഞ്ചായത്ത്‌ യു.ഡി.എഫാണ്‌ ഭരിക്കുന്നതെന്നും വെറും 1109 വോട്ട്‌ വ്യത്യാസത്തിനു മാത്രമാണ്‌ വിജയിച്ചതെന്നും മന്ത്രി മറക്കരുത്‌.

ഇടുക്കിജില്ലക്കാരെ ഏറ്റവുമധികം ദ്രോഹിച്ച മുഖ്യമന്ത്രിയാരാണെന്ന്‌ നാട്ടുകാര്‍ക്കറിയാമെന്നും കര്‍ഷക താല്‍പ്പര്യങ്ങള്‍ ചവിട്ടിയരച്ച്‌ റിക്കാര്‍ഡിട്ടത്‌ എല്‍.ഡി.എഫാണെന്നും അദ്ദേഹം ആരോപിച്ചു.

എല്‍.ഡി.എഫ്‌ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആരോപണവിധേയരായവര്‍ ജോയ്‌സ്‌ ജോര്‍ജും പി.വി. അന്‍വറുമാണ്‌. അവര്‍ക്ക്‌ വേണ്ടിയാണ്‌ ഉമ്മന്‍ചാണ്ടിയെ പോലൊരു മുന്‍മുഖ്യമന്ത്രിയെ പുലഭ്യം പറയുന്നതെങ്കില്‍ തിരഞ്ഞെടുപ്പിന്‌ ശേഷം മന്ത്രിയ്‌ക്ക്‌ അത്‌ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

×